വീടിന്റെ ടെറസിൽ കയറി ഒളിച്ചിരുന്ന അജ്ഞാതൻ ഡോക്ടർ; ബന്ധുക്കളെത്തിഏറ്റെടുത്തു
തൃശൂർ: വടക്കാഞ്ചേരിയിലെ വീടിന്റെ ടെറസിന്റെ മുകളിൽ നിന്ന് വീട്ടുകാർ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂർ നായ്ക്കനാൽ സ്വദേശിയായ ഇയാൾ ഡോക്ടറാണ്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. ബന്ധുക്കൾ വന്നു യുവാവിനെ ഏറ്റെടുത്തു.
വീടിന്റെ ടെറസിൽ രണ്ട് ദിവസം കഴിഞ്ഞ ഇയാളെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണശ്രമം നടന്നു എന്ന് സംശയിക്കുന്നതായാണ് വീട്ടുകാർ പറയുന്നത്. തിരുവല്ല സ്വദേശി പ്രശാന്ത് എന്ന് പറയുന്നതല്ലാതെ മറ്റൊന്നും യുവാവ് പറയുന്നില്ലെന്ന് പോലീസ് അറിയിച്ചു.

സായ്ഹൗസിൽ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിലായിരുന്നു അപരിചിതനായ യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെ ജോലിക്കാരിക്ക് ആണ് പുറത്തു നിന്ന് ഉള്ള ആരോ ഒരാൾ അവിടെ ഉണ്ടെന്ന് തോന്നിയത്. വീട്ടുകാർ അവിടെയാകെ പരിശോധിച്ചുവെങ്കിലും ആരെയും കണ്ടെത്തിയില്ല. ഇതോടെ ഇവർ തിരച്ചൽ അവസാനിപ്പിച്ചു. വടക്കാഞ്ചേരി ടൗണിൽ നിന്ന് അകത്തേക്ക് മാറിയുള്ള സ്ഥലമാണ് പടിഞ്ഞാറേ മുറി. ഇവിടെയാണ് സംഭവം നടന്നത്.
ഇന്നലെ രാവിലെ അടുക്കളയിൽ ഉണ്ടായിരുന്ന പ്രസീദ ജനലിന് പുറത്ത് ഒരു ശബ്ദം കേട്ടു. ഇതിന് പിന്നാലെ ഭർത്താവുമായി പുറത്തിറങ്ങി നോക്കുകയായിരുന്നു. ടെറസിന് മുകളിൽ ചെന്നപ്പോഴാണ് ടെറസ് ഡോർ തുറന്നു കിടക്കുന്നത് കണ്ടത്. ഇവിടെ പരിശോധിക്കുന്നതിനിടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. ആദ്യം യുവാവ് ഓടിമാറാൻ ശ്രമിച്ചു, എന്നാൽ രണ്ടു പേരും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഇയാളെ താഴെയെത്തിച്ചത്. ടെറസിലെ ഓട് ഇളക്കിയിരുന്നു. വടക്കാഞ്ചേരി പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രശാന്ത്, തിരുവല്ല എന്നു മാത്രമാണ് പ്രതി പറഞ്ഞിരുന്നത്. പ്രതിയുടെ ലക്ഷ്യം എന്താണെന്നറിയാൻ വിശദമായ പരിശോധന നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications