കേരളത്തില്‍ എംഡിഎംഎ എത്തിക്കുന്നത് നൈജീരിയക്കാരന്‍; സാഹസികമായി പിടികൂടി പൊലീസ്
തൃശൂര്‍: ഡല്‍ഹി കേന്ദ്രീകരിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്ന നൈജീരിയക്കാരന്‍ പിടിയില്‍. മയക്കുമരുന്ന് ചില്ലറവില്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നറിയപ്പെടുന്ന എബൂക്ക വിക്ടര്‍ അനയോയെ (27) ഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്നുമാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം എം ഡി എം എ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഇവര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന്‍ സ്വദേശി ഹസന്‍ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരില്‍ നിന്നും 300 ഗ്രാം എം ഡി എം എ സഹിതം പിടികൂടിയിരുന്നു. അറസ്റ്റിലായ സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കടത്തുന്ന നൈജീരിയന്‍ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

കെന്‍ എന്ന വിളിപ്പേരുമാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ച ഏക വിവരം. ഡല്‍ഹിയിലെത്തി വേഷം മാറിയും വിവിധ പേരുകള്‍ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് ഇയാളെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍, ഡല്‍ഹി പോലീസിന്റെ സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ന്യൂഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്നും ഇയാളെ സാഹസികമായി അറസ്റ്റുചെയ്തത്. അറസ്റ്റിലായ പ്രതിയെ ന്യൂഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രണ്ടു ദിവസം തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുകയുണ്ടായി. ഇതിനുശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചത്.
അടുത്തിടെ കേരളത്തില്‍ എക്‌സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ വന്‍ ലഹരി വേട്ടയാണ് നടക്കുന്നത്. കൊല്ലം ജില്ലയില്‍ എക്‌സൈസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ എം ഡി എം എ, കഞ്ചാവ്, വൈന്‍, ചാരായം എന്നിവ പിടികൂടി മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. തൊടിയൂര്‍ പുലിയൂര്‍ വഞ്ചി ഭാഗത്ത് നിന്നാണ് മുഹമ്മദ് ഷാന്‍ എന്നയാളെ 8.3524 ഗ്രാം എം ഡി എം എയും 500 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. സ്ഥലത്തു മയക്കുമരുന്ന് വില്പന നടത്തുന്നതില്‍ പ്രധാനിയാണ് ഇയാള്‍.
ക്രിസ്തുമസ് - പുതുവല്‍സരീ പ്രമാണിച്ച് അനധികൃതമായി നിര്‍മ്മിച്ച് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 3481.8 ലിറ്റര്‍ വൈന്‍ കൊല്ലം റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ റ്റി രാജുവും സംഘവും പിടിച്ചെടുത്തു ഒരാളെ അറസ്റ്റ് ചെയ്തു. വടക്കേവിള വില്ലേജില്‍ മാടന്‍നട ന്യൂ ഐശ്യര്യ നഗറില്‍ ഉള്ള വീട്ടിലാണ് വന്‍ തോതിലുള്ള വൈന്‍ ശേഖരം കണ്ടെത്തിയത്. പ്രതി വടക്കേവിള സ്വദേശി മാജി മോനെ അറസ്റ്റ് ചെയ്തു. 500 ലിറ്റര്‍ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ടാങ്കുകളിലും, 100 ലിറ്റര്‍ കൊള്ളുന്ന രണ്ട് സ്റ്റീല്‍ അണ്ടാവുകളിലും, 50 ലിറ്റര്‍ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലും, 650 എം എല്ലിന്റെ 12 സ്ഥടിക കുപ്പികള്‍ വീതം കൊള്ളുന്ന 281 കാര്‍ഡ് ബോര്‍ഡ് പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന വൈനാണ് പിടിച്ചെടുത്തത്. അനുമതിയില്ലാതെ വൈന്‍ നിര്‍മ്മിക്കുന്നതും ബോട്ടിലില്‍ ആക്കി വില്‍ക്കുന്നതും ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്.
രാത്രികാല പരിശോധനയില്‍ കൊട്ടാരക്കര കുളക്കട മഠത്തിനാപ്പുഴ സ്വദേശി മനോജ് എന്നയാളുടെ വീട്ടില്‍ നിന്നും 5 ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയും കണ്ടെത്തി. കൊട്ടാരക്കര അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജിഞ്ചു ദാസ് സാംസണിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് കേസ് എടുത്തത് മുന്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഏതാനും മാസങ്ങളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.












Click it and Unblock the Notifications