കുഞ്ഞ് നുമയുടെ ഉമ്മയ്ക്കരികില്‍ ദിവ്യ എസ് അയ്യര്‍, കണ്ണുകള്‍ നിറഞ്ഞു, വാക്കുകള്‍ ഇടറി
പത്തനംതിട്ട: കണ്ണൂര്‍ പേരാവൂരില്‍ പ്രകൃതിക്ഷോഭത്തില്‍ മരിച്ച രണ്ടര വയസുകാരി നുമ മോളെ ആരും മറന്നുകാണില്ല. കണ്ണീരോടെയാണ് നുമ മോള്‍ക്ക് കേരളം വിടപറഞ്ഞത്. ഇപ്പോള്‍ നുമ മോളുടെ ഉമ്മയെ കാണാന്‍ പത്തനംതിട്ട കളക്ടറെത്തിയിരിക്കുകയാണ്. പത്തനംതിട്ട കോന്നി കുമ്മണ്ണൂരിലെ വീട്ടിലെത്തിയാണ് നാദിറയെ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കണ്ടത്. നിറഞ്ഞ കണ്ണോടെയാണ് കലക്ടര്‍ നാദിറയുടെ വീട്ടില്‍ നിന്ന് തിരിച്ചത്. മകളെ നഷ്ടപ്പെട്ട അപകടത്തെക്കുറിച്ച് കണ്ണീരോടെ നാദിറ പറഞ്ഞപ്പോള്‍ കലക്ടറുടെ കണ്ണുകളും നിറഞ്ഞു. നാദിറയെ ചേര്‍ത്ത് പിടിച്ച് കലക്ടര്‍ ആശ്വസിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ഉരുള്‍പൊട്ടലില്‍ നുമയുടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇവര്‍ താമസിക്കുന്ന ആരോഗ്യവകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സില്‍ തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് മലവെള്ളം കയറിയത്. കണിച്ചാര്‍ നെടുമ്പുറം ചാലില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നാണ് വെള്ളപ്പാച്ചില്‍ ഉണ്ടായത്. കുഞ്ഞിനെയുംകൊണ്ട് അമ്മ നദീറ പുറത്തേക്കോടിയെങ്കിലും മരക്കമ്പ് കൈയിലിടിച്ച് കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട നദീറ തെങ്ങില്‍ തട്ടിനിന്നാണ് രക്ഷപ്പെട്ടത്.

അതേസമയം, കേരളത്തില്‍ ഇപ്പോഴും മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ട് നാളെ തുറക്കും. കുറച്ചു വെള്ളം മാത്രം തുറന്നു വിടും എന്നാണു മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചത്. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ആണ് തീരുമാനം. രാവിലെ പത്തു മണിക്ക് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 50 ക്യുമെക്‌സ് വെള്ളം ആയിരിക്കും തുറന്നു വിടുക.

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് 12 മണിക്ക് 70രാ നിന്നും 60രാ ആയി താഴ്ത്തിയിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. മധ്യ, വടക്കന്‍ കേരളത്തില്‍ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ആണുള്ളത്.

നാളെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് റെഡ് അലര്‍ട്ടില്‍ ആണ്. ഇടുക്കി ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി ഇന്ന് രാവിലെ 7.30 മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.അതേ സമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ് ഉള്ളത്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.05 അടിയായി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതയിലാണ്.












Click it and Unblock the Notifications