മേയര്‍ ആര്യ രാജേന്ദ്രന്‍ പുറത്താകുമോ? അയോഗ്യയാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയര്‍ ആര്യ രാജേന്ദ്രന്‍ ചട്ടം ലംഘിച്ചുവെന്ന് പരാതി. ആര്യ രാജന്ദ്രനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം ജെഎസ് അഖിലാണ് പരാതിക്കാരന്‍. മുന്‍സിപ്പാലിറ്റി ചട്ടം ആര്യ ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പക്ഷപാത രഹിതമായി പ്രവര്‍ത്തിക്കുമെന്ന വാക്ക് അവര്‍ ലംഘിച്ചു. ഇനി മേയര്‍ ആയി തുടരാന്‍ യോഗ്യയല്ലെന്ന് മാത്രമല്ല, കൗണ്‍സിലര്‍ പദവിയിലും അവര്‍ തുടരരുത് എന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. മേയര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി വന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി. ആര്യ രാജേന്ദ്രന് കുരുക്ക് മുറുകാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്യ രാജേന്ദ്രനെതിരെ മുന്‍ കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാറാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോര്‍പറേഷനില്‍ നടന്ന എല്ലാ താല്‍ക്കാലിക നിയമനങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. വലിയ അഴിമതി ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാല്‍ മേയര്‍ക്കും സിപിഎമ്മിനും അടുത്ത പ്രതിസന്ധി രൂപപ്പെടും.
അതേസമയം, പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. കോണ്‍ഗ്രസും ബിജെപിയും മേയറുടെ ഓഫീസിലേക്ക് മാര്‍ച്ച നടത്തി. തള്ളിക്കയറാനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി. പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. മേയര്‍ രാജിവയ്ക്കണമെന്നാണ് അവരുടെ ആവശ്യം. കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളിലുള്ള ഒഴിവും തസ്തികയും നിയമത്തിന്റെ അവസാന തിയ്യതിയും വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ചതാണ് വിവാദമായത്.
കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കട്ട സപ്പോര്‍ട്ട്; മൂന്ന് കാര്യങ്ങള്‍ എടുത്തുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
മേയറുടെ ലെറ്റര്‍പാഡിലാണ് കത്തയച്ചിരിക്കുന്നത്. മേയര്‍ ഒപ്പുവച്ചു എന്ന കാര്യവും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കത്തയച്ചിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. കത്തില്‍ സൂചിപ്പിച്ച തിയ്യതിയില്‍ താന്‍ തിരുവനന്തപുരത്തില്ലായിരുന്നു എന്നാണ് മേയറുടെ വിശദീകരണം. പാര്‍ട്ടി അന്വേഷിക്കുമെന്നും അവര്‍ സൂചിപ്പിച്ചു. അതേസമയം, കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മേയറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരിശോധിച്ച ശേഷം മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.