ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നെ വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ്: സന്തോഷമെന്ന് മന്ത്രി
പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപ് തന്നെ വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് സന്തോഷം നൽകുന്ന കാര്യമാണ് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇന്ത്യൻ റെയിൽവേയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ വന്ദേ ഭാരതിന് സ്വീകരണം നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ നിവാസികൾക്കും അതേപോലെതന്നെ രാജ്യത്തെ അയ്യപ്പ ഭക്തർക്കും വളരെയധികം പ്രയോജനപ്പെടുന്ന കാര്യമാണിത്. ഭൂമിയും കിടപ്പാടവുംനഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിക്കൊണ്ട് വേഗത കൂടിയ തീവണ്ടി സർവീസ് എന്നുള്ളതാണ് കേന്ദ്രഗവണ്മെന്റ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം പറഞ്ഞു
റെയിൽവേയുടെ ടൈംടേബിൾ റിവിഷൻ പൂർത്തിയാകുമ്പോൾ ഇപ്പോഴുള്ള ട്രെയിൻ സമയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആകും .കൂടുതൽ വന്ദേ ഭാരത് ട്രയിനുകൾ രാജ്യത്ത് അനുവദിക്കുമ്പോൾ കേരളത്തിന് അർഹമായ പരിഗണന ലഭിക്കും. ചെങ്ങന്നൂർ - പമ്പ പാത സർവ്വേ നടക്കുകയാണ്. പണ്ട് നൂറ്റാണ്ടുകൾ നീണ്ട സർവ്വേ ആണെങ്കിൽ മോദി ഗവണ്മെന്റ് വന്നതിനുശേഷം വർഷങ്ങൾക്കുള്ളിൽ പാത യാഥാർത്ഥ്യമാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും വി മുരളീധരൻ പറഞ്ഞു.

588 കിലോമീറ്ററോളം വരുന്ന വന്ദേ ഭാരതിന്റെ യാത്ര ദൂരം ഇപ്പോൾ ഏഴര മണിക്കൂർ കൊണ്ടാണ് ഓടിയെത്തുന്നത്. പാത നവീകരണം അടക്കമുള്ള റെയിൽവേയുടെ ആധുനിക സാങ്കേതിക പരിശ്രമങ്ങളിലൂടെ സമയം കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സൂസമ്മ എബ്രഹാം, തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ എസ് എം ശർമ്മ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ കേന്ദ്ര റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ഉദ്യോഗസ്ഥന്മാരെയും അഭിനന്ദിക്കുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. ട്രെയിൻ ആരംഭിച്ചപ്പോൾ തന്നെ ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കേണ്ടതായിരുന്നു, എന്നാൽ അത്തരത്തിൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ് നൽകാതെയാണ് വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്.
മുൻകാലങ്ങളിൽ ഏത് ട്രെയിൻ സർവീസ് ആരംഭിച്ചാലും ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുമായിരുന്നു, പക്ഷെ വന്ദേ ഭാരത് സർവീസിന്റെ കാര്യത്തിൽ റെയിൽവേ മന്ത്രാലയം സ്വീകരിച്ച അവഗണനാപൂർണ്ണമായ നടപടി കടുത്ത പ്രതിഷേധം ജനങ്ങളിൽ സൃഷ്ടിച്ചു, റെയിൽവേ മന്ത്രിയെ ഞാൻ നേരിൽ കണ്ട് നിരവധി തവണ ഈ വിഷയം ഉന്നയിക്കുകയും, നിരന്തരമായി സമ്മർദം ചെലുത്തുകയും ചെയ്തു ചെയ്തിരുന്നു.കഴിഞ്ഞ ലോക്‌സഭ സമ്മേളനകാലത്ത് വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം റെയിൽവേ മന്ത്രിക്കുള്ള നേരിട്ടുള്ള ചോദ്യമായി അവതരിപ്പിക്കുകയും ചെയ്തിരുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.












Click it and Unblock the Notifications