ആശുപത്രിയില്‍നിന്ന് ബില്ലില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ്: ജീവനക്കാരെ കബളിപ്പിച്ച 10 ലക്ഷം തട്ടിച്ചു
തൃശൂര്‍: പുതുക്കാടുള്ള ആശുപത്രിയില്‍നിന്ന് ബില്ലില്‍ കൃത്രിമത്വം കാട്ടിയും ജീവനക്കാരെ കബളിപ്പിച്ചും പത്തുലക്ഷം രൂപയുമായി കടന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് അഴിയൂര്‍ വില്ലേജില്‍ കാരപ്പറമ്പ് സ്വദേശി ചള്ളവീട്ടില്‍ ചന്ദ്രന്റെ മകന്‍ സനീഷാ (36) ണ് ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. ഒരുവര്‍ഷംമുമ്പ് സ്വകാര്യ ആശുപത്രിയിലെ ബില്ലിങ് വിഭാഗം മേധാവിയായിരുന്ന സനീഷ്, രോഗികള്‍ അടച്ച പണത്തിലാണു കൃത്രിമം കാട്ടി ലക്ഷങ്ങള്‍ തട്ടിയത്. സാമ്പത്തിക വര്‍ഷാവസാനം ഓഡിറ്റര്‍മാരുടെ പരിശോധനയില്‍ തട്ടിപ്പുകണ്ടെത്തിയെങ്കിലും വിദേശത്തു ജോലി ശരിയായെന്നു വിശ്വസിപ്പിച്ചു സ്ഥാപനത്തില്‍നിന്ന് രാജിവച്ചു.
"സഖാവ് ജയരാജന് സിന്ദാബാദ്" വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച് കല്യാണ ചെക്കന്! വീഡിയോ

പ്രതിയെ കണ്ടെത്താനായില്ലെന്ന്
ആശുപത്രി മാനേജ്‌മെന്റ് പുതുക്കാട് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സനീഷിനെ കണ്ടെത്താനായില്ല. ചാലക്കുടി ഡിവൈ.എസ്.പി: കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പാലക്കാട് കണ്ണനൂരിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. അരി മൊത്തവ്യാപാരികള്‍ എന്ന രീതിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുമായി ബന്ധം സ്ഥാപിച്ചാണു സനീഷിനെ പിടികൂടിയത്. പുതുക്കാടെത്തിച്ചു ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേകാന്വേഷണ സംഘത്തില്‍ ഡിവൈ.എസ്.പി: കെ. ലാല്‍ജിയെ കൂടാതെ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ജെ മാര്‍ട്ടിന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്‍, എ.എസ്.ഐ. ജോഫി ജോസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, റെജി എ.യു, ഷിജോ തോമസ് എന്നിവരുമുണ്ടായി. വൈദ്യ പരിശോധനയ്ക്കുശേഷം സനീഷിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

രോഗികള്‍ക്കും ജീവനക്കാര്‍ക്കും സൗമ്യനായ 'മാനേജര്‍ സാര്‍'
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും സനീഷ് മാന്യനും ദീനാനുകമ്പ നിറഞ്ഞവനുമായിരുന്നു. രോഗവിവരങ്ങളും മറ്റും സൗമ്യതയോടെ ആരാഞ്ഞ് അവരെ സാന്ത്വനപ്പെടുത്തിയിരുന്ന ആള്‍തന്നെ ചികിത്സാ ചെലവായി അടയ്ക്കുന്ന തുക തട്ടിയെടുക്കുമെന്നു കരുതിയില്ല. അമ്മയ്ക്കു കാന്‍സറാണെന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതിനായി ലക്ഷക്കണക്കിന് തുക ചെലവാകുമെന്നും പറഞ്ഞു പലരില്‍നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കി.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി
ആശുപത്രി ജീവനക്കാരിലൊരാള്‍ വിദേശജോലിക്കായി ശ്രമിച്ചപ്പോള്‍ ഡോക്ടറുടെ വ്യാജ ഒപ്പിട്ടു പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും കണ്ടെത്തി. ആശുപത്രിയില്‍ നല്‍കിയ വടകരയിലെ വിലാസത്തില്‍ അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിനു തറവാട് കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും വിവാഹശേഷം ഇവിടേക്കെത്തിയിട്ടില്ലെന്നും മനസിലായി. വടകരയിലെ ബന്ധുക്കളില്‍ നിന്നും ലഭിച്ചതടക്കമുള്ള എല്ലാ ഫോണ്‍ നമ്പരും സ്വിച്ചോഫായിരുന്നു. എങ്കിലും ഇയാളുടെ കോഴിക്കോട്ടെ വിലാസം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു സാധിച്ചു.

സനീഷ് പാലക്കാട് ഉണ്ടെന്ന്
അവിടെനിന്നു ലഭിച്ച സൂചനയിലാണ് സനീഷ് പാലക്കാട്ടുണ്ടെന്നു കണ്ടെത്തിയത്. പാലക്കാട് ടൗണിലെ അരി മൊത്തവ്യാപാര സ്ഥാപനങ്ങളും മില്ലുകളും കേന്ദ്രീകരിച്ച് രഹസ്യന്വേഷണം തുടങ്ങി. പിന്നീടത് മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു. മൂന്നു സംഘങ്ങളായി ആഴ്ചകളോളം നടത്തിയ തിരച്ചിലിലാണ് കണ്ണനൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായി ജോലി ചെയ്ത സനീഷിനെ കണ്ടെത്തിയത്. കുഴല്‍മന്ദത്ത് വാടകയ്ക്ക് താമസിക്കുന്ന വിലാസമാണിവിടെ നല്‍കിയത്.