കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആറ്റുകാല്‍ പൊങ്കാല, വീടുകളിൽ പൊങ്കാലയിടാം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താൻ തീരുമാനിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. ആചാരപരമായ എല്ലാ ചടങ്ങുകളോടും കൂടി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും പരിപാടികൾ. പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത അവലോകന യോഗമാണ് ക്രമീകരണങ്ങളോടെ പൊങ്കാല നടത്താൻ തീരുമാനിച്ചത്.
പൊതുസ്ഥലങ്ങളിലും, പൊതു നിരത്തുകളിലും പൊങ്കാല ഇടാന്‍ അനുവദിക്കില്ല. വീടുകളിൽ പൊങ്കാലയിടാം. ക്ഷേത്ര പരിസരത്ത് പൊങ്കാല പ്രമാണിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിനും കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്തുന്നതിനുമായി ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വീട്ടുവളപ്പുകളില്‍ ഇടുന്ന പൊങ്കാല റോഡിലേക്ക് വ്യാപിക്കുവാന്‍ അനുവദിക്കുന്നതല്ല. കൂടാതെ വീട്ടുടമസ്ഥന്‍ സ്വന്തം നിലയ്ക്ക് തന്നെ വീടുകളിലെ പൊങ്കാല വലിയ ആള്‍ക്കൂട്ടത്തിന് ഇടവരുത്താതെ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ് എന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടവരാതെ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ച് പരിമിത എണ്ണം ആളുകളെ മാത്രം പങ്കെടുപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ല നിലവിൽ ബി കാറ്റഗറിയിൽ ആണ്. തിരുവനന്തപുരത്ത് ഇന്ന് 5002 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഏതാനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 ഞായറാഴ്ചയിലും ഇത് ബാധകമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം എന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications