വിദ്യാർഥികൾക്ക് പരിരക്ഷ ; ഓപ്പറേഷന്‍ വിദ്യക്ക് തുടക്കമായി, ആദ്യ ദിനത്തിൽ പരിശോധിച്ചത് 38 ബസുകൾ
തിരുവനന്തപുരം: ബസ് യാത്രക്കിടയില്‍ വിദ്യാർഥികൾ നേരിടുന്ന മോശമായ പെരുമാറ്റങ്ങൾക്ക് തടയിടാന്‍ ഓപ്പറേഷൻ വിദ്യ. ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധനയ്ക്ക് തുടക്കമായി. ആദ്യ ദിനത്തിൽ ആറ് മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ 38 ബസുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
12 വോളന്റിയര്‍മാര്‍ ബസുകളില്‍ യാത്ര ചെയ്‌ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയും തുടർന്ന് റിപ്പോർട്ട് ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് സമർപ്പിക്കുകയും ചെയ്‌തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി.

വിദ്യാർഥികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, വിദ്യാർഥികളുടെ സുഗമമായ യാത്രയും അര്‍ഹമായ അവകാശങ്ങളും ഉറപ്പു വരുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് ഓപ്പറേഷൻ വിദ്യ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ബസ് യാത്രക്കിടയില്‍ നേരിടുന്ന മോശമായ പെരുമാറ്റം, കണ്‍സഷന്‍ നിഷേധം, വിവേചനം തുടങ്ങി പരാതികളാണ് വിദ്യർഥികൾ കൂടുതലായും ഉന്നയിക്കുന്നത്. ഇതേ തുടര്‍ന്നാണ് നെഹ്‌റു യുവകേന്ദ്രയില്‍ നിന്നുള്ള വോളന്റിയര്‍മാരുടെ സഹായത്തോടെ വിവര ശേഖരണത്തിന് പദ്ധതി തയാറാക്കിയത്. വോളന്റിയര്‍മാര്‍ ബസുകളില്‍ സഞ്ചരിച്ച് നേരില്‍ കണ്ട കാര്യങ്ങള്‍ ഇതിനു വേണ്ടി തയാറാക്കിയ പ്രത്യേക ഫോമില്‍ രേഖപ്പെടുത്തി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

പരിശോധനയുടെ ആദ്യ ദിവസം 38 ബസുകളിൽ രണ്ട് ബസുകളിൽ വിദ്യർഥികളോട് മോശം പെരുമാറ്റവും വിവേചനവും നടക്കുന്നതായി കണ്ടെത്തി. കലൂര്‍ - പുക്കാട്ടുപടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ സീറ്റുണ്ടായിട്ടും വിദ്യാർഥികളെ ഇരിക്കാൻ അനുവദിച്ചില്ല. പെരുമ്പാവൂര്‍ - കോതമംഗലം റൂട്ടിലെ ബസില്‍ വിദ്യാർഥികളോട് കണ്ടക്‌ടർ മോശമായി പെരുമാറി. വിദ്യാർഥികളെ കയറ്റുന്നതിൽ വിമുഖത കാണിച്ചെന്നും ബസ് സ്റ്റോപ്പുകളിൽ നിർത്താതിരിക്കലും ഉണ്ടായെന്നും വോളന്‍റിയർമാർ കണ്ടെത്തി. വിദ്യാർഥികളോട് നല്ല രീതിയിൽ പെരുമാറിയ ജീവനക്കാർ ഉണ്ടെന്നും മുഴുവൻ നിരക്ക് നൽകിയ വിദ്യാർഥിയിൽ നിന്ന് കണ്ടക്‌ടർ കൺസഷൻ മാത്രമാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അങ്കമാലി പെരുമ്പാവൂര്‍, ചിറ്റൂര്‍ - എറണാകുളം, കലൂര്‍ - പുക്കാട്ടുപടി, മുനമ്പം ഹൈക്കോടതി, മൂവാറ്റുപുഴ കോതമംഗലം, പെരുമ്പാവൂര്‍ - കോതമംഗലം, പിറവം കലൂര്‍ എന്നീ റൂട്ടുകളിലായിരുന്നു ആദ്യ ദിവസത്തെ പരിശോധനകൾ നടന്നത്. വിദ്യാര്‍ത്ഥികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം, കണ്‍സഷന്‍ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നുണ്ടോ, ഒഴിവുള്ള സീറ്റുകളില്‍ ഇരിക്കാന്‍ അനുവദിക്കുന്നുണ്ടോ, സ്റ്റാന്റുകളില്‍ നിന്നും ബസ് പുറപ്പെടുന്നതിന് മുമ്പ് കയറാന്‍ അനുവദിക്കുന്നുണ്ടോ, നിശ്ചിത സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നുണ്ടോ, വിദ്യാര്‍ത്ഥികള്‍ക്ക് ബസില്‍ കയറുന്നതിന് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് വോളന്റിയര്‍മാര്‍ നിരീക്ഷിച്ച് നിശ്ചിത ഫോമില്‍ രേഖപ്പെടുത്തിയത്.












Click it and Unblock the Notifications