ബിജെപി 10 വര്‍ഷം പിന്നോട്ടടിച്ചു; എ ക്ലാസ് മണ്ഡലങ്ങളും രക്ഷിച്ചില്ല, വെട്ടിലായി സുരേന്ദ്രനും സംഘവും
തിരുവനന്തപുരം: കൈയ്യിലുണ്ടായിരുന്നത് നഷ്ടമായി, പ്രതീക്ഷിച്ചതൊന്നും കിട്ടിയതുമില്ല... നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇതാണ് സംസ്ഥാനത്തെ ബിജെപിയുടെ അവസ്ഥ. എ ക്ലാസ് മണ്ഡലങ്ങളായി എണ്ണിയ സീറ്റുകളില്‍ വേണ്ടത്ര ശോഭിക്കാനായില്ല. ഇതാകട്ടെ തിരുവനന്തപുരത്തെ ബിജെപിയെ പത്ത് വര്‍ഷം പിന്നോട്ടടിപ്പിച്ചു. ഇങ്ങനെ ഒരു തിരിച്ചടി പാര്‍ട്ടി പ്രതീക്ഷിച്ചതേയില്ല.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇപ്പോള്‍ വെട്ടിലാകുന്നത്. പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിര്‍ചേരി കണക്കുകള്‍ വിശദീകരിച്ച് കുരുക്ക് മുറുക്കുമെന്ന് തീര്‍ച്ചയാണ്...

എ ക്ലാസ് രക്ഷിച്ചില്ല
തിരുവനന്തപുരത്തെ നേമം മണ്ഡലമാണ് ബിജെപിക്ക് പ്രധാനമായും പ്രതീക്ഷ നല്‍കിയിരുന്നത്. 2016ല്‍ അക്കൗണ്ട് തുറന്ന ബിജെപി ഇത്തവണ കൂടുതല്‍ സീറ്റില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തി. 2016ല്‍ മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളെല്ലാം എ ക്ലാസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍ കൂടുതലും തിരുവനന്തപുരം ജില്ലയിലായിരുന്നു.

കെ സുരേന്ദ്രന്റെ കാര്യം
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിലപാടുകള്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ എതിര്‍ ചേരി ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചതും ഹെലികോപ്റ്റര്‍ യാത്രയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അടക്കം പരിഹാസത്തിന് ഇടയാക്കുകയും ചെയ്തു. മഞ്ചേശ്വരത്തും കോന്നിയിലും അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.

നേരിയ പ്രതീക്ഷ നല്‍കിയത്...
നിമയസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വേളയില്‍ നാമമാത്രമായ മണ്ഡലങ്ങളിലാണ് ബിജെപിയുടെ കുതിപ്പ് പ്രകടമായത്. പാലക്കാട് ഇ ശ്രീധരന്‍ വിജയിക്കുമെന്ന പ്രതീതിയുണ്ടായി. തൃശൂരില്‍ സുരേഷ് ഗോപി ചില വേളയില്‍ മുന്നേറ്റം പ്രകടമാക്കിയെങ്കിലും പിന്നിലേക്ക് പോയി. നേമം മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു.

ബിജെപിയല്ല, രാജഗോപാല്‍
2016ല്‍ ഒ രാജഗോപാലാണ് ബിജെപിക്ക് വേണ്ടി നേമം മണ്ഡലം പിടിച്ചത്. ഇത് ബിജെപിക്ക് ലഭിച്ച പിന്തുണയല്ല, രാജഗോപാല്‍ എന്ന വ്യക്തിക്ക് ലഭിച്ച പിന്തുണയാണ് എന്ന് നേരത്തെ പല രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. രാജഗോപാല്‍ മാറി കുമ്മനം രാജശേഖരന്‍ വന്നതോടെ ബിജെപി പരാജയപ്പെടുകയും ചെയ്തു.

തോല്‍വിക്ക് കാരണം
പ്രതീക്ഷിച്ച മണ്ഡലങ്ങള്‍ കൈവിടാന്‍ കാരണം യുഡിഎഫും എല്‍ഡിഎഫും നടത്തിയ രഹസ്യ വോട്ട് കച്ചവടമാണ് എന്ന പതിവ് ആക്ഷേപമാണ് ബിജെപി നേതൃത്വം ഉന്നയിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ന്യൂനപക്ഷ വിഭാഗം ശക്തമായി ശ്രമിക്കുകയും ചെയ്തുവെന്നും നേതൃത്വം വിലയിരുത്തുന്നു.

ഒട്ടേറെ ചോദ്യങ്ങള്‍
മോശം പ്രകടനം ബിജെപി സംസ്ഥാന ഘടകത്തിന് കനത്ത തിരിച്ചടിയാണ്. ദേശീയ നേതൃത്വത്തിന് മുന്നില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറയേണ്ടി വരും. സംസ്ഥാന തലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന സ്ഥിരീക്കാത്ത വാര്‍ത്തകളും വരുന്നുണ്ട്. പാര്‍ട്ടി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തി തിരുവനന്തപുരം ജില്ലയില്‍ ദയനീയമായ തോല്‍വിയാണ് സ്ഥാനാര്‍ഥികള്‍ നേരിട്ടത്.

ബിജെപിയുടെ കുതിപ്പ്
371096 വോട്ടാണ് തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ ബിജെപി നേടിയത്. 2011ന് ശേഷം ഇത്രയും കുറയുന്നത് ആദ്യം. 2014ല്‍ 370000 വോട്ടുകള്‍ നേടിയാണ് മുന്നേറ്റത്തിന് പാര്‍ട്ടി തുടക്കമിട്ടത്. അന്ന് നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെല്ലാം രാജഗോപാലിന് ലീഡ് കിട്ടി. 2015ലെ തദ്ദേശത്തില്‍ 4 ലക്ഷം വോട്ടായി ഉയര്‍ന്നു.

14 ഇടത്തും ഇടിഞ്ഞു
2016ല്‍ 4.40 ലക്ഷം വോട്ടായി ബിജെപി ഉയര്‍ത്തി. നേമത്ത് ജയിക്കുകയും ചെയ്തു. 2019ല്‍ 5.60 ലക്ഷമായി വന്‍ കുതിപ്പ്. 2020ലാണ് കെ സുരേന്ദ്രന്‍ വിഭാഗം ജില്ലാ നേതൃത്വം ഏറ്റെടുത്തത്. തുടര്‍ന്ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില് വോട്ട് ഇടിഞ്ഞു. 4.60 ലക്ഷമായി കുറഞ്ഞു. ഇപ്പോള്‍ വീണ്ടും കുറഞ്ഞ് 3.70 ലക്ഷമായി. 14 മണ്ഡലങ്ങളിലും വോട്ട് താഴ്ന്നു. ആറ്റിങ്ങലില്‍ രണ്ടാം സ്ഥാനം പിടിച്ചത് മാത്രം ഏക ആശ്വാസം.












Click it and Unblock the Notifications