സംസ്ഥാനത്ത് ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന ആദ്യ വനിതയായി രമ്യ ഹരിദാസ്
തൃശൂര്‍: സംസ്ഥാനത്ത് ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന ആദ്യ വനിതയായി ആലത്തൂരിലെ യുഡിഎഫിന്റെ രമ്യഹരിദാസ് റെക്കോര്‍ഡിട്ടു. അപ്രതീക്ഷിതമായാണ് രമ്യ സ്ഥാനാര്‍ഥിയായി എത്തിയതെങ്കിലും സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനങ്ങളെ അപ്പാടെ തകര്‍ത്തെറിഞ്ഞാണ് വിജയം നേടിയത്. പിണറായി മന്ത്രിസഭയിലെ മൂന്നുമന്ത്രിമാരുടെ മണ്ഡലങ്ങളിലും രമ്യയുടെ ലീഡിനെ പിടിച്ചുകെട്ടാനായില്ല. മന്ത്രി എ കെ ബാലന്റെ തരൂരില്‍ രമ്യയ്ക്ക് 24839 വോട്ടിന്റെ ലീഡുണ്ട്. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂരില്‍ 23467 വോട്ടും മന്ത്രി എ സി മൊയ്തീന്‍ പ്രതിനിധീകരിക്കുന്ന കുന്നംകുളത്ത് 14322 വോട്ടും രമ്യയെ മുന്നിലെത്തിച്ചു.
തന്ത്രങ്ങള്‍ പാളി ലോക് താന്ത്രിക് ജനത: എല്‍ഡിഎഫിനൊപ്പം നിന്ന് രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍!!
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ടാലന്റ് ഹണ്ടിലൂടെ കണ്ടെത്തിയ നേതാവാണ് രമ്യ ഹരിദാസ്(32). കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് രമ്യ ആലത്തൂരില്‍ മത്സരിച്ചത്. ഗായിക, പ്രാസംഗിക എന്നീ നിലകളില്‍ സ്‌കൂള്‍- കോളജ് തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ- ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.
ജവഹര്‍ ബാലവേദിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച രമ്യ ഹരിദാസ് കെഎസ്യുവിലൂടെ യൂത്ത് കോണ്‍ഗ്രസിലെത്തി. സംഘടനയുടെ പെരുവയല്‍ മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന ടാലന്റ് ഹണ്ട് പ്രോഗ്രാം രമ്യയുടെ ജീവിതം മാറ്റി മറിച്ചു. രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ രണ്ടു തവണ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രമ്യ അവിടെ കാഴ്ചവെച്ച മികച്ച പ്രകടനത്തിലൂടെയാണ് സംഘടനയുടെ അഖിലേന്ത്യാ കോ- ഓഡിനേറ്ററായി നിയമിക്കപ്പെട്ടത്.
2007 ല്‍ മികച്ച പൊതുപ്രവര്‍ത്തകക്കുള്ള കോഴിക്കോട് നെഹ്രു യുവ കേന്ദ്രയുടെ അവാര്‍ഡ് നേടിയ രമ്യ ഹരിദാസ് 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റേയും സജീവ പ്രവര്‍ത്തകയാണ്. കോഴിക്കോട് കുന്നമംഗലം കുറ്റിക്കാട്ടൂരില്‍ പി.പി. ഹരിദാസിന്റേയും രാധയുടേയും മകളായ രമ്യ ബി.എ.മ്യൂസിക്ക് ബിരുദധാരിയാണ്. അവിവാഹിതയാണ്. ആലത്തൂരില്‍ സ്ത്രീകളുടെ മനസില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞതാണ് രമ്യയെ അട്ടിമറിവിജയത്തിലേക്ക് നയിച്ചത്.