തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫോണിലെ ഗെയിം അമ്മ ഡിലീറ്റ് ചെയ്തു, മണ്ണെണ്ണ ഒഴിച്ച് വീട് കത്തിക്കാൻ എട്ടാംക്ലാസുകാരൻ

Google Oneindia Malayalam News

തൃശൂർ: അമ്മ ഫോണിലെ ഗെയിമുകൾ ഡിലീറ്റ് ചെയ്തതിനെ തുടർന്ന് വീട് കത്തിക്കുമെന്ന ഭീഷണി മുഴക്കി എട്ടാം ക്ലാസ്സുകാരൻ. ഗെയിമുകൾക്ക് അഡിക്ടായ കുട്ടിയെ പോലീസ് എത്തി അനുനയിപ്പിച്ചാണ് രംഗം ശാന്തമാക്കിയത്. കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിലാണ് സംഭവം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കുട്ടികൾ ഗെയിമുകൾ അഡിക്ട് ആവുന്നതിന്റെ അപകടങ്ങളെ കുറിച്ച് പോലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പും നൽകുന്നു.

കേരള പോലീസ് പങ്കുവെച്ച കുറിപ്പ് വായിക്കാം: അമ്മ ഗെയിം ഡിലീറ്റ് ചെയ്തു.
വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരൻ; സമയോചിത ഇടപെടൽ നടത്തിയ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. എട്ടാം ക്ളാസ്സിൽ പഠിക്കുന്ന മകൻ. ആറാം ക്ളാസിൽ പഠിക്കുന്ന അവന്റെ അനുജത്തി. വീട്ടുജോലികഴിഞ്ഞാൽ അമ്മ രണ്ടുമക്കളുടേയും പഠനത്തിൽ ശ്രദ്ധിക്കുക പതിവായിരുന്നു. ഗൾഫിൽ ജോലിയുള്ള അച്ഛൻ ദിവസവും വീഡിയോകോളിലൂടെ വിശേഷങ്ങൾ അറിയാൻ വിളിക്കുമ്പോൾ മകൻ തൻെറ ആഗ്രഹമായ ഒരു മൊബൈലിനെ പറ്റി അച്ഛനോട് പറയുമായിരുന്നു. അങ്ങിനെയാണ് മകന് അച്ഛൻ ഒരു മൊബൈൽ വാങ്ങികൊടുത്തത്.

'മാഡം ഉണ്ടാകുന്നത് 2017 ഫെബ്രുവരി 19ന്, മാഡത്തോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞത് തമിഴൻ': ബാലചന്ദ്ര കുമാർ'മാഡം ഉണ്ടാകുന്നത് 2017 ഫെബ്രുവരി 19ന്, മാഡത്തോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞത് തമിഴൻ': ബാലചന്ദ്ര കുമാർ

ആദ്യം അനിയത്തിയുമായി ഒരുമിച്ച് മൊബൈൽ കാണുക പതിവായിരുന്നു. ഗെയിമുകൾ ഡൌൺലോഡ് ചെയ്തതോടെ അവൻ പിന്നീട് അനിയത്തിയെ ഒഴിവാക്കി സ്വയം എവിടെയെങ്കിലും പോയി ഒളിച്ചിരുന്ന് ഗെയിമിൽ മുഴുകാൻ തുടങ്ങി. പഠനത്തിൽ പിറകോട്ടു പോകുന്നതിനെ പറ്റി ടീച്ചർ അമ്മയോട് ഓർമ്മപെടുത്തി. അങ്ങിനെയാണ് മകൻെറ മൊബൈൽ കളിഭ്രമം അമ്മ ശ്രദ്ധിക്കാൻ തുടങ്ങിയത്. പലവട്ടം ഉപദേശിച്ചു. ഗൾഫിൽ നിന്നും അച്ഛനും, സ്കൂളിലെ ടീച്ചർമാരും പറഞ്ഞതൊന്നും വിലപോയില്ല. മാനസികമായി അവൻ ഗെയിമിനു അടിമപ്പെട്ടതോടെ അവർ മകനേയും കൂട്ടി കൗൺസിലിങ്ങിനെത്തി.
കൗൺസിലിങ്ങിനോട് സഹകരിച്ച മകൻ പതുക്കെ ഗെയിമിൽ നിന്നും, ഫോണിൽ നിന്നും പിന്തിരിഞ്ഞതോടെ കുടുംബത്തിൽ വീണ്ടും സമാധാനം വന്നു.

44

മാസങ്ങൾക്കു ശേഷം എങ്ങിനേയോ മകൻെറ കയ്യിൽ വീണ്ടും കിട്ടിയ ഫോണിൽ അവൻ അമ്മയറിയാതെ അവൻ വീണ്ടും ഗെയിമുകൾ ഡൌൺലോഡ് ചെയ്തു. സംഭവം ആദ്യത്തേതിൽ നിന്നും കൂടുതൽ വഷളാകാൻ തുടങ്ങി. ഊണും ഉറക്കവുമില്ലാതെ അവൻ കളിയിൽ മുഴുകി. അനിയത്തിയും അമ്മയുമായും കൂട്ടുകാരുമായും ഒരു ബന്ധവുമില്ലാതെ മുറിയടച്ചിട്ട് ഗെയിമിൽ മാത്രം ഒതുങ്ങികൂടിയ അവൻ മാനസികമായി ഏറെ വഴിതെറ്റി പോയിരുന്നു.

ഗൾഫിലുള്ള അച്ഛനോട് പലവട്ടം മകൻെറ മൊബൈൽ അഡിക്ഷനെ പറ്റി പരാതി പറയാറുള്ള അമ്മയെ അവൻ തീരെ അനുസരിക്കാതെയായി. സഹികെട്ട അമ്മ ഒരു ദിവസം അവൻെറ മൊബൈൽ ഫോൺ വാങ്ങി അതിലെ ഗെയിമുകളും കോൺടാക്റ്റ് നമ്പരും ഡെലിറ്റ് ചെയ്തു. ഇതുവരെ കാണാത്ത ഒരു മകൻെറ രൂപത്തെയാണ് അന്ന് അവർ കണ്ടത്. അമ്മയേയും അനിയത്തിയേയും തള്ളിമാറ്റി അലറികൊണ്ട് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ചേട്ടന്റെ മാനസിക വിഭ്രാന്തി കണ്ട് അനുജത്തി പേടിച്ചു കരഞ്ഞ് ഒളിച്ചിരുന്നു. അവൻ അടുക്കളയിൽ പോയി മണ്ണെണ്ണയെടുത്ത് വീട്ടിൽ മുഴുവൻ ഒഴിച്ച് എല്ലാം ചുട്ടുചാമ്പലാക്കുമെന്ന് പറഞ്ഞ് അലറി നടക്കാൻ തുടങ്ങി.

മാനസിക വിഭ്രാന്തിയോടെ അവൻ തീപ്പെട്ടിക്കായി തെരഞ്ഞു നടക്കുമ്പോൾ അമ്മ വേറെയൊന്നും ആലോചിച്ചില്ല ഉടൻതന്നെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചു. ഫോൺ അറ്റൻറു ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ്. എസ്, അമ്മയുടെ ദയനീയ ശബ്ദത്തിലൂടെതന്നെ സംഭവത്തിൻെറ ഗുരുതര സ്വഭാവം മനസ്സിലാക്കി, ഉടൻ തന്നെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ്. സജിത്ത്മോൻ, ഹോം ഗാർഡ് സന്തോഷ് കെ. എന്നിവരെ സംഭവസ്ഥലത്തേക്കയച്ചു.

സംഭവസ്ഥലത്തെത്തിയ അവർ കണ്ടത് വീടുമുഴുവനും മണ്ണെണ്ണയൊഴിച്ച് സാധനങ്ങൾ വാരിവലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലായിരുന്നു. ബാത്ത് റൂമിൽ കയറി കതകടച്ച കുട്ടിയോട് പോലീസുദ്യോഗസ്ഥർ അനുനയത്തിൽ സംസാരിച്ച് വാതിലിൽ തട്ടികൊണ്ടിരുന്നു. അടുത്തു വന്നാൽ തീയിടും... പൊയ്ക്കോ... എന്നുള്ള അവൻെറ ഭീഷണികളോട് വളരെ സൌമ്യമായി പ്രതികരിച്ച് അവന് മൊബൈൽ തിരിച്ചുതരാമെന്നും ഡെലിറ്റു ചെയ്ത ഗെയിം മുഴുവനും സൈബർ സെൽ മുഖേന ഉടൻ തന്നെ തിരിച്ചെടുക്കാമെന്നും വളരെ സമാധാനപരമായി പോലീസുദ്യോഗസ്ഥർ അവന് വാഗ്ദാനം നൽകി. അതോടെ അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി. പിന്നീട് അവനെ വളരെ സമാധാനത്തോടെ സാന്ത്വനപെടുത്തുകയും ചെയ്തു.

അതിനിടയിൽ അവൻെറ മാനസിക നില വളരെ മോശമാകുന്നു എന്നു മനസലാക്കിയ അവർ ഇന്ന് ഡോക്ടറെ കണ്ട് നാളെ സൈബർ സെല്ലിൽ പോകാം അനുസരിക്കില്ലേ... എന്ന് വളരെ സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കിയതോടെ അവൻ സമ്മതിച്ചു. ഉടൻ തന്നെ അവനെ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് എത്തിച്ചു. മെഡിക്കൽ കോളേജിൽ അവന് ചികിത്സയും കൗൺസിലിങ്ങും തുടർന്നു വരികയാണ്. ഇപ്പോൾ അവന് വളരെ മാറ്റമുണ്ട്. അതിൻെറ ആശ്വാസത്തിലാണ് അവൻെറ അമ്മയും അനുജത്തിയുമെല്ലാം.
ഏറെ അപകടകരമായ നിമിഷത്തിൽ സന്ദർഭോചിതമായി കർത്തവ്യനിർവ്വഹണം നടത്തിയ സീനിയർ സിവിൽ പോലീസ് ഓഫീസർ സജിത്ത് മോനും ഹോം ഗാർഡ് സന്തോഷിനും അഭിനന്ദനങ്ങൾ.

രക്ഷിതാക്കളോട്: കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സമയം സ്ഥലം എന്നിവ ക്ളിപ്തപെടുത്തുക. കുട്ടികൾ മൊബൈൽ ഫോണിൽ കാണുന്നത് എന്തെന്നും എന്തിനെന്നും മനസ്സിലാക്കുക. ഓൺലൈൻ ഗെയിമിൻെറ ദുരുപയോഗങ്ങളെ അവരെ സാവധാനം പറഞ്ഞ് മനസ്സിലാക്കുക. ഘട്ടം ഘട്ടമായി അവരെ പിന്തിരിപ്പിക്കുക. മക്കളുമായി വിനോദത്തിനായി അല്പ സമയം കണ്ടെത്തുക. കലാ കായികപരമായ ആക്റ്റിവിറ്റികൾ നൽകി അവരെ മൊബൈലിൽ നിന്നും പിൻതിരിക്കാൻ ശ്രമിക്കുക. കുട്ടികളെ കുറ്റപെടുത്താതെ ചേർത്തു നിർത്തികൊണ്ടുതന്നെ പെരുമാറുക.

കുട്ടികൾ കളിക്കുന്ന ഗെയിമിനെ കുറിച്ച് രക്ഷിതാക്കൾക്കും അവബോധം ആവശ്യമാണ്. കുട്ടികളുടെ കൂട്ടുക്കാരെകുറിച്ചും അവരുടെ ബന്ധങ്ങളെ കുറിച്ചും മനസ്സിലാക്കുക. മൊബൈൽ അഡിക്ഷൻെറ ഗൌരവത്തെ കുറിച്ച് മക്കളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണം. മക്കൾ മൊബൈലിനു അഡിക്റ്റാണെന്നു മനസ്സിലായാൽ ഉടൻതന്നെ അവരെ കൗൺസിലിങ്ങിനു വിധേയമാക്കുക. മാനസികമായി ഏറെ തളർന്ന അവസ്ഥയിലാണെങ്കിൽ ഒരു മടിയും കൂടാതെ മാനസികാരോഗ്യ വിദഗ്ദരെ സമീപിക്കുക.

Thrissur
English summary
Boy addicted to online game tried to set fire his own house, Kerala police shares real incident from Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X