ഗവിക്കെന്തിനാണ് ഇത്ര അവഗണന..? ഗവി ഇന്ന് യാത്രാ ദുരിതം വിളിച്ചോതുന്ന ഗവിയായി മാറി, റോഡ് പേരിനുമാത്രം
പത്തനംതിട്ട : ഓര്‍ഡിനറി സിനിമയില്‍ കണ്ട ഗവിയല്ല ഇപ്പോള്‍. അതുക്കും താഴെ. സഞ്ചാര മേഖലയുടെ എണ്ണമെടുക്കുമ്പോള്‍ തലപ്പൊക്കത്തില്‍ നിന്ന ഗവി ഇന്ന് യാത്രാ ദുരിതം വിളിച്ചോതുന്ന ഗവിയായി മാറി. സ്വദേശി വിദേശി വ്യത്യാസമില്ലാതെ സഞ്ചാരികളുടെ ലിസ്റ്റിലെ ആകര്‍ഷണ കേന്ദ്രമായ ഗവി ഇന്നും അവഗണനയുടെ വക്കിലാണ്. ഗവിയിലേയ്ക്കുള്ള റോഡ് താറു മാറായി കാലങ്ങള്‍ പിന്നിടുമ്പോഴും ഈ ദുരവസ്ഥ വിളിച്ചു പറഞ്ഞ് ഉദ്യോഗസ്ഥാര്‍ക്കു മുന്നില്‍ എത്തിയിരിക്കുന്ന ഫയലുകള്‍ ചുവപ്പു നാടയില്‍ ഭദ്രമായി ഉറങ്ങുകയാണ്.
പ്രളയം കൂടി വന്നതോടെ റോഡ് പേരിനുമാത്രമായി. റോഡിന്റെ പലസ്ഥലങ്ങളിലും വലിയ പാറക്കഷ്ണങ്ങള്‍ രൂപപ്പെട്ട് സഞ്ചാര യോഗ്യമല്ലാതായി തീര്‍ന്നു. ആങ്ങമൂഴിയില്‍ നിന്നും ഗവിയിലേക്ക് പോകുന്ന 75 കിലോ മീറ്റര്‍ ദൂരത്തിലുള്ള റോഡ് പലഭാഗത്തും ഇടിഞ്ഞ് താണ് കിടക്കുകയാണ്. ഒരു വാഹനത്തിന് കഷ്ടിച്ച് പേകാനുള്ള വീതി മാത്രമാണുള്ളത്.
വന നിയമങ്ങള്‍ കാരണം റോഡ് വികസനവും സാധ്യമല്ലാത്ത അവസ്ഥയിലാണ്. ഇരു വശങ്ങളിലുമുള്ള വൃക്ഷങ്ങള്‍ കടപുഴകി റോഡിലേയ്ക്ക് വീഴാറായ അവസ്ഥയില്‍ നില്‍ക്കുന്നത് സഞ്ചാരികളെ ഭയപ്പെടുത്തുന്നുണ്ട്. ആങ്ങമൂഴിയില്‍ നിന്ന് വനത്തിലേയ്ക്കുള്ള യാത്ര ആരംഭിക്കുമ്പോള്‍ തന്നെ റോഡ് വിണ്ടു കീറിയ അവസ്ഥയിലാണ്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.മൂഴിയാര്‍, കാറ്റാടികുന്ന്, കക്കി ഭാഗങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് റോഡരിക് തകര്‍ന്ന് അപകടാവസ്ഥിലാണ്.
മൂഴിയാര്‍ മുണ്ടന്‍പാറ ഭാഗത്ത് 14 കിലോമീറ്ററോളമാണ് റോഡ് ഒലിച്ച് പോയിരിക്കുന്നത്. പ്രളയത്തിനു ശേഷം നടത്തേണ്ട പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇവിടെ ആരംഭിച്ചിട്ടില്ല. മീനാര്‍ ഡാമിനടുത്തായി റോഡ് നന്നാക്കുന്നതിനായുള്ള രണ്ട് മൂന്ന് മെറ്റില്‍ കൂനകള്‍ മാത്ര കാണാം. ഇത് ഇവിടെ സ്ഥാനം പിടിച്ചിട്ട് നാളുകളായെന്ന് ലയങ്ങളില്‍ താമസിക്കുന്നവര്‍ പറയുന്നു. പ്രളയത്തില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും ഗവിക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കയായിരുന്നു.
പത്തനംതിട്ട നിന്നും ഗവി വഴി കുമളിക്ക് രണ്ട് ബസുകളാണ് ഉള്ളത്. രാവിലെ 6.30 ന് പത്തനംതിട്ട നിന്നും പുറെപടുന്ന ബസ് ഉച്ചക്ക് 1.30 ന് ഗവിയില്‍ നിന്നും തിരിക്കും. ഉച്ചക്ക് 12.30 നാണ് അടുത്ത ബസ് പത്തനംതിട്ട നിന്നും ഗവി വഴി കുമളിക്കുള്ളത്. ഇത് അടുത്ത ദിവസം രാവിലെ മാത്രമേ ഗവിയില്‍ നിന്നുംപത്തനംതിട്ടയ്ക്ക് പുറപ്പെടുകയുള്ളു.താല്‍ക്കാലിക അറ്റകുറ്റപണി നടത്തിയാണ് അടുത്തിടെ സര്‍വീസ് പുനരാരംഭിച്ചത്. മഴപെയ്താല്‍ വീണ്ടും ഇതുവഴിയുള്ള യാത്ര അസാധ്യമാകും.
അടുത്ത സമയത്ത് കേന്ദ്രത്തിന്റെ സ്വദേശിദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറച്ചു ഭാഗം ടാര്‍ ചെയ്തിട്ടുണ്ടെങ്കിലും അത് സഞ്ചാരികളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രം. ആനത്തോട്, പച്ചക്കാനം,കൊചുപമ്പ ഭാഗങ്ങളില്‍ റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.തകര്‍ന്ന റോഡില്‍ കൂടി കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നത് ബുദ്ധിമുട്ടിയാണ്. മിക്ക ദിവസവും ബസിന് തകരാര്‍ സംഭവിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. വനത്തിനുള്ളില്‍ വെച്ച് ബസിന് തകരാര്‍ സംഭവിച്ചാല്‍ നന്നാക്കി യാത്ര തുടരുക എന്നതും ദുഷ്‌കരമാണ്.
മൂഴിയാര്‍ കഴിഞ്ഞാല്‍ പിന്നെ ബന്ധപ്പെടാന്‍ വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ പോലുമില്ല. കുമളിയില്‍ നിന്നും വണ്ടിപെരിയാര്‍ വഴി ഗവിയിലേക്ക് വരുന്ന ഭാഗവും നിശേഷം തകര്‍ന്നു കിടക്കയാണ്. തേക്കടി പരുന്തുംപാറ,വാഗമണ്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ വണ്ടിപെരിയാര്‍ വഴി ഗവിയില്‍ എത്താറുണ്ട്. വരുന്ന മാസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അവധിക്കാലം തുടങ്ങുന്നതോടെ നിരവധി ആളുകള്‍ ഗവിയിലേയ്ക്ക് എത്തും. എന്നാല്‍ ഇവരെയെല്ലാം കാത്തിരിക്കുന്നത് കുണ്ടും കുഴികളുംനിരഞ്ഞ് തകര്‍ന്നു കിടക്കുന്ന ഗവി പാതകളാണ്.