ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന്!!
തൃശൂര്‍: പിജി വിദ്യാര്‍ഥികളുടെയും ഹൗസ് സര്ജന്മാരുടെയും സൂചനാ പണിമുടക്ക് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇന്നലെ രാവിലെമുതല്‍ എത്തിയ നൂറുകണക്കിനുവരുന്ന രോഗികളെ പണിമുടക്ക് സമരം ദുരിതത്തിലാക്കി. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നെത്തിയ സാധാരണക്കാരായ രോഗികള്‍ രാവിലെ ഏഴുമണിക്കുതന്നെ ഒ.പികളില്‍ എത്തിയിരുന്നു. എന്നാല്‍ ഒ.പികളില്‍ വിരലില്‍ എണ്ണാവുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് പരിശോധിക്കുവാന്‍ ഉണ്ടായിരുന്നത്.
മെട്രോയിലെ ജനകീയ യാത്രയുടെ പേരില്‍ കോടതി കയറി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും... നിരനിരയായി നേതാക്കൾ
ഇവരാണെങ്കില് അമ്പതില്‍ കൂടുതല്‍ രോഗികളെ പരിശോധിക്കുവാന്‍ സന്നദ്ധത കാട്ടിയില്ലെന്നും അമ്പത് ടോക്കണുകള്‍ നല്കി ടോക്കണ്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞതും തര്‍ക്കത്തിനു കാരണമായി. ഒരു ഒ.പിയില്‍ മാത്രം ഇരുന്നൂറിലേറെ രോഗികളാണ് എത്തുന്നത്. ചിലപ്പോള്‍ അതില്‍ കൂടുതലും വരും. നാലു വര്‍ഷമായി നടത്താതിരിക്കുന്ന സ്റ്റൈപ്പന്റ് വര്‍ധനവ് ആവശ്യവുമായി ഭാരവാഹികള്‍ ആരോഗ്യവകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഒരുവര്‍ഷത്തിന് മുകളിലായി പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരില്‍നിന്നു വാഗ്ദാനങ്ങള്‍ മാത്രമാണ് യുവ ഡോക്ടര്‍ സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അപ്പോഴൊക്കെയും പൊതുജനതാത്പര്യം മുന്‍നിര്‍ത്തി യാതൊരുവിധ പ്രതിഷേധ പരിപാടികളും കെ.എം.പി.ജി.എയും കെ.എച്ച്.എസ്.എയും നടത്തിയിരുന്നില്ല. പണിമുടക്ക് സമരം ഇല്ലാതെ പ്രശ്നപരിഹാരം എന്ന ലക്ഷ്യത്തോടുകൂടി ഒടുവിലത്തെ ചര്‍ച്ചയും പതിവ് വാഗ്ദാനങ്ങള്‍ക്കപ്പുറം നീങ്ങാത്ത സാഹചര്യത്തില്‍ മുന്‍നിശ്ചയിച്ചപ്രകാരം ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയത്. 20 മുതല്‍ അനിശ്ചിതകാല പണിമുടക്കും ആയി മുന്നോട്ട് പോവാന്‍ കെ.എം.പി.ജി.എയും കെ.എച്ച്.എസ്.എയും തീരുമാനിച്ചത്. കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളിലെ മൂവായിരത്തി അഞ്ഞൂറിലധികം വരുന്ന പി.ജി. റെസിഡന്‍സും ഹൗസ് സര്‍ജന്‍സുമാണ് പണിമുടക്ക് സമരം കേരളത്തില്‍ നടത്തിയത്.
തങ്ങള്‍ക്കര്‍ഹമായ ന്യായമായ സ്റ്റൈപ്പന്‍ഡ് വര്‍ദ്ധനവാണു ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങളെ നിരന്തരം അവഗണിക്കുന്ന സര്‍ക്കാരിനു മുമ്പില്‍ ഇനി സമരമല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്ന സ്ഥിതി സംജാതമായിരിക്കുകയാണെന്ന് പണിമുടക്ക് സമരത്തിനുശേഷം നടത്തിയ പ്രതിഷേധ ധര്‍ണയില്‍ ഇവര്‍ പറഞ്ഞു. സാധാരണക്കാരുടെ ആശ്രയങ്ങളായ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അവര്‍ക്ക് ബോധമുണ്ടാകുമെന്നും നിപ്പയായാലും പ്രളയമായാലും ഓടിനടന്ന് പണിയെടുത്ത ഞങ്ങളെ ഇനിയും പറഞ്ഞുപറ്റിക്കാന്‍ അനുവദിക്കില്ലെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. വിപിന്‍ പറഞ്ഞു. ഡോ. നിഹാല്‍ അധ്യക്ഷത വഹിച്ചു.
കൊല്‍ക്കത്തയിലെ എന്‍.ആര്.എസ്. മെഡിക്കല്‍ കോളജിലെ ഡോക്ടറായ പരിഭാ മുഖോബാദ്ധ്യായയെ രോഗീപരിചരണത്തിനിടയില്‍ ആക്രമിച്ചതിനെ അപലപിച്ചുകൊണ്ടും രാജ്യമൊട്ടാകെ സമരം നടത്തുന്ന ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ജൂബിലി മിഷന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പൊതുസമ്മേളനവും ധര്‍ണ്ണയും നടത്തി. രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആക്രമികള്‍ക്ക് ശിക്ഷ നടപ്പിലാക്കുന്നതിനും അധികൃതര്‍ നടപടികളെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് ചെയര്മാന് സുധീഷ്, ഐ.എം.എ. സംസ്ഥാന ഭാരവാഹി ഡോ. ദില്‍ബര്‍, മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. ഫ്രന്‍സിസ് പള്ളിക്കുന്നത്ത്, സ്റ്റാഫ് അഡൈ്വസര്‍ ഡോ. അശ്വത്ത് എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു.