കോവിഡ് വ്യാപനം: തൃശൂരില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ വികസന സമിതി
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാവികസന സമിതി. തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനത്തോതില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് തൃശൂര്‍ ജില്ല പിറകിലാണ്. ഇനിയും ഇതു നിലനിര്‍ത്തുന്നതിനായി താഴെതലം മുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി കോവിഡ് വ്യാപനം തടയാനാണ് പദ്ധതിയെന്നും സ്‌കൂള്‍, കോളേജുകള്‍ എന്നിവ വിട്ടുകൊടുക്കാതെ തന്നെ കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ജില്ലയില്‍ ആരംഭിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. പഞ്ചായത്തു തലത്തില്‍ റാപിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ ആര്‍ ടി) പുന: സംഘടിപ്പിക്കും. ഇവിടങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ പട്ടയ വിതരണം കാര്യക്ഷമമാക്കാന്‍ നടപടി കൈക്കൊള്ളും. ഇതേവരെ 2300 പട്ടയങ്ങള്‍ തയ്യാറാക്കി. ഇനിയും നിശ്ചിത സമയത്തിനുള്ളില്‍ പരമാവധി പട്ടയങ്ങള്‍ തയ്യാറാക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അജണ്ട നിശ്ചയിച്ച് സര്‍ക്കാരിനു നല്‍കി വരുന്നുണ്ട്. തീരദേശങ്ങളില്‍ ജിയോബാഗുകള്‍ സ്ഥാപിക്കാനും ബയോഷീല്‍ഡ് നിര്‍മിക്കാനും സാധിക്കും.
ബയോഷീല്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉതകുന്ന സ്ഥലങ്ങള്‍ കണ്ടെത്താനും വകുപ്പുമേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തീരദേശത്തെ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 853 ഗുണഭോക്താക്കള്‍ക്കു കൂടി ആനുകൂല്യം നല്‍കുന്ന പദ്ധതി നടന്നുവരികയാണ്. പുനര്‍ഗേഹം പുതിയ പദ്ധതിയാക്കി കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നതായും കലക്ടര്‍ അറിയിച്ചു. ആനക്കയം കോളനി പുനരധിവാസം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും ചാലക്കുടി രണ്ടുകൈ പ്രദേശത്തെ ലൈഫ് മിഷന്‍ പദ്ധതിക്ക് സ്ഥലം നോക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
ചേലക്കര താലൂക്ക് ആശുപത്രിയില്‍ എം എല്‍ എ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന ഡയാലിസിസ് സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും. എറവ് - വാടാനപ്പിള്ളി പാത, ചൂണ്ടല്‍ - ആളൂര്‍ പാത എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാനും വകുപ്പുമേധാവിക്ക് നിര്‍ദേശം നല്‍കി. കൊരട്ടിയില്‍ മേച്ചില്‍പുറ പട്ടയ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാനും തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന പശുവളര്‍ത്തല്‍ പദ്ധതിയില്‍ പശുക്കളെ അന്യ സംസ്ഥാനത്തു നിന്നും വാങ്ങാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തെ അറിയിച്ചു.
എം എല്‍ എമാരായ മുരളി പെരുനെല്ലി, ബി ഡി ദേവസ്സി, ഇ ടി ടൈസണ്‍, യു ആര്‍ പ്രദീപ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത, കൃഷിവകുപ്പുമന്ത്രിയുടെ പ്രതിനിധി എം ജി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.