പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍; ഒരു വീട് പൂർണമായും തകർന്നു, ഭാര്യയും ഭര്‍ത്താവും ഓടി രക്ഷപ്പെട്ടു
കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിലെ നാരങ്ങാനത്ത് ഉരുള്‍പൊട്ടല്‍. അപകടത്തില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. നാരാങ്ങാനം പഞ്ചായത്ത് 14ാം വാർഡിൽ വാഴത്തോപ്പിൽ വിശ്വനാഥന്റെ വീടാണ് പൂർണമായും തകർന്നത്. ആളപായമില്ല. വീടിന് പിറക് വശത്തെ ഭാഗത്തെ മലയില്‍ നിന്നും പാറയും മണ്ണും അടര്‍ന്ന് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
വിശ്വാനാഥനും ഭാര്യ വനജയും മാത്രമായിരുന്നു അപകടസമയത്ത് വീട്ടിലൂണ്ടായിരുന്നത്. വെള്ളം കുത്തിയൊലിച്ചു വരുന്നത് കണ്ട് വിശ്വാനാഥനും വനജയും വീടിന് പുറത്തേക്ക് ഒടുകയായിരുന്നു. പിന്നാലെ പാറയും മണ്ണും വന്ന് വീടിനു മുകളിൽ പതിക്കുകയായിരുന്നു. സമീപത്തെ 4 വീടുകളും അപകട ഭീഷണിയിലാണ്.

അതേസമയം, കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ഏഴു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 56 പുരുഷന്മാരും 43 സ്ത്രീകളും 13 ആണ്‍കുട്ടികളും, 11 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പടെ അഞ്ചുപേരാണുള്ളത്.












Click it and Unblock the Notifications