തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി; പ്രളയത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം വേണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിവിധ ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കലക്ടര്‍മാരുമായുളള വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് നാം നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണ്.

അടിമാലിയിലെ ആദിവാസി മേഖലകളില്‍ ദുരിതാശ്വാസ കിറ്റുകള്‍ എത്തിച്ച് ബാംഗ്ലൂരിലെ മലയാളി കൂട്ടായ്മ

ദുരന്തത്തെ നല്ല രീതിയില്‍ നേരിടാനായി ദുരന്തം നേരിടുന്ന കാര്യത്തില്‍ എല്ലാവരും അവിശ്രമം നല്ല ഏകോപനത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരെ രക്ഷപ്പെടുത്തല്‍, മാറ്റിപ്പാര്‍പ്പിക്കല്‍, ക്യാമ്പില്‍ അത്യാവശ്യം സൗകര്യം ഉറപ്പാക്കല്‍ എന്നിവയിലെല്ലാം കലക്ടര്‍മാര്‍ നല്‍കിയ നേതൃത്വം അഭിനന്ദനാര്‍ഹമാണ്. ഈ പ്രവര്‍ത്തനങ്ങളെല്ലാം നല്ല ഏകോപനത്തോടെ, കൂട്ടായ്മയോടെ ചെയ്യാന്‍ കഴിഞ്ഞു. അതിന് കലക്ടര്‍മാരെ അനുമോദിച്ചു.

CM Meeting

ഇനി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്

ക്യാമ്പുകളില്‍ നിന്ന് വലിയ തോതില്‍ ആളുകള്‍ തിരിച്ചുപോകുന്നുണ്ട്. എങ്കിലും കുറേ ക്യാമ്പുകള്‍ തുടരുകയാണ്. 10,000 രൂപ ഉടന്‍ വിതരണം ചെയ്യും. ക്യാമ്പിലുളളവര്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയാസം വലുതാണ്. എല്ലാമുണ്ടായിരുന്ന വീട് അവര്‍ കാണുന്നത് എല്ലാം നശിച്ച നിലയിലായിരിക്കും. ഇത് പലര്‍ക്കും താങ്ങാനാകില്ല. അതിന്റെ ആഘാതം വളരെ വലുതായിരിക്കും. തിരിച്ചുപോകുന്നവര്‍ക്ക് നാം ഭക്ഷണകിറ്റ് നല്‍കുന്നുണ്ട്. എന്നാല്‍ ഭക്ഷണം പാകം ചെയ്യാനുളള പാത്രമോ മറ്റ് സൗകര്യങ്ങളോ വീടുകളിലുണ്ടാകില്ല. ഈ സാഹചര്യം മനസ്സിലാക്കി കലക്ടര്‍മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. താല്‍ക്കാലിക ആശ്വാസം എന്ന നിലയ്ക്കാണ് പതിനായിരം രൂപ ക്യാമ്പില്‍ കഴിയേണ്ടി വന്നവര്‍ക്ക് നല്‍കുന്നത്. തുടര്‍ച്ചയായ ബാങ്ക് അവധി കാരണം ഈ തുക കൈമാറാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ദിവസം തന്നെ തുക എല്ലാവര്‍ക്കും ലഭ്യമാക്കണം.



ശുചീകരണം കാര്യക്ഷമമാക്കണം

ചത്ത മൃഗങ്ങളുടെ ശവങ്ങള്‍ ഇനിയും എവിടെയെങ്കിലും ബാക്കി കിടക്കുന്നുണ്ടെങ്കില്‍ പെട്ടെന്ന് ശാസ്ത്രീയമായി സംസ്‌കരിക്കണം. വീട് ശുചീകരണം നല്ല നിലയില്‍ നടക്കുന്നു. പകര്‍ച്ചവ്യാധികള്‍ തടയണമെങ്കിലും ശുചീകരണം കാര്യക്ഷമമായി നടക്കണം. വെള്ളം കയറിയതുകാരണം വീടുകളിലെ മിക്ക സാധനങ്ങളും നശിച്ചിട്ടുണ്ടാകും. നശിച്ചുപോയ സാധനങ്ങളില്‍ വാഹനങ്ങളും ഉള്‍പ്പെടും. വാഹനങ്ങളുടെ കാര്യത്തില്‍ ഇന്‍ഷൂറന്‍സ് തുക വേഗം ലഭ്യമാകുന്നതിന് നടപടി വേണം. ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളുമായി സംസാരിച്ചിരുന്നു. ചീഫ് സെക്രട്ടറിതലത്തില്‍ അവരുടെ യോഗം വീണ്ടും വിളിക്കുന്നുണ്ട്. നശിച്ചുപോയ കിടക്ക, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ ശേഖരിച്ച് പൊതുസ്ഥലത്ത് തല്‍ക്കാലം സൂക്ഷിക്കേണ്ടതുണ്ട്. ഒരു പഞ്ചായത്തില്‍ ഒന്നോ അതിലധികമോ സ്ഥലം ഇതിനായി കണ്ടെത്തണം.

ഭക്ഷണ കിറ്റ് വീടുകളിലെത്തിക്കണം

അഴുകുന്നതും അഴുകാത്തതുമായ സാധനങ്ങള്‍ വേര്‍തിരിച്ചാണ് ശേഖരിക്കേണ്ടത്. അഴുകുന്ന മാലിന്യം പെട്ടെന്ന് സംസ്‌കരിക്കണം. പ്രാദേശിക സ്ഥാപനങ്ങള്‍ വഴിയാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. കലക്ടര്‍മാര്‍ അതിന് നേതൃത്വം നല്‍കണം. വീടുകളിലേക്ക് തിരിച്ചുപോകാന്‍ സാഹചര്യമുളള മുഴുവന്‍ പേരും രണ്ടുദിവസം കൊണ്ട് തിരിച്ചുപോകും എന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ നല്ല ശ്രദ്ധ വേണം. വീടുകളിലേക്ക് ഇപ്പോള്‍ തിരിച്ചുപോകാന്‍ കഴിയാത്തവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തിരിച്ചുപോകുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷണകിറ്റ് നല്‍കുന്നുണ്ട്. നേരത്തെ ക്യാമ്പ് വിട്ടുപോയവര്‍ക്കും കിറ്റ് ലഭ്യമാക്കണം. വീട് പൂര്‍ണമായി തകര്‍ന്നതും താമസയോഗ്യല്ലത്ത വീടുകള്‍ സംബന്ധിച്ചും ഓരോ പ്രദേശത്തും കണക്കെടുക്കണം. അതത് പ്രദേശങ്ങളില്‍ തന്നെ അവര്‍ക്ക് താമസിക്കാനായി ക്യാമ്പ് സൗകര്യം ഉണ്ടാക്കണം. കല്യാണമണ്ഡപങ്ങളും പൊതുഹാളുകളും കിട്ടാന്‍ ശ്രമിക്കുന്നതോടൊപ്പം ആള്‍താമസമില്ലാത്ത വലിയ വീടുകള്‍ ഈ ആവശ്യത്തിന് കിട്ടുമോ എന്നും നോക്കണം.



നാശനഷ്ടത്തിന്റെ കണക്കുകള്‍ ഉടന്‍ ശേഖരിക്കണം

നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ഉടന്‍ ശേഖരിക്കണം. ഓരോ മേഖലയ്ക്കുമുണ്ടായ നഷ്ടം കൃത്യമായി തിട്ടപ്പെടുത്തണം. ഏതെങ്കിലും പ്രദേശത്ത് കാലിത്തീറ്റ കിട്ടാന്‍ പ്രയാസമുണ്ടെങ്കില്‍ അത് പരിഹരിക്കണം. ആഗസ്റ്റ് 29ന് സ്‌കൂള്‍ തുറക്കുകയാണ്. സ്‌കൂളുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി നല്ല നിലയില്‍ നടക്കുന്നുണ്ട്. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ വൃത്തിയാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുളള ആരോഗ്യപ്രശ്നങ്ങളും വരാതിരിക്കാന്‍ മുന്‍കരുതലെടുക്കണം.

വീഡിയോ കോണ്‍ഫറന്‍സില്‍ കാസര്‍കോട് ഒഴികെയുളള എല്ലാ ജില്ലകളിലേയും കലക്ടര്‍മാര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയോടൊപ്പം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നളിനി നെറ്റോ, വി.എസ് സെന്തില്‍, എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Thiruvananthapuram
English summary
Kerala chief minister Pinarayi Vijayan reviewed post flood relief activities of various districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X