പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കാല രോഗങ്ങള്‍ പടരുന്നു: പകൃതി ദുരന്തങ്ങളുടെ കാലം... വേണം, മുന്‍കരുതലുകള്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തില്‍ കാലവര്‍ഷം കലിതുള്ളിയെത്തി കഴിഞ്ഞിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇടിമിന്നലും കാറ്റും കാലവര്‍ഷത്തെ കൂടുതല്‍ വിനാശകാരിയാക്കി മാറ്റിയിട്ടുണ്ട്. മഴക്കാലം പ്രകൃതി ദുരന്തങ്ങളുടെ കാലം കൂടിയാണ്. ഒപ്പം രോഗങ്ങളും മറനീക്കി പുറത്തുവന്നു തുടങ്ങി. ഒന്നു ശ്രദ്ധിച്ചാല്‍ മഴക്കാല ആരോഗ്യപ്രശ്‌നങ്ങളെ തടയാനാവും. മഴക്കാല ആരോഗ്യപ്രശ്‌നങ്ങളെ രോഗങ്ങള്‍ എന്നും അപകടങ്ങള്‍ എന്നും രണ്ടായി തിരിക്കാം.

Monsoon

മഴക്കാല രോഗങ്ങള്‍

മഴക്കാലരോഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുക ജലദോഷവും പനിയുമാണ്. സാധാരണയായി കണ്ടുവരുന്ന വൈറല്‍ പനി മുതല്‍ എലിപ്പനി, ഡെങ്കിപ്പനി മുതലായ മാരകമായ വകഭേദങ്ങളും പനിക്കുണ്ട്. ഇതിനോടകംതന്നെ ജില്ലയില്‍ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, പനി, വിശപ്പില്ലായ്മ അഥവാ വായ്ക്ക് അരുചി, ക്ഷീണം എന്നിവയൊക്കെയാണ് വൈറല്‍ പനിയുടെ പൊതുവിലുള്ള ലക്ഷണങ്ങള്‍. രോഗാണു വൈറസ് ആയതിനാല്‍ ഇത് വളരെ വേഗം മറ്റുള്ളവരിലേക്ക് പകരും.

സാധാരണ പ്രത്യേകം മരുന്നുകള്‍ ഒന്നും കൂടാതെ ഒരാഴ്ചകൊണ്ട് ഈ അവസ്ഥകള്‍ മാറുന്നതാണ്. പൂര്‍ണവിശ്രമം എടുക്കുക, ആവിപിടിക്കുക, പനിയുള്ളപ്പോള്‍ നെറ്റിയില്‍ തുണി നനച്ചിടുക, നനഞ്ഞ തുണി ഉപയോഗിച്ച് ദേഹം തുടയ്ക്കുക, തണുപ്പടിക്കാതെ സൂക്ഷിക്കുക എന്നിവയാണ് പനിയും ജലദോഷവും വന്നാല്‍ ചെയ്യേണ്ടത്.

ചൂടുള്ളതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണം. ചൂടുകഞ്ഞി നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തിട്ടും രോഗലക്ഷണങ്ങള്‍ കുറയാതിരിക്കുകയോ പനി കൂടുകയോ മറ്റെന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ (കണ്ണിനു കടുത്ത ചുവപ്പു നിറം, മഞ്ഞ നിറം, മൂത്രത്തി ന്റെ അളവ് കുറയുക, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, കടുത്ത ക്ഷീണം, വിട്ടുമാറാത്ത വയറിളക്കം മുതലായവ) കാണുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം. ഇത് പനിയുടെ തന്നെ മറ്റേതെങ്കിലും മാരകമായ വകഭേദമാകാന്‍ സാധ്യതയുണ്ട്.

ഭക്ഷണ പാനീയങ്ങളും സൂക്ഷിക്കണം

മഴക്കാലത്ത് ഭക്ഷണപാനീയങ്ങളിലൂടെയും രോഗം പകരും. വയറുകടിയും വയറിളക്കവുമാണ് ഇവയില്‍ മുഖ്യം. വേനല്‍ കാലത്ത് ജലത്തിന്റെ ദൗര്‍ലഭ്യമാണ് വയറിളക്കത്തിന് കാരണമെങ്കില്‍, മഴക്കാലത്ത് വെള്ളത്തില്‍ ധാരാളം മാലിന്യങ്ങള്‍ കലരുന്നതാണ് രോഗകാരണം.

കിണറുകളിലെയും മറ്റും വെള്ളം കക്കൂസ്, ഓടകള്‍, മറ്റ് മലിനജലസ്രോതസുകള്‍ എന്നിവയില്‍നിന്നുള്ള വെള്ളം അരിച്ചിറങ്ങി മലിനമാകുന്നതും, പഴകി തുരുമ്പിച്ച പൈപ്പുകളിലെ ചെറിയ സുഷിരത്തില്‍ക്കൂടി മലിനജലം പൈപ്പുവെള്ളത്തില്‍ കലരുന്നതും രോഗാണുക്കളെ മനുഷ്യശരീരത്തിലേക്ക് വളരെ വേഗം ആവാഹിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ മഴക്കാലത്ത് നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

പാചകത്തിനും മറ്റും ശുദ്ധജലം ഉപയോഗിക്കുക എന്നീ മാര്‍ഗങ്ങള്‍ മാത്രമേ ജലജന്യരോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കൂ. വീട്ടില്‍ വൃത്തിയുള്ള സാഹചര്യത്തില്‍ ഉണ്ടാക്കിയ ഭക്ഷണം ചൂടോടെ കഴിക്കുക, ഭക്ഷണപാനീയങ്ങള്‍ അടച്ചു സൂക്ഷിക്കുക, ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുകയോ, നിവര്‍ത്തിയില്ലാതെ വന്നാല്‍ വൃത്തിയുള്ള ഹോട്ടലുകളില്‍ നിന്നു മാത്രം കഴിക്കുകയോ ചെയ്യുക എന്നതും വയറിളക്കം തടയാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനമാണ്.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വൃത്തിയുള്ള വാട്ടര്‍ ബോട്ടിലില്‍ തിളപ്പിച്ചാറിയ വെള്ളമോ, ചുക്കുവെള്ളമോ ജീരകവെള്ളമോ കൊടുത്തയ്ക്കണം. തിളപ്പിച്ചാറ്റിയവെള്ളം എന്നു പറയുമ്പോള്‍ ചില ഹോട്ടലുകളില്‍ ചെയ്യുന്നതുപോലെ നല്ല തിളച്ച വെള്ളം ഒരു ഗ്ലാസിന്റെ പകുതിയെടുത്ത് അത് തണുപ്പിക്കാന്‍ പച്ചവെള്ളം ഒഴിക്കുന്ന രീതികൊണ്ട് ഫലമില്ല. രോഗാണുക്കള്‍ നശിക്കണമെങ്കില്‍ വെള്ളം തിളച്ചു തുടങ്ങിയ ശേഷം നന്നായി പത്തു മിനിട്ടെങ്കിലും തിളച്ചിരിക്കണം.

English summary
Pathanamthitta Local News about Monsoon diseases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X