ഇടത് തരംഗമുണ്ടായിട്ടും തദ്ദേശത്തില്‍ മുന്നില്‍ യുഡിഎഫ്; വീണയെ വീഴ്ത്തുമോ ശിവദാസന്‍ നായര്‍
പത്തനംതിട്ട: 1991 മുതല്‍ ഒരു മുന്നണിക്കും വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ മണ്ഡലമാണ് ആറന്‍മുള. ആ ചരിത്രം ഇത്തവണ വീണ ജോര്‍ജിലൂടെ തിരുത്താന്‍ സിപിഎം ഒരുങ്ങുമ്പോള്‍ എന്ത് വില കൊടുത്തും മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരാണ് ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടുന്നത്. ബിജി മാത്യുവിനെ രംഗത്തിറക്കി ബിജെപിയും ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് ഇറങ്ങിയതോടെ ത്രികോണ മത്സരത്തിന്‍റെ പ്രതീതിയാണ് മണ്ഡലത്തിലുള്ളത്. വീണ ജോര്‍ജിന്‍റെ ജനപ്രീതിയില്‍ എല്‍ഡിഎഫ് പ്രതീക്ഷ വെക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിയതെങ്കിലും മേല്‍ക്കൈ നേടിയതാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

ശിവദാസന്‍ നായരും വീണ ജോര്‍ജും
2016 ലും മണ്ഡലത്തില്‍ കെ ശിവദാസന്‍ നായരും വീണ ജോര്‍ജും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ബിജെപി സ്ഥാനാര്‍ത്ഥിയായി എംടി രമേശ് കൂടി എത്തിയതോടെ അന്നും ത്രികോണ മത്സരത്തിന്‍റെ പ്രതീതി മണ്ഡലത്തിലുണ്ടായിരുന്നു. എന്നാല്‍ മത്സര ഫലം പുറത്ത് വന്നപ്പോള്‍ 7646 വോട്ടുകള്‍ നേടി വീണ ജോര്‍ജ് സിറ്റിങ് എംഎല്‍എയായ ശിവദാസന്‍ നായരെ പരാജയപ്പെടുത്തി.

കഴിഞ്ഞ തവണ
വീണ ജോര്‍ജിന് 64523 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശിവദാസന്‍ നായര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് 56877 വോട്ടായിരുന്നു. വോട്ട് വിഹിതം ഇരട്ടിയിലേറെ ഉയര്‍ത്തിയെങ്കിലം 37906 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമെ ബിജെപി സ്ഥാനാര്‍ത്ഥി എംടി രമേശിന് സാധിച്ചുള്ളു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

വീണ ജോര്‍ജിന്‍റെ ജനപ്രീതി
എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ സജീവമായിരുന്നു വീണ ജോര്‍ജിന്‍റെ ജനപ്രീതിയിലാണ് ഇടതുമുന്നണി ഇത്തവണയും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. മണ്ഡലത്തിലെ പ്രാധന വോട്ട് ബാങ്കായ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ് വീണ് ജോര്‍ജ്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തീകരിക്കാം എന്നതാണ് വീണ്ടും ജനവിധി തേടുന്ന വീണയുടെ പ്രധാന വാഗ്ദാനം.

കോണ്‍ഗ്രസിന് തിരിച്ചടിയായത്
അതേസമയം മുന്‍ എംഎല്‍എ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളും മണ്ഡലത്തിലുള്ള വിപുലമായ ബന്ധവും തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശിവദാസന്‍ നായര്‍. പരമ്പരാഗതമായി കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകളില്‍ വലിയൊരു വിഹിതം കഴിഞ്ഞ തവണ ബിജെപിയും എല്‍ഡിഎഫും പിടിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.

പ്രചാരണ വിഷയം
ഇതില്‍ ബിജെപിക്ക് പോയ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷ. ബിജെപിക്ക് വേണ്ടി ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി വന്നതും യുഡിഎഫ് അനുകൂലഘടകമായി കാണുന്നു. ആറന്മുളയിലെ വികസന പ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന്‍റെയും ശിവദാസന്‍ നായരുടേയും പ്രധാന പ്രചാരണ വിഷയം.

പരമ്പരാഗത മുന്നണി വോട്ടുകള്‍
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും നേടിയ വോട്ടുകള്‍ നിലനിര്‍ത്തുക എന്നുള്ളതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജി മാത്യുവിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. പരമ്പരാഗത മുന്നണി വോട്ടുകള്‍ കൂടാതെ വ്യക്തിബന്ധങ്ങളിലൂടെയുള്ള വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പഞ്ചായത്തുകള്‍
ഇരവിപേരൂര്‍ ,കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം, ഇലന്തൂര്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും ഉള്‍പ്പടെ ആകെ 12 പഞ്ചായത്തുകളും ഒരു നഗരസഭയമാണ് ആറന്‍മുള മണ്ഡലത്തിലുള്ളത്. പത്തനംതിട്ട നഗരസഭയും, ഇരവിപേരൂര്‍, മല്ലപ്പുഴശേരി, ചെന്നീര്‍ക്കര, മെഴുവേലി, നാരങ്ങാനം പഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഭരിക്കുന്നത്.

865 വോട്ടുകള്‍
കോഴഞ്ചേരി, ആറന്മുള, കോയിപ്രം, ഇലന്തൂര്‍, ഓമല്ലൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫും കുളനടയില്‍ ബിജെപിയും അധികാരത്തിലിരിക്കുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചപ്പോള്‍, ഇലന്തൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം എല്‍ഡിഎഫിനാണ്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ ആകെ വോട്ട് കണക്കില്‍ 865 വോട്ടിന്‍റെ മേല്‍ക്കൈ യുഡിഎഫിനുണ്ട്. ജില്ലയില്‍ ഇടത് തരംഗം ഉണ്ടായിട്ടും മണ്ഡലത്തില്‍ ഈ മേധാവിത്വം നേടാന്‍ സാധിച്ചതിലാണ് യുഡിഎഫ് പ്രതീക്ഷ.
വ്യത്യസ്ത ലുക്കില്‍ ആത്മിക; നടിയുടെ ചിത്രങ്ങള്‍ കാണാം