• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സിപിഎം നേതാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 10 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും പിഴയും

  • By Desk

തൃശൂര്‍: സി.പി.എം. നേതാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 10 ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും പിഴയും. കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പ്രമോദ്, പഞ്ചായത്ത് അംഗം വി.കെ. ദാസന്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ചാവക്കാട് സബ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ 3,33,500 രൂപ പിഴയടക്കണം. പിഴയില്‍ 35,000 രൂപ പ്രമോദിനും 15,000 രൂപ ദാസനും നല്‍കണം.

17 കാരിയെ റബ്ബർ തോട്ടത്തിൽ വെച്ചും വീട്ടിൽ വെച്ചും പല തവണ പീഡിപ്പിച്ചു; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ!

കണ്ടാണശേരി സ്വദേശികളായ വെട്ടത്ത് വിജീഷ് (33), തടത്തില്‍ പ്രനീഷ് (28), കുഴുപ്പുള്ളി ബിനോയ് (30), വടക്കത്ത് വിനോദ് (40), ചീരോത്ത് യദുനാഥ് (24), ചൂണ്ടുപുരയ്ക്കല്‍ സുധീര്‍ (31), വട്ടം പറമ്പില്‍ സന്തോഷ് ( ബോഷി 34), ഇരപ്പശേരി വിനീഷ് (30), കൊഴുക്കുള്ളി നിഖില്‍ (25), ചൂണ്ടുപുരയ്ക്കല്‍ സുമോദ് (25) എന്നിവരെയാണ് ചാവക്കാട് സബ് ജഡ്ജ് കെ.എന്‍. ഹരികുമാര്‍ ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 13 പ്രതികളുണ്ടായിരുന്ന കേസില്‍ ഇരിപ്പശേരി സിജിഷ് (29), കുന്നത്തുള്ളി ഷിജി (35), വടക്കത്ത് പ്രമോദ് (34) എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. രാവിലെ 10 പേര്‍ കുറ്റകാരെന്ന് കണ്ട കോടതി ഉച്ചകഴിഞ്ഞാണ് ശിക്ഷ പറഞ്ഞത്. ശിക്ഷിക്കപ്പെട്ട പ്രതികളെ പോലീസ് ജയിലിലേക്ക് മാറ്റി.

2011 ജനുവരി 21-ാം തീയതി രാത്രി 9.45ന് കണ്ടാണശേരി എല്‍.പി. സ്‌കൂളിനു മുന്‍വശത്തെ റോഡിലാണ് വധശ്രമം നടന്നത്. പ്രതികള്‍ സംഘംച്ചേര്‍ന്ന് ആയുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു. പഞ്ചായത്ത് അംഗവും സി.പി.എം. ലോക്കല്‍ സെക്രട്ടറിയുമായിരുന്ന പ്രമോദും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായിരുന്ന ദാസനും ലോക്കല്‍ കമ്മിറ്റി മീറ്റിങ് കഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോഴാണ് ശങ്കരംകുളം മുനിമട റോഡില്‍നിന്ന് ബൈക്കുകളിലായെത്തിയ പ്രതികള്‍ ആക്രമിക്കുന്നത്.

ഇരുവരെയും ബൈക്കില്‍നിന്നും തള്ളിയിട്ടശേഷം വാള്‍, ഇരുമ്പ് പൈപ്പ്, ഇഷ്ടിക തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം. വെട്ടേറ്റ പ്രമോദും ദാസനും ഓടിരക്ഷപ്പെടാന്‍ നോക്കിയെങ്കിലും പിറകെയെത്തിയ സംഘം വീണ്ടും ആകമിച്ചു. പ്രമോദിന്റെ തലയ്ക്ക് മാരകമായ പരുക്കേറ്റു. താടിയെല്ലും പല്ലുകളും തകര്‍ന്നു. കാല്‍ മുട്ടെല്ലുകള്‍ തകര്‍ന്നു. ദാസനും കാലുകളിലും കൈകളിലും വെട്ടേറ്റു. ഇരുമ്പു പൈപ്പുകള്‍ കൊണ്ടും ഇഷ്ടിക കൊണ്ടും അക്രമമുണ്ടായി. ഗുരുതരമായി പരുക്കേറ്റ ഇരുവരും എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏറെ കാലം ചികിത്സ നടത്തിയാണ് സാധാരണനിലയിലേക്ക് തിരിച്ചുവന്നത്. കേസിലെ ഒന്നാംപ്രതി വിജീഷിന്റെ പിതാവിനേയും സഹോദരനെയും നേരത്തെ ചിലര്‍ മര്‍ദിച്ചിരുന്നു. ഈ സംഭവത്തിനു പിറകില്‍ പ്രമോദാണെന്ന ധാരണയിലാണ് പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. ഗുരുവായൂര്‍ സി.ഐ. കെ. കെ. സജീവ് അന്വേഷണമാരംഭിച്ച കേസ് സി.ഐ. സുനില്‍കുമാരും അന്വേഷിച്ച് സി.ഐ. കെ.ജി. സുരേഷാണ് അന്വേഷണം പൂര്‍ത്തിയാക്കി.

അതേവര്‍ഷം നവംബര്‍ 25ന് കുറ്റപ്പത്രം സമര്‍പ്പിച്ചത്. എന്നാല്‍ അന്വേഷണം ത്യപ്തികരമല്ലെന്ന പരാതിയുമായി പരുക്കേറ്റവര്‍ കോടതിയെ സമീപിച്ചു. കേസിലെ ഒന്നാം പ്രതിക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. വെട്ടാനുപയോഗിച്ച വാള്‍ പോലീസ് കണ്ടെടുത്തിരുന്നില്ല. ആശുപത്രിയില്‍ പരുക്കേറ്റ് ചികിത്സ നടത്തിയ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അവശേഷിപ്പിച്ചാണ് കുറ്റപ്പത്രമെന്നും പുനരന്വേഷണം നടത്തണമെന്നുമുള്ള പരുക്കേറ്റവരുടെ പരാതി അംഗീകരിച്ച കോടതി കേസ് വീണ്ടും അന്വേഷണം നടത്തുവാന്‍ ഉത്തരവിടുകയായിരുന്നു. സി.ഐ. ആയി ചുമതലയേറ്റ കെ. സുദര്‍ശന്‍ അന്വേഷണം പൂര്‍ത്തിയാക്കി 2015 ഏപ്രില്‍ 13ന് സമര്‍പ്പിച്ച കുറ്റപ്പത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.

വെട്ടാന്‍ ഉപയോഗിച്ച വാള്‍ ഒളിപ്പിച്ച് തെളിവു നശിപ്പിച്ചു എന്നൊരു കുറ്റംകൂടി പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ടു. ആക്രമിക്കാനുപയോഗിച്ച ഇരുമ്പു പൈപ്പുകളും ഇഷ്ടികകളും പോലീസ് കണ്ടെത്തിയിരുന്നു. 27 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. കെ. ബി. സുനില്‍കുമാര്‍, അഡ്വ. കെ.ആര്‍. രജിത്കുമാര്‍ എന്നിവര്‍ ഹാജരായി.

Thrissur

English summary
5 years imprisonment against RSS-BJP workers for murder case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X