'അവരെന്തിനാണ് എന്നെ ആക്രമിച്ചത്, എനിക്ക് ശത്രുക്കളാരും ഇല്ലല്ലോ..'; യുവതിയെ വെടി വെച്ചതാര്?
തിരുവനന്തപുരം: വീട്ടിൽ കയറി സ്ത്രീയെ വെടി വെച്ച സംഭവത്തിൽ അക്രമി സഞ്ചരിച്ച കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചെന്ന് സൂചന. പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയായ യുവതി എത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
ഞായറാഴ്ച രാവിലെ ആയിരുന്നു വഞ്ചിയൂർ ചെമ്പകശ്ശേരി പങ്കജി ൽ ഷിനിയ്ക്ക് എയർ പിസ്റ്റൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വെടിയേറ്റത്. കൊറിയർ നൽകാനുണ്ട് എന്ന് പറഞ്ഞ് വീട്ടിൽ എത്തിയ യുവതി ഒപ്പിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഷിനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മുഖത്തിന് നേരെയാണ് വെടി ഉതിർത്തതെങ്കിലും ഇത് തടുക്കാൻ ശ്രമിച്ച ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ മുഖം മറിച്ചെത്തിയ യുവതി ഓടിരക്ഷപ്പെട്ടു.

അക്രമിയായ യുവതി എത്തിയത് വ്ആജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിലാണെന്ന് സംശയമുണ്ട്. യുവതി വന്ന മാരുതി സെലേറിയോ കാറിന്റെ നമ്പർ ആര്യനാട് സ്വദേശിയുടെ സ്വിഫ്റ്റ് കാറിന്റേതായിരുന്നു. ഒരാഴ്ച മുൻപ് ഈ വാഹനം കോഴിക്കോട്ടെ കച്ചവടക്കാർക്ക് വിൽപന നടത്തിയെന്നായിരുന്നു ആര്യനാട് സ്വദേശിനി പറഞ്ഞത്.
കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് അക്രമി വെടി വെയ്പ്പ് നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഷിനിയുടെ വീട് ഉൾപ്പെടെ നാല് വീടുകളാണ് ഈ ഭാഗത്തുള്ളത്. അതിനാൽ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് അക്രമി ഇവിടേക്കെത്തിയത് എന്നാണ് പോലീസ് കരുതുന്നത്.
സംഭവത്തിൽ ഷിനിയുടെയും ഇവരുടെ കുടുംബാഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. ഇവരുമായി ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ അടക്കമുള്ള ഉന്നത് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് സംഘവും തെളിവെടുപ്പ് നടത്തി.
ആശുപത്രിയിൽ കൊണ്ടുംപോകും വഴി അവരെന്തിനാണ് എന്നെ ആക്രമിച്ചത്. എനിക്ക് ശത്രുക്കളാരും ഇല്ലല്ലോ എന്ന് ഷിനി പറഞ്ഞിരുന്നതായാണ് വിവരം. കൈപ്പത്തിക്ക് വെടിയേറ്റെങ്കിലും ഷിനിയുടെ പരിക്ക് സാരമുള്ളതല്ല.
അതേ സമയം, കൈപ്പത്തിക്കുള്ളിലൂടെ തുളച്ചുകയറി പെല്ലറ്റ് നീക്കംചെയ്യാൻ ശസ്ത്രക്രിയ വേണ്ടിവരും. ഇത് കഴിഞ്ഞാൽ യുവതി ആശുപത്രി വിട്ടേക്കും. തിരുവന്തപുരം എൻ എർ എച്ച് എമ്മിലെ പി ആർ ഒ ആണ് ഷിനി.












Click it and Unblock the Notifications