അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്പീക്കർ സർക്കാരിന്റെ പാവയെന്ന് പ്രതിപക്ഷം: ഇറങ്ങിപ്പോയി
തിരുവനന്തപുരം: കേരള നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. കണ്ണൂർ മയ്യിലിലെ സിപിഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തിയ സംഭവത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. സംഭവത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് വിമുഖതയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സ്പീക്കർ സർക്കാരിന്റെ പാവയാണെന്ന് വീണ്ടും തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേ സമയം കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയവരെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ഒഴുക്കിയ സർക്കാരാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

സണ്ണി ജോസഫ് എംഎൽഎയാണ് സഭ നിർത്തിവെച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം നൽകിയത്. എന്നാൽ എംഎൽഎ ഉന്നയിച്ച വിഷയം പ്രാദേശികമാണെന്നും ചർച്ച ചെയ്യേണ്ടതില്ലെന്നും കാണിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.












Click it and Unblock the Notifications