• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലക്ഷ്യം കണ്ട് സ്വീപ്; ചരിത്രം കുറിച്ച് പത്തനംതിട്ടയിലെ പോളിങ് ശതമാനം...

  • By Desk

പത്തനംതിട്ട: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ ഏറെ ശ്രദ്ധേയമായത് സ്വീപിന്റെ നേതൃത്വത്തിൽ നടന്ന വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾ. ബൂത്തിലെത്താൻ മടികാണിച്ചിരുന്നവരുടെ മണ്ഡലം എന്ന പേര് മാറ്റി, മുഖ്യധാരയിലേക്ക് പത്തനംതിട്ടയെയും കൈപിടിച്ചുയർത്തിയത് ജില്ലാ കളക്ടർ പി.ബി. നൂഹ്, സ്വീപ്പ് നോഡൽ ഓഫീസർ കെ.കെ. വിമൽരാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വിജയകരമായ ബോധവത്കരണ പ്രവർത്തനങ്ങൾ കൊണ്ടുകൂടിയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് അമ്മയോടൊപ്പം താമസിക്കാത്തത്; കാരണം ഇങ്ങനെ...

'നമ്മുടെ ഭാവി നമ്മുടെ വിരൽത്തുമ്പിൽ' എന്ന സ്വീപ് ആപ്തവാക്യം ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് തെളിയിക്കുന്നതാണ് വോട്ടിംഗ് നില. വോട്ടിംഗ് ശതമാനത്തിൽ എന്നും പിന്നിൽ നിൽക്കുന്ന ജില്ലയായിരുന്നു പത്തനംതിട്ട. 60 ശതമാനം പോളിംഗ് പോലും നടക്കാത്ത ബൂത്തുകൾതന്നെ നിരവധി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 41 ബൂത്തുകളാണ് 60 ശതമാനം തികയ്ക്കാതിരുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി പിന്നെയും മോശമായി.

92 ബൂത്തുകളിൽ പോളിംഗ് 60 ശതമാനത്തിന് തഴെയായി. ഇതോടെയാണ് ബോധവത്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായത്. അതോടെ പോളിംഗ് ശതമാനവും കുതിച്ചുകയറി. വ്യക്തമായ ആക്ഷൻ പ്ലാനോടെയായിരുന്നു ഇത്തവണ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രധാന നോഡൽ ഒഫീസറുടെ കീഴിൽ, ഓരോ നിയമസഭാ മണ്ഡലത്തിനും ഓരോ നോഡൽ ഓഫീസറെ നിയോഗിച്ചു.

ഡെപ്യൂട്ടി തഹസിൽദാർമാരായ സാം പി. തോമസ് (ആറന്മുള), എൻ.വി. സന്തോഷ് (റാന്നി), സജീവ് കുമാർ (കോന്നി), അജയകുമാർ (അടൂർ), ജൂനിയർ സൂപ്രണ്ട് ബിനു ഗോപാലകൃഷ്ണൻ (തിരുവല്ല) എന്നിവരും കർമ്മ നിരതരായി രംഗത്തുണ്ടായിരുന്നു. ചലച്ചിത്രതാരം കൈലാഷ് സ്വീപ്പ് വോട്ടർ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആയതോടെ യുവാക്കളുടെയും സിനിമാ സ്‌നേഹികളുടെയും സജീവ ശ്രദ്ധ നേടിയെടുക്കാനായി.

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന സാന്ദ്രയെന്ന കൊച്ചുമിടുക്കിയെ ഭിന്നശേഷി വിഭാഗക്കാരുടെ തെരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറായി കണ്ടെത്താൻ കഴിഞ്ഞതും ഏറെ പ്രശംസിക്കപ്പെട്ടു. ഇതിനു പുറമേ കാമ്പസുകളിലും അംബാസഡർമാരെ നിയോഗിച്ചത് സ്വീപ് പ്രവർത്തനങ്ങൾക്ക് ചടുലത നൽകി. സിനിമസീരിയൽ താരം രേണു സൗധർ അടൂർ എസ്എൻഐറ്റി കോളജിലും കടമ്മനിട്ട മൗണ്ട് സിയോൻ എൻജിനീയറിംഗ് കോളജിലും നടന്ന വോട്ടർ ബോധവത്ക്കരണ പരിപാടികളിൽ പങ്കെടുത്തു.

ഇവർക്കെല്ലാം കൃത്യമായ പരിശീലനം നൽകിയ ശേഷമാണ് ഉദ്ഘാടന പരിപാടിയിലേക്ക് കടന്നത്. സിനിമാതാരം കൈലാഷിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം, റാലി. ഒപ്പം സ്വീപിന്റെയും ഹരിത തെരഞ്ഞെടുപ്പിന്റെയും ലോഗോ പ്രകാശനവും. തുടർന്നങ്ങോട്ട് അണമുറിയാതുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ. ആദിവാസി കോളനികളിൽ ആദ്യം ബോധവത്കരണം ആരംഭിച്ചു. ചീഫ് ഇലക്ടറൽ ഓഫീസറായ ടിക്കാ റാം മീണ രചിച്ച വോട്ടർ ബോധവത്ക്കരണ തെരുവ് നാടകം ഗവി, മൂഴിയാർ, അരയാഞ്ഞിലിമൺ, അട്ടത്തോട് എന്നിവിടങ്ങളിൽ അവതരിപ്പിച്ചു.

പിന്നാലെ എല്ലാ പ്രധാനവകുപ്പുകളുടെയും തലവൻമാരുടെ യോഗം വിളിച്ചുചേർത്ത് സ്വീപ് പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പിച്ചു. എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി തുടങ്ങിയ വിഭാഗങ്ങളുടെ പിന്തുണയും സഹായവും ഉറപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു. ബോധവത്കരണത്തിനായി ബസുകളിലും കാറുകളിലും ഓട്ടോറിക്ഷകളിലും സ്റ്റിക്കർ പതിപ്പിക്കുന്നതായിരുന്നു അടുത്ത പരിപാടി. പൊതുജനങ്ങളുടെ കണ്ണിൽ പെട്ടെന്ന് സന്ദേശമെത്തിക്കാൻ ഇതിലൂടെ കഴിഞ്ഞു.

ഇതോടെ പോലീസ് വാഹനങ്ങൾ അടക്കമുള്ള ഔദ്യോഗിക വാഹനങ്ങളിലും ബോധവത്കരണ സന്ദേശങ്ങൾ ഇടംപിടിച്ചു. തുടർന്ന് പത്തനംതിട്ട കളക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം ഏറെ ശ്രദ്ധയാകർഷിച്ചു. കളക്ടർ ഫ്‌ളാഗ് ഓഫ് ചെയ്ത ഈ റാലിയും കൂട്ടയോട്ടവും യുവജനപങ്കാളിത്തത്താൽ സമ്പന്നമായി. ഇതേതുടർന്ന് കൂട്ടയോട്ടവും റാലിയും മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. തിരുവല്ലയിൽ ഇതിനൊപ്പം സൂംബ ഡാൻസ് സംഘടിപ്പിച്ചത് വ്യത്യസ്ഥയുള്ള അനുഭവമായി.

കളക്ടറും നിരീക്ഷകരുമൊക്കെ ഈ ഡാൻസിന്റെ ഭാഗഭാക്കായത് സ്വീപ്പ് വോട്ടർ ബോധവത്ക്കരണ പ്രവർത്തനത്തിന് കൂടുതൽ പ്രചാരം ലഭിക്കുന്നതിന് സഹായകമായി. ചിത്രരചനാ മത്സരങ്ങളായിരുന്നു മറ്റൊരു മാർഗം. മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം വെവ്വേറെ മത്സരങ്ങൾ ജില്ലയുടെ പലഭാഗത്തായി സംഘടിപ്പിക്കപ്പെട്ടു. തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ, ജനങ്ങൾ കൂടുതൽ കേന്ദ്രീകരിക്കുന്ന സമയംനോക്കി തെരുവുനാടകങ്ങളും ഫ്‌ളാഷ്‌മോബുകളും സംഘടിപ്പിച്ചതും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത വോട്ടർമാരിൽ അരക്കിട്ടുറപ്പിക്കാൻ സഹായകമായി.

കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലും പ്രത്യേക ശ്രദ്ധയൂന്നിയതായി സ്വീപ്പ് നോഡൽ ഓഫീസറും അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുമായ കെ.കെ. വിമൽരാജ് പറഞ്ഞു. തങ്ങളുടെ മാതാപിതാക്കളേയും ബന്ധുക്കളെയും വോട്ട് ചെയ്യാൻ നിർബന്ധിപ്പിക്കുമെന്ന് സ്കൂൾ കുട്ടികൾ കൂട്ടത്തോടെ പ്രതിജ്ഞയെടുത്തു. ഇതിനായി സ്വന്തംഭവനങ്ങളിൽ അവർ ശ്രമിക്കുന്നുെന്നന്ന് തുടർച്ചയായി ഉറപ്പുവരുത്താനും സ്വീപ് ടീം അംഗങ്ങൾ ശ്രദ്ധിച്ചിരുന്നു.

ഭിന്നശേഷി വിഭാഗക്കാർക്കായി പ്രത്യേക സെമിനാറുകൾ തന്നെ സംഘടിപ്പിച്ചു. അവരെയും ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമാക്കുകയും ചെയ്തു. ഇത് വോട്ട് ചെയ്ത ഭിന്നശേഷി വിഭാഗക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാക്കാൻ സഹായകമായി. വൃദ്ധസദനങ്ങളിലും ഇത്തവണ പ്രത്യേകം ശ്രദ്ധവച്ചു. ആറ് വൃദ്ധസദനങ്ങളിലാണ് ബോധവത്കരണ പ്രവർത്തനങ്ങളുമായി സ്വീപ് എത്തിയത്. 270 ൽപരം മാതാപിതാക്കളാണ് ഈ പ്രവർത്തനങ്ങളിൽ സജീവമായത്.

ഇതോടൊപ്പം എല്ലാ മണ്ഡലങ്ങളിലും പരമാവധി സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും പരിചയപ്പെടുത്തുകയും ചെയ്തു. കോളജുകളിൽ മോക്‌പോളുകൾ സംഘടിപ്പിച്ചത് യുവാക്കളിൽ ഹരംകൂട്ടി. സഞ്ചരിക്കുന്ന 'വോട്ടുവണ്ടിക്ക് ഹൃദ്യമായ സ്വീകരണമാണ് ജില്ലയിലുടനീളം ലഭിച്ചത്. കാമ്പസുകൾ കേന്ദ്രീകരിച്ച് വൻതോതിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നു. ലൈവ് റേഡിയോ ഷോകളും പ്രതിദിനമുള്ള വോട്ടർ ക്വിസ് മത്സരങ്ങളും ബോധവത്കരണപ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടിയതായും നോഡൽ ഓഫീസർ വിമൽരാജ് പറഞ്ഞു.

വോട്ടർ ബോധവത്ക്കരണത്തിന്റെ ഭാഗമായി സജ്ജമാക്കിയ വോട്ട് സ്മാർട്ട് ആപ്പിലൂടെയായിരുന്നു പ്രതിദിനമുള്ള ക്വിസ് മത്സരം. പ്രതിദിനം ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും വിജയികൾക്ക് നൽകി. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിംഗ് ശതമാനം പ്രവചിക്കുന്നവർക്ക് 25000 രൂപയാണ് സമ്മാനം. ഈ അക്ഷീണ പ്രവർത്തനങ്ങളുടെ ഫലം വോട്ടിംഗ് ശതമാനത്തിൽ പ്രതിഫലിച്ചതിലുള്ള സന്തോഷത്തിലാണ് കളക്ടർ പി.ബി. നൂഹ്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച സ്വീപ് ടീമംഗങ്ങളെ കളക്ടർ അഭിനന്ദിച്ചു.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണയുണ്ടായത് റെക്കോഡ് പോളിംഗും വോട്ടിംഗ് ശതമാനവും. മണ്ഡല ചരിത്രത്തിൽ ആദ്യമായാണ് വോട്ടിംഗ് ശതമാനം 70 കടക്കുന്നത്. വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കടക്കുന്നതും ഇത് ആദ്യം. 74.19 ശതമാനമാണ് ഇത്തവണത്തെ വോട്ടിംഗ് ശതമാനം. ആകെയുള്ള 13,78,587 പേരിൽ 10,22,763 പേർ വോട്ട് ചെയ്യുകയും ചെയ്തു.

പോളിംഗ് ശതമാനം കൂടുതൽ കാഞ്ഞിരപ്പള്ളിയിലും കുറവ് റാന്നിയിലുമാണ്. കാഞ്ഞിരപ്പള്ളിയിൽ ആകെയുള്ള 178708 വോട്ടർമാരിൽ 139316 പേരും വോട്ട് ചെയ്‌തോടെ ശതമാനം 77.96 ൽ എത്തി. റാന്നിയിൽ 70.63 വോട്ടിംഗ് ശതമാനം. ഇവിടെ ആകെയുള്ള 190664 പേരിൽ 134659 പേർ വോട്ട് ചെയ്തു. പൂഞ്ഞാറിലും 77 ശതമാനത്തിന് മുകളിൽ വോട്ടിംഗ് നടന്നു. 77.27 ആണ് ഇവിടത്തെ ശതമാനം. 178735 വോട്ടർമാരിൽ 138101 പേർ വോട്ട് ചെയ്തു.

പത്തനംതിട്ട ജില്ലയിൽ ശതമാനത്തിൽ മുന്നിൽ അടൂരാണ്. 76.71ശതമാനം. 202959 വോട്ടർമാരിൽ 155682 പേർ വോട്ട് ചെയ്തു. ഏറ്റവും അധികം വോട്ടർമാരുള്ള മണ്ഡലമായ ആറന്മുളയിൽ 72 ശതമാനം പോളിംഗേ നടന്നിട്ടുള്ളൂ. അതേസമയം ഏറ്റവും ആധികംപേർ വോട്ട് ചെയ്ത മണ്ഡലമെന്ന ബഹുമതി ആറന്മുളയ്ക്കാണ്. 227770 വോട്ടർമാരുള്ള ഈ മണ്ഡലത്തിൽനിന്നും 163996 പേരാണ് പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. അടൂരിനെ മാറ്റി നിർത്തിയാൽ മറ്റൊരു മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം ഒന്നരലക്ഷത്തിൽ എത്തിച്ചേർന്നിട്ടില്ല.

ആകെ 205046 വോട്ടർമാരുള്ള തിരുവല്ലയിൽ 146460 പേർ വോട്ട് ചെയ്തു. 71.43 ശതമാനം. കോന്നിയിൽ 74.24 ശതമാനംപേർ വോട്ട് ചെയ്തു. 194705 വോട്ടർമാരിൽ 144549 പേരാണ് വോട്ട് ചെയ്യാൻ എത്തിയത്.

English summary
Sweep's aim completed in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more