ശാരീരിക -മാനസിക വൈകല്യമുള്ള കുട്ടികളെ കാണാന്‍ സൂപ്പര്‍താരം എത്തി; മോഹൻലാലിനെ കണ്ട് സന്തോഷം അടക്കിവെക്കാനാകാതെ പോപ്പ് പോള്‍ മെഴ്‌സി ഹോമിലെ കുട്ടികൾ!
തൃശൂര്‍: ശാരീരിക -മാനസിക വൈകല്യമുള്ള കുട്ടികളെ കാണാന്‍ സൂപ്പര്‍താരം എത്തിയത് പെരിങ്ങണ്ടൂര്‍ പോപ്പ്‌പോള്‍ മേഴ്‌സി ഹോമിലെ കുട്ടികളെ നിര്‍വൃതിയിലാക്കി. ചൈനീസ് വേഷം ധരിച്ച് അഭിനയിച്ച മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദ്യം ആര്‍ക്കും മനസിലായിരുന്നില്ല. പിന്നീടാണ് തങ്ങളുടെ 'നെഞ്ചിനകത്തെ ലാലേട്ടന്‍' ആണെന്ന് ഇവര്‍ അറിയുന്നത്.
പെരിങ്ങണ്ടൂര്‍, അത്താണി, മെഡിക്കല്‍ കോളജ് മേഖലകളിലായി മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഇട്ടിമാണി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പോപ്പ് പോള്‍ മെഴ്‌സി ഹോമിനെ കുറിച്ച് മോഹന്‍ലാല്‍ അറിയുന്നത്. ഷൂട്ടിങ് കഴിഞ്ഞ് അടുത്ത ലോക്കേഷനിലേക്ക് പോകുന്നതിനിടയില്‍ കിട്ടിയ സമയത്താണ് ഷൂട്ടിങ് വേഷം അഴിച്ചുവച്ച് മോഹന്‍ലാല്‍ പോപ്പ് പോളിലെ അന്തേവാസികളെ കാണാന്‍ എത്തിയത്.

മോഹന്‍ലാലിനെ കണ്ടപ്പോള്‍ അവ്യക്തമായ ഭാഷയില്‍ അന്തേവാസികളായ കുട്ടികള്‍ കൈകൊട്ടി ചിരിക്കാനും കൈവീശി കാട്ടാനും മോഹന്‍ലാലിന്റെ ദേഹത്ത് ഒന്നു തൊടാനും ഇവര്‍ മത്സരിക്കുകയായിരുന്നു. അടുത്തെത്തിയ തങ്ങളുടെ പ്രിയപ്പെട്ട മോഹന്‍ലാലിനെ പാട്ടുപാടിയാണ് ഇവര്‍ സ്വീകരിച്ചത്. ''നെഞ്ചിനകത്ത് ലാലേട്ടന്‍'-' എന്ന് പാട്ട് പോള്‍ എന്ന കുട്ടി പാടിയപ്പോള്‍ പിന്നെ എല്ലാവരും ആ പാട്ട് അവ്യക്തമായി ഏറ്റുപാടുകയായിരുന്നു. അടുത്തുവന്ന മോഹന്‍ലാലാല്‍ അന്തേവാസികളോട് സ്‌നേഹാന്വേഷണം നടത്തി. മുതിര്‍ന്നവരും കുട്ടികളും അടക്കമുള്ള ഇവരുടെ വ്യത്യസ്തമായ കഴിവുകളെപ്പറ്റി അറിഞ്ഞിട്ടുള്ള മോഹന്‍ലാല്‍ അവരെ അഭിനന്ദിക്കാനും മറന്നില്ല.
തന്നേക്കാള്‍ മുമ്പ് ഇവിടെ മമ്മൂട്ടിയും ജയറാം, കാളിദാസന്‍, പൃഥ്വിരാജ് , ദീലിപ്, ശ്രീനിവാസനടക്കം നിരവധി നടീനടന്മാര്‍ വന്നിട്ടുള്ള കാര്യം അറിയാമെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു. നിങ്ങളോടൊപ്പം അല്പനേരംകൂടി ചെലവഴിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും സമയക്കുറവ് അതിനെ അനുവദിക്കുന്നില്ലെന്നു പറഞ്ഞ് നൂറോളം വരുന്ന പോപ്പ്‌പോള്‍ മേഴ്‌സി ഹോമിലെ അന്തേവാസികളോടൊപ്പം ഫോട്ടോയ്ക്ക് പോസ്‌ചെയ്തതിനു ശേഷമാണ് മോഹന്‍ ലാല്‍ മടങ്ങിയത്. മേഴ്‌സി ഹോം ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ അന്തിക്കാട്ട് , അസി. ഡയറക്ടര്‍ ഫാ. അനീഷ ചിറ്റിലപ്പിള്ളി, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications