ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ മേപ്പാടി പോളിടെക്‌നിക് കോളേജ്: നോക്കുകുത്തിയായി പുതിയ കെട്ടിടം
കല്‍പ്പറ്റ: മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളുടെ ദുരിതം അവസാനിക്കുന്നില്ല. ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് അവരുടെ ജീവിതം. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റിഹാളിലും, ഷോപ്പിംഗ് കോംപ്ലക്‌സിലുമാണ് കഴിഞ്ഞ 20 വര്‍ഷമായി പോളിടെക്‌നിക്ക് കോളേജ് പ്രവര്‍ത്തിച്ചുവരുന്നത്.
2018 മെയ് 14ന് എല്ലാപണികളും പൂര്‍ത്തിയാക്കിയ മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡ് കാഞ്ഞിലോട് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതാണ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല. മഴ ശക്തമായാല്‍ ചോര്‍ന്നൊലിക്കുന്ന ക്ലാസിലിരുന്ന് പഠിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍. വൈദ്യുതി ലഭിക്കാത്തതാണ് പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള പ്രധാനതടസം.
അഞ്ച് ലക്ഷം രൂപ കെ എസ് ഇ ബിയില്‍ കെട്ടിവെച്ചാല്‍ മാത്രമെ വൈദ്യുതി കണക്ഷന്‍ ലഭിക്കൂ. പുതിയ കെട്ടിടത്തിലേക്ക് ഈ അധ്യയന വര്‍ഷംക്ലാസ് ആരംഭിക്കുന്നതിന്റെ ഭാഗമായിരുന്നു മെയില്‍ ഉദ്ഘാടനം നടത്തിയത്. എന്നാല്‍ പുതിയ അധ്യയന വര്‍ഷവും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലിരിക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ വിധി.
ഒന്നര പതിറ്റാണ്ട് മുമ്പ് എ ബി ടി കമ്പനിയില്‍ നിന്നും വാങ്ങിയ പത്തേക്കര്‍ ഭൂമിയിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഈ അധ്യയനവര്‍ഷം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ പുതിയ കെട്ടിടത്തില്‍ ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ജൂലൈ രണ്ടിന് ആരംഭിച്ച ഒന്നാംവര്‍ഷ ക്ലാസുകള്‍ എം പി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പഴകിയ മറ്റൊരു കെട്ടിടത്തിലാണ് ആരംഭിച്ചത്.
ഏറ്റവുമൊടുവില്‍ ഓണം വെക്കേഷന് പുതിയെ കെട്ടിടത്തിലേക്ക് മാറുമെന്ന് അറിയിപ്പ് വന്നു. എന്നാല്‍ സെപ്റ്റംബര്‍ മൂന്നിന് അവധി കഴിഞ്ഞ് ക്ലാസുകള്‍ ആരംഭിക്കാനിരിക്കുമ്പോഴും പുതിയ കെട്ടിടത്തില്‍ വൈദ്യുതി ലഭ്യമായിട്ടില്ല. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണവും അടുത്തിടെ പൂര്‍ത്തിയായി. എന്നാല്‍ ഇവിടെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ പ്രവേശനം നല്‍കിയിട്ടില്ല. 450 വിദ്യാര്‍ത്ഥികളാണ് മേപ്പാടി പോളിടെക്‌നിക്കില്‍ പഠിക്കുന്നത്.