സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എം എല്‍ എ, ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇ ജി മോഹനന്‍ സമ്മേളനം തുടങ്ങും മുമ്പേ കൊവിഡ് രോഗ ബാധിതനായിരുന്നെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം.
ശനിയാഴ്ച ഉച്ചയോടെയാണ് ഐ ബി സതീഷ് എം എല്‍ എയുടെ പരിശോധനാ ഫലം പുറത്തുവന്നത്. ഇന്നലെ നടന്ന സമ്മേളനത്തിലാണ് മറ്റ് പ്രതിനിധികള്‍ക്കൊപ്പം സതീഷും പങ്കെടുത്തത്. വേദിയില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെഗാ തിരുവാതിര അടക്കമുള്ള പരിപാടികള്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് സംഘടിപ്പിച്ചുവെന്ന വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് ജില്ലാ സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത്.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന പൊതുസമ്മേളനം കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് നടത്തുക. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. നേരത്തെ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം മാറ്റിവെച്ചിരുന്നു. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.

അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കളക്ടര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് കൂടിചേരലുകളും പൊതുയോഗങ്ങളും നിരോധിച്ചിട്ടുണ്ട്. 50 ല്‍ കുറവ് ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളും അനുവദിക്കില്ലെന്നാണ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. മുന്‍കൂട്ടി നിശ്ചയിച്ച യോഗങ്ങളെല്ലാം മാറ്റിവെയ്ക്കണമെന്ന് സംഘാടകരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ജില്ലയില്‍ കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 36 ശതമാനത്തിന് മുകളിലാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും ഓണ്‍ലൈന്‍ ആയി നടത്തണമെന്നാണ് നിര്‍ദേശം.
മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കരുത്. വ്യാപാരസ്ഥാപനങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിച്ചായിരിക്കണം ആളുകളെ പ്രവേശിപ്പിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പലോ ഹെഡ്മാസ്റ്റര്‍മാരോ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications