തിരുവനന്തപുരം മെഡിക്കൽകോളേജ് ഡയാലിസിസ് യൂണിറ്റിൽ അണുബാധ, നിയന്ത്രണവിധേയം.. പക്ഷേ!!
മെഡിക്കൽകോളേജ്: മെഡിക്കൽകോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ അണുബാധ സ്ഥിരീകരിച്ചത് രോഗികളിൽ പരിഭ്രാന്തി പരത്തി. ബർക്കോൾഡേറിയ എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് സ്ഥിരീകരിച്ചത്. ഡയാലിസിസ് യൂണിറ്റിൽ ആശുപത്രി അധികൃതർ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്.
ആശങ്ക വേണ്ടെന്നും ആവശ്യം വേണ്ട മുൻകരുതലുകളും പരിഹാരനടപടികളും അണുബാധ സ്ഥിരീകരിച്ചയുടൻ സ്വീകരിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ശർമ്മദ് പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ അണുബാധ കണ്ടെത്തുന്നത്.

ഇവിടെ ഡയാലിസിസിന് വിധേയരായ ആറ് പേരിൽ അണുബാധ ഉണ്ടായിട്ടുള്ളതായുള്ള പരിശോധനാ ഫലങ്ങളും പുറത്തുവന്നു. തുടർന്ന് ഡയാലിസീസ് നടത്തിയ ആറ് രോഗികളെ പ്രത്യേകമായി നിരീക്ഷിച്ചുവെങ്കിലും അവർക്ക് പ്രത്യേക രോഗ ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിരവധി നിർദ്ധന രോഗികളാണ് ദിനവും ഡയാലിസിസിനായി മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നത്. അണുബാധയുണ്ടായാൽ ശ്വാസകോശം, കരൾ തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാനും സന്ധികളിൽ നീർക്കെട്ടിനും കാരണമാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ദിവസേന മൈക്രോബയോളജി വിഭാഗം പരിശോധനക്ക് വിധേയമാക്കാറുണ്ട്. ശനിയാഴ്ച നടന്ന പരിശോധനയിലാണ് ഡയാലിസിസ് യൂണിറ്റിലെ അഞ്ച് മെഷീനുകൾക്ക് അണുബാധ കണ്ടെത്തിയത്. ഉടൻ തന്നെ ഡയാലിസിസ് യൂണിറ്റ് അടച്ച് ആർ.ഒ പ്ലാന്റും അടക്കം അണുവിമുക്തമാക്കി ശുചീകരിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യയുടെ ഡയാലിസിസ് യൂണിറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടിൽ ഇലക്ട്രിക് വയറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി യൂണിറ്റ് പ്രവർത്തന രഹിതമാണ്. സൂപ്പർ സ്പെഷ്യാലിറ്റിയിലെ രോഗികൾക്ക് പുറമെ കാരുണ്യയിലെ രോഗികളെയും ഇവിടെ ഡയാലിസിസിന് വിധേയമാക്കിയിരുന്നു.
വിശ്രമമില്ലാതെ സൂപ്പർ സ്പെഷ്യാലിറ്റിയിൽ രോഗികളെ ഡയാലിസിസ് ചെയ്യുവാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ഇടതടവില്ലാതെയുള്ള സെന്ററിന്റെ പ്രവർത്തനവും അണുബാധയ്ക്ക് കാരണമായതായും പറയുന്നു. അണുബാധ സ്ഥിരീകരിച്ചതോടെ ഉണർന്ന് പ്രവർത്തിച്ച അധികൃതർ മുൻകരുതലുകൾ സ്വീകരിച്ചതിനാൽ മറ്റ് മെഷീനുകളിലേയ്ക്ക് പടരുന്നത് തടയുവാൻ സാധിച്ചു.












Click it and Unblock the Notifications