കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രിയിലേക്കു റഫർ ചെയ്യുന്നവർ രേഖകൾ കരുതണം
തിരുവനന്തപുരം: കോവിഡ് ചികിത്സയുടെ ഭാഗമായി പി.എച്ച്.സികൾ, സി.എച്ച്.സികൾ, മറ്റു സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽനിന്നു സ്വകാര്യ ആശുപത്രികളിലെ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കു (സി.എസ്.എൽ.ടി.സി.) റഫർ ചെയ്യുന്നവർ ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിനായി അക്കാര്യം ആശുപത്രി അധികൃതരെ മുൻകൂട്ടി ധരിപ്പിക്കണെന്നും റഫർ ചെയ്തതിന്റെ രേഖകൾ നിർബന്ധമായും കൈവശം സൂക്ഷിക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിലുള്ള ആശുപത്രികളിലാകും ആനുകൂല്യം ലഭിക്കുക. സർക്കാർ ആശുപത്രിയിൽനിന്നു റഫർ ചെയ്തതാണെന്ന വിവരം അറിയിക്കാത്തതിനെത്തുടർന്നു ചികിത്സാ ആനുകൂല്യങ്ങൾ നഷ്ടമാകുന്നെന്ന പരാതികളെത്തുടർന്നാണു കളക്ടറുടെ നിർദേശം. റഫർ ചെയ്യുന്നവർക്ക് ചികിത്സ സൗജന്യമായിരിക്കും. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി രോഗിയുടെ ചികിത്സാ ചെലവ് സർക്കാർ അതത് ആശുപത്രികൾക്കു നൽകും.

കാസ്പ് ഗുണഭോക്താക്കളായ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ളവർക്ക് ഈ ആശുപത്രികളിൽ നേരിട്ടെത്തി കോവിഡ് ചികിത്സ തേടാവുന്നതാണെന്നും കളക്ടർ അറിയിച്ചു. കാസ്പ് പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ വിവരങ്ങൾ sha.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ജില്ലയിൽ നിലവിൽ 19 ആശുപത്രികൾ കാസ്പ് പദ്ധതിക്കു കീഴിലുണ്ട്. കൂടുതൽ ആശുപത്രികളെ പദ്ധതിക്കു കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
Recommended Video
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളറട രുഗ്മിണി മെമ്മോറിയല്‍ ആശുപത്രിയെ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കിയതായി(സി.എസ്.എല്‍.റ്റി.സി) ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവിടെയുള്ള 300 കിടക്കകളില്‍ 225 എണ്ണം സി.എസ്.എല്‍.റ്റി.സിക്കായും 50 എണ്ണം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കായും മാറ്റിവയ്ക്കും. 25 കിടക്കകള്‍ ആശുപത്രിയില്‍ നേരിട്ടെത്തുന്ന കോവിഡ് രോഗികള്‍ക്കു നല്‍കും. കോവിഡ് രോഗികളുടെ ബ്ലോക്ക് ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളില്‍ നോണ്‍ കോവിഡ് ഒ.പി പ്രവര്‍ത്തിപ്പിക്കും. ആവശ്യമെങ്കില്‍ 300 കിടക്കകളും സി.എസ്.എല്‍.റ്റി.സിക്കായി ഏറ്റെടുക്കും












Click it and Unblock the Notifications