'പിടിവാശി ബസ് ഉടമകൾക്ക്, ഇങ്ങോട്ട് വന്നാൽ ചർച്ച ചെയ്യാം': മറുപടിയുമായി ഗതാഗതമന്ത്രി
തിരുവനന്തപുരം : ബസ് ഉടമകളുടെ ആരോപണത്തിന് മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശി കാണിക്കുന്നതെന്നും സർക്കാരിന് വിഷയത്തിൽ ഒരു പിടിവാശിയില്ലെന്നും ആന്റണി രാജു പ്രതികരിച്ചു. ബസ് സമരം തുടരുന്നത് ഗതാഗത മന്ത്രിയുടേയും സംസ്ഥാന സർക്കാരിന്റെയും പിടിവാശി മൂലമാണെന്നന്നായിരുന്നു ബസ് ഉടമകളുടെ ആരോപണം. ഇതിനെതിരെയാണ് ഗതാഗത മന്ത്രി രംഗത്തെത്തിയത്.
ചർച്ചകൾക്ക് തയ്യാറായി സർക്കാരിനെ സമീപിച്ചാൽ സർക്കാർ ചർച്ചക്ക് തയ്യാറാണെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 30 ന് എൽഡിഎഫ് യോഗം ചേർന്നതിന് ശേഷം ബസ് ചാർജ് വർധനയിലടക്കം തീരുമാനം വരുമെന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.

ബസ് നിരക്ക് പ്രഖ്യാപനം വരാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകാൻ ഒരുക്കമല്ലെന്ന നിലപാടാണ് ബസ് ഉടമകൾ സ്വീകരിക്കുന്നത്. അവരാണ് പിടിവാശി കാണിക്കുന്നതെന്നും 30ന് തീരുമാനം അറിയിക്കുമെന്ന് അറിയിച്ചിട്ടും സമരവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. സമരം പ്രഖ്യാപിച്ചാലും ബസുകൾ നിരത്തിൽ ഇറങ്ങുന്നുണ്ടെന്നും ബസ് ഉടമകൾ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരം യഥാർഥത്തിൽ പൊതുജനങ്ങൾക്കെതിരെയാണെന്നും ഒടുവിൽ ബസ് ഉടമകൾ സർക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.

അതേ സമയം സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ടാണ് ബസ് ഉടമകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്. പലയിടങ്ങളിലും പ്രഖ്യാപിച്ചത് പോലെ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്താത്തത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വടക്കൻ കേരളത്തിൽ കെഎസ്‌ആർടിസി അധിക സർവീസുകൾ നടത്തിയിട്ടില്ല. നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.

മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് 6 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ ഉയർത്തുന്നത്. വിദ്യാർഥികളുടെ കൺസഷൻ 5 രൂപയാക്കി ഉയർത്തണമെന്ന നിർദേശമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നൽകിയത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കേണ്ടി വന്നാൽ ഉണ്ടാകുന്ന എതിർപ്പും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്












Click it and Unblock the Notifications