കലാമണ്ഡലത്തിലെ കൂട്ടപിരിച്ചുവിടൽ; പ്രതിഷേധം ശക്തമാവുന്നു, അസാധാരണ നടപടിയെന്ന് വിമർശനം
തൃശൂർ: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരള കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. ഇതിനെ അസാധാരണ നടപടിയാണെന്നാണ് പലരും വിശേഷിപ്പിച്ചത്. നോട്ടീസ് പോലും നൽകാതെയാണ് ജീവനക്കാരെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടുവെന്ന് അറിയിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്‌തിരുന്നു.
കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ അസാധാരണ നടപടിയാണ് കൂട്ടപിരിച്ചുവിടൽ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കി കലാമണ്ഡലത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. കലാമണ്ഡലത്തിന്റെ പ്രവർത്തനം തന്നെ അവതാളത്തിലാവുന്ന നടപടിയാണ് ഇതെന്ന് വിമർശനമുണ്ട്.

ആകെ 140 കളരികളാണ് കലാമണ്ഡലത്തിലുള്ളത്. സ്ഥിരാധ്യാപകർ എന്ന നിലയിൽ അറുപതിൽ താഴെ പേർ മാത്രമാണുള്ളത്. താൽക്കാലിക അധ്യാപകരെ പിരിച്ചുവിട്ട സാഹചര്യത്തിൽ അധ്യയനം മുടങ്ങുമെന്നാണ് ആശങ്ക. 8 മുതൽ 12 വരെ ക്ലാസിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് താൽക്കാലിക അധ്യാപകരാണ്.
മാത്രമല്ല വർഷങ്ങളായി കേരള കലാമണ്ഡലത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന താൽക്കാലിക ജീവനക്കാരും പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ കൂട്ടത്തിൽ ഉണ്ട്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം നാളെ വീണ്ടും ക്ലാസ് തുറക്കാനിരിക്കെയാണ് അപ്രതീക്ഷിത നടപടി ഉണ്ടായത്. ഇതോടെ അധ്യാപകരും വിദ്യാർത്ഥികളും സമരത്തിന് ഒരുങ്ങുകയാണ്.
അതിനിടെ മുൻപ് കലാമണ്ഡലത്തിൽ ഉന്നത പദവികൾ വഹിച്ചവരും കലാകാരൻമാരും വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. വിവേകമില്ലാത്ത നടപടി പിൻവലിക്കണമെന്നാണ് കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോക്‌ടർ എൻആർ ഗ്രാമപ്രകാശ് ആവശ്യപ്പെട്ടത്. പത്മശ്രീ പെരുവനം കുട്ടൻമാരാർ ഉൾപ്പെടെയുള്ളവരും വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കൂട്ടിപിരിച്ചുവിടൽ സംബന്ധിച്ച ഉത്തരവ് വൈസ് ചാൻസലർ ഉത്തരവിട്ടത്. മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിടാനായിരുന്നു ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ ഇവരോട് ജോലിക്ക് വരേണ്ടെന്നായിരുന്നു നിർദ്ദേശം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കലാമണ്ഡലത്തിൽ നിന്ന് ആദ്യമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
മാസം 80 ലക്ഷത്തോളം രൂപയോളമാണ് കലാമണ്ഡലത്തിൽ ചിലവായി വരുന്നത്. എന്നാൽ സാംസ്‌കാരിക വകുപ്പ് 40 ലക്ഷം രൂപ മാത്രമാണ് നൽകുന്നത്. ഇതോടെയാണ് കലാമണ്ഡലം സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയത്. നേരത്തെ തന്നെ കലാമണ്ഡലത്തിലെ അധ്യാപകർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ പിരിച്ചുവിടൽ വാർത്തയും വന്നത്.












Click it and Unblock the Notifications