• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോവിഡും പേമാരിയും കാറ്റും; കരുതലുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടെ ആശങ്കയായെത്തിയ മഴക്കെടുതിയെ നേരിടാന്‍ ഇമവെട്ടാത്ത കരുതലുമായാണു കഴിഞ്ഞ മൂന്നു ദിവസം ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നിരുന്നത്. റവന്യൂ, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ സപ്ലൈസ്, കെ.എസ്.ഇ.ബി അടക്കം ജില്ലയിലെ അവശ്യ സംവിധാനങ്ങളെല്ലാം 24 മണിക്കൂറും ഇടതടവില്ലാതെ പ്രവര്‍ത്തിച്ചു. ദുരിത മേഖലകളില്‍ അടിയന്തര സഹായമെത്തിച്ചും ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായ ഇടങ്ങളില്‍ സര്‍വസജ്ജമായ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയും ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അക്ഷീണം പ്രയത്നിച്ചു.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ന്യൂനമര്‍ദ മഴ ജില്ലയില്‍ പെയ്തിറങ്ങിയത്. ആദ്യ ദിവസത്തെ കനത്ത മഴയില്‍ തിരുവനന്തപുരം നഗരം മുങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നഗരത്തിലെ ഓടകളും ചെറിയ കനാലുകളും ജലാശയങ്ങളും അതിവേഗം വൃത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ്, മേജര്‍ - മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍, തിരുവനന്തപുരം നഗരസഭ എന്നിവയ്ക്കു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനുമായി സബ്കളക്ടര്‍മാരായ എം.എസ്. മാധവിക്കുട്ടി, ചേതന്‍ കുമാര്‍ മീണ എന്നിവര്‍ക്കു ചുമതല നല്‍കി.

വെള്ളക്കെട്ട് രൂക്ഷമായ മേഖലകള്‍ക്കു മുന്‍തൂക്കം നല്‍കി ഈ പ്രവൃത്തികള്‍ നിര്‍വഹിച്ചതോടെ പിന്നീടു പെയ്ത കനത്ത മഴയില്‍ നഗരത്തില്‍ ആദ്യ ദിവസത്തേതുപോലുള്ള വെള്ളക്കെട്ട് നഗരത്തിലൊരിടത്തും ഉണ്ടായില്ല. ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനുള്ള 318 കെട്ടിടങ്ങള്‍ ജില്ലയിലെ ആറു താലൂക്കുകളിലുമായി മുന്‍കൂട്ടി കണ്ടെത്താനായത് കോവിഡ് പ്രതിസന്ധിയില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിലുണ്ടാകുമായിരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആറു താലൂക്കുകളിലേയും തഹസില്‍ദാര്‍മാരാണ് ഈ ജോലികള്‍ നിര്‍വഹിച്ചത്.

എല്ലാ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മുന്നിട്ടിറങ്ങി. വൈദ്യുതി ലഭ്യതയ്ക്കു കെ.എസ്.ഇ.ബിയും കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിയും സജീവമായി ഇടപെട്ടതോടെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ പൂര്‍ണ സജ്ജമായി. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്ന കേന്ദ്രങ്ങളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളും എത്തിച്ചു.

കടല്‍ക്ഷോഭ മേഖലകളിലും വെള്ളക്കെട്ടുണ്ടായ മേഖലകളിലുമാണു ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ഏറെയും തുറക്കേണ്ടിവന്നത്. വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഓരോ വീടുകളിലുമെത്തിയാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാവും പകലുമില്ലാതെ റവന്യൂ ജീവനക്കാര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ദുരിത മേഖലകളിലെ ജനങ്ങളും പൂര്‍ണ തൃപ്തരാണ്.

കോവിഡ് സ്ഥിരീകരിച്ചു വീടുകളില്‍ കഴിഞ്ഞിരുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലൊരുക്കിയ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മഴക്കെടുതിയെത്തുടര്‍ന്ന് അവശ്യ സഹായം നല്‍കുന്നതിനായി ജില്ലയിലെ ആറു താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു ജീവനക്കാരെ വിന്യസിച്ചിരുന്നു. ഓരോ താലൂക്ക് ഓഫിസുകളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തില്‍ ശേഖരിക്കുകയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

അതിതീവ്ര ന്യൂനമര്‍ദത്തെത്തുടര്‍ന്നു ജില്ലയില്‍ വ്യാപകമായി മരംവീണു ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തിരുന്നു. ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ വിവിധ യൂണിറ്റുകള്‍ സമയബന്ധിതമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഗതാഗത തടസങ്ങള്‍ അതിവേഗത്തില്‍ നീക്കാനായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സ്ഥലങ്ങളില്‍ അതിവേഗം പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. ജീവനക്കാരും നിസ്വാര്‍ഥമായി പ്രയത്നിച്ചു.
ജില്ലയില്‍ മഴയും കടല്‍ക്ഷോഭവും തുടരുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പൂര്‍ണ സജ്ജമായി തുടരുകയാണ്. തീരമേഖലയില്‍ കടല്‍ക്ഷോഭ രൂക്ഷത കുറയാത്തതിനാല്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘത്തെ എല്ലാ സ്ഥലങ്ങളിലും നിയോഗിച്ചിട്ടുണ്ടെന്നു കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ഏത് അടിയന്തര ഘട്ടത്തിലും പൊതുജനങ്ങള്‍ക്കു താലൂക്ക് കണ്‍ട്രോള്‍ റൂമുകളിലെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അതിവേഗത്തില്‍ സഹായം ലഭ്യമാക്കാനുള്ള എല്ലാ സംവിധാനവും - ജില്ലയില്‍ സജ്ജമാണെന്നും കളക്ടര്‍ പറഞ്ഞു.

Thiruvananthapuram
English summary
Thiruvananthapuram district administration relief works during Covid and Rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X