പുതിയ തെരു- താഴെചൊവ്വ ദേശീയ പാതയില്‍ സ്ഥലപരിശോധന പൂര്‍ത്തിയായി
കണ്ണൂര്‍:പുതിയതെരു-താഴെചൊവ്വ ഹൈവേയുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച സ്ഥല പരിശോധന പൂര്‍ത്തിയായി.എന്‍.എച്ച്.എ.ഐ കണ്‍സള്‍ട്ടന്റിന്റെയും ഹൈവേ നിര്‍മ്മാണം ഏറ്റെടുത്ത കരാര്‍ കമ്പനിയുടെയും പ്രതിനിധികളും ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രതിനിധികളായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കണ്ണൂര്‍ ജണഉ ചഒ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റ്റി. പ്രശാന്ത് എന്നിവരും അടങ്ങുന്ന സംയുക്തസംഘമാണ് സ്ഥല പരിശോധന നടത്തിയത്.

കണ്ണൂര്‍ പുതിയതെരു-താഴെചൊവ്വ ഹൈവേയില്‍ മീഡിയനുകളുടെ തകര്‍ച്ചയും റോഡ് റിഫ്‌ലക്ടറുകളുടെ അഭാവവും മറ്റും മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എം.പി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിനിതിന്‍ ഗഡ്കരിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയത്. പുതിയ ഹൈവേ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിയോടാണ് നിലവിലെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ നിര്‍ദേശിച്ചത്. നിലവില്‍ പുതിയതെരു-താഴെചൊവ്വ ഹൈവേയിലെ മീഡിയനുകള്‍ പലഭാഗത്തും തകര്‍ന്നു കിടക്കുന്നതും മീഡിയനുകളില്‍ വേണ്ടത്ര റിഫ്‌ലക്ടറുകള്‍ ഇല്ലാത്തതും വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ക്ക് കാരണമാകുന്നു. ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി സഞ്ചരിക്കുന്ന 15 കിലോമീറ്ററോളം ദൂരമുള്ള ഈ ഭാഗത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ റോഡ് അപകടങ്ങളില്‍പ്പെട്ട് മുപ്പതിലധികം പേര്‍ക്ക് ജീവഹാനിയും നിരവധി പേര്‍ക്ക് ശാരീരിക വൈകല്യങ്ങളും സംഭവിച്ചിട്ടുണ്ട്.
എന്തൊക്കെ അറ്റകുറ്റപ്പണികളാണ് അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ടത് എന്നത് സംബന്ധിച്ചും മീഡിയനുകള്‍ പുതുക്കി പണിത് റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്കായി എന്‍.എച്ച്.എ.ഐ കണ്‍സള്‍ട്ടന്റിന്റെയും ഹൈവേ നിര്‍മ്മാണം ഏറ്റെടുത്ത കരാര്‍ കമ്പനിയുടെയും പ്രതിനിധികളും ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രതിനിധികളായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കണ്ണൂര്‍ ജണഉ ചഒ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റ്റി. പ്രശാന്ത് എന്നിവരും അടങ്ങുന്ന സംയുക്തസംഘം സ്ഥലത്ത് വിശദ പരിശോധന നടത്തി. അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെന്തൊക്കെയെന്ന് സംഘം വിലയിരുത്തി. റോഡിലെ പൊളിഞ്ഞുകിടക്കുന്ന മീഡിയനുകള്‍ പുനര്‍നിര്‍മ്മിക്കുവാനും കൂടാതെ റോഡില്‍ അങ്ങോളമിങ്ങോളമുള്ള മുഴുവന്‍ മീഡിയനുകളും പെയിന്റ് ചെയ്യുവാനും തീരുമാനിച്ചു. മീഡിയനുകളിലെല്ലാം തന്നെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. കൂടാതെ തകര്‍ന്നു കിടക്കുന്ന ഫുട്പാത്ത് സ്ലാബുകളും കൈവരികളും മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. സ്ഥല പരിശോധനയില്‍ തീരുമാനിച്ച പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കുമെന്ന് എന്‍.എച്ച്.എ.ഐ കണ്‍സള്‍ട്ടന്റിന്റെയും കരാര്‍ കമ്പനിയുടെയും പ്രതിനിധികള്‍ അറിയിച്ചു.












Click it and Unblock the Notifications