• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുപ്രസിദ്ധ കുറ്റവാളി തേമാലി ഷാജി പിടിയില്‍: കൊലപാതകമുള്‍പ്പെടെ കേസുകളില്‍ പ്രതി, പിടിയിലായത് മൂന്നുവര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം

  • By Desk

തൃശൂര്‍: മൂന്നുവര്‍ഷം മുമ്പ് വ്യാപാരിയെ ആക്രമിച്ച് മൃതപ്രായനാക്കി പണവും എ.ടി.എം. കാര്‍ഡുംമറ്റും അപഹരിച്ച കേസില്‍ ഒളിവിലായിരുന്ന പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി തേമാലിപ്പറമ്പില്‍ ഷാജിയെ(49) യാണ് ചാലക്കുടി ഡിവൈഎസ്പിസി. ആര്‍. സന്തോഷിന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഒ. മാത്യു ജെ.യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്. വത്സകുമാറും ക്രൈം സ്‌ക്വാഡംഗങ്ങളും ചേര്‍ന്ന് പാലക്കാട് മലപ്പുറം ജില്ലാതിര്‍ത്തിയിലെ ഒളിവിടത്തില്‍നിന്നു പിടികൂടിയത്.

കുംഭമേള വെറും ഒരു ഉത്സവം മാത്രമല്ല... 1.2 ലക്ഷം കോടിയുടെ വരുമാനം; ഇത് അത്ര ചെറിയ കാര്യമല്ല

മൂന്നുവര്‍ഷം മുമ്പ് മേയ് അവസാനം ചാലക്കുടിയിലെ നീതി മെഡിക്കല്‍ സ്‌റ്റോറിനു സമീപത്തുവച്ച് വ്യാപാരിയായ തിരുവനന്തപുരം പൂന്തുറ സ്വദേശി സെല്‍വരാജിനെ ബൈക്കിലെത്തിയ ഷാജിയും മൈന എന്നറിയപ്പെടുന്ന സജിയും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഒച്ചവച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ച് മൃതപ്രായനാക്കി സെല്‍വരാജിന്റെ പോക്കറ്റില്‍നിന്നു ബലമായി പണവും എ.ടി.എം. കാര്‍ഡും മറ്റുമുള്ള പഴ്‌സ് എടുത്തുകൊണ്ടുപോയ സംഭവത്തില്‍ പ്രതിയായതോടെ ഒളിവിലായിരുന്നു ഷാജി.

ഇതുകൂടാതെ വര്‍ഷങ്ങള്‍ക്കുമുമ്പ് പരിയാരത്തുവച്ച് രാഷ്ട്രീയമായി എതിര്‍ ചേരിയില്‍പ്പെട്ടയാളെ മൃഗീയമായി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലും ബന്ധുവിനെ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയവെ വാഹനം പരിശോധിക്കാന്‍ ശ്രമിച്ച വനപാലകരെ ആക്രമിച്ച കേസിലും പരിയാരം പോസ്‌റ്റോഫീസ് ജങ്ഷനില്‍ ഹോട്ടലില്‍ ജോലിചെയ്യവേ തമിഴ്‌നാട് സ്വദേശിനിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.

പതിനൊന്നില്‍പ്പരം ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഷാജി ഒളിവിലാണെന്ന റിപ്പോര്‍ട്ട് കിട്ടിയ ഡിവൈ.എസ്.പി. ഇയാളെ കണ്ടെത്താന്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. ഷാജിയെ തേടിയിറങ്ങിയ പോലീസ് സംഘത്തിന് ഷാജിയുടെ വീട്ടുകാരില്‍നിന്നോ അയല്‍വാസികളില്‍നിന്നോ യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഇയാളുടെ പൂര്‍വകാല ചരിത്രം പരിശോധിച്ച അന്വേഷണ സംഘം ഷാജി വിവാഹിതനായിരുന്നെന്നും ഷാജിയുടെ കഠിനമായ മര്‍ദനം സഹിക്കാനാവാതെ വിവാഹബന്ധം യുവതി വേര്‍പെടുത്തിയതാണെന്നും കണ്ടെത്തി.

ഷാജിയുടെ മുന്‍കാല സുഹൃത്തുക്കളെ തിരഞ്ഞ അന്വേഷണസംഘം കാലടി സ്വദേശിയായ സുഹൃത്തില്‍നിന്ന് ചേലക്കര ഭാഗത്ത് എവിടെയോ ഉള്ളതായി വിവരം ലഭിച്ചു. തുടര്‍ന്ന് ചേലക്കരയിലും പരിസരത്തും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഷാജിയുടെ ഫോട്ടോ ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി. തിരികെ ചാലക്കുടിയിലെത്തിയ അന്വേഷണസംഘം ഷാജിയുമായി ബന്ധമുള്ള എല്ലാവരെയും രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയായ മറ്റൊരു മുന്‍കാല കുറ്റവാളി പട്ടാമ്പി ഭാഗങ്ങളില്‍ ഉണ്ടെന്ന വിവരം ലഭിച്ച അന്വേഷണസംഘം അവിടെയെത്തി അന്വേഷിച്ചപ്പോള്‍ തൃശൂര്‍ ചാലക്കുടിക്കാരായ രണ്ടുപേര്‍ ഇവിടെ ചീരക്കച്ചവടം ചെയ്തിരുന്നതായും ഇപ്പോഴവര്‍ ചാലിശ്ശേരി ഭാഗത്തേക്ക് താമസം മാറ്റിയതായും വെളിവായി.

തുടര്‍ന്ന് ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ ശ്രീജിത്, ഗോകുല്‍, പട്ടാമ്പി ഡിവൈ.എസ്.പി. ഓഫീസിലെ ഉദയന്‍ എന്നിവരുടെ സഹായത്തോടെ ഈ പ്രദേശങ്ങള്‍ അരിച്ചുപെറുക്കി ഷാജിയുടെ സുഹൃത്തിനെ കണ്ടെത്തി ചോദ്യം ചെയ്‌തെങ്കിലും മൂന്നുമാസം മുമ്പ് തന്നോട് വഴക്കിട്ട് പോയെന്നായിരുന്നു സുഹൃത്തിന്റെ മൊഴി. അന്വേഷണം വഴിമുട്ടിയെങ്കിലും നിരാശരാകാതിരുന്ന പോലീസ്‌സംഘം ഷാജിയുടെ ഏകദേശ രൂപവും സ്വഭാവസവിശേഷതകളുമുപയോഗിച്ച് നടത്തിയ തുടരന്വേഷണമാണ് അന്വേഷണം തുടങ്ങി മൂന്നരമാസത്തിനുശേഷം ഷാജിയെ ചങ്ങരംകുളത്തിനു സമീപംനിന്ന് പിടിയിലാകാന്‍ സഹായകമായത്.

അന്വേഷണസംഘത്തില്‍ ക്രൈം സ്‌ക്വാഡംഗങ്ങളായ എ.എസ്.ഐ. ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാടില്‍, സി.എ. ജോബ്, റോയി പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്. തുടര്‍ന്ന് ചാലക്കുടിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പൊതുവേ മൃദുസ്വഭാവക്കാരനാണെങ്കിലും മദ്യമോ കഞ്ചാവോ പോലുള്ളവ ഉപയോഗിച്ചാല്‍ ഏറെ അപകടകാരിയായി മാറും ഷാജി. മുന്‍ ഭാര്യമുതല്‍ പിടിയിലാകുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനുവരെ ഈ കാര്യത്തില്‍ ഏകാഭിപ്രായം. ഈ സ്വഭാവം കാരണം ആരും അധികകാലം ഷാജിയെ കൂടെ നിര്‍ത്താറില്ല. ഷാജി അടിക്കടി ലാവണം മാറിക്കൊണ്ടിരുന്നത് അന്വേഷണ സംഘത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

ചാലിശേരിയിലും പരിസരത്തും നാല്പതോളം സ്ഥലങ്ങളിലും പെരുമ്പിലാവ്, കൂറ്റനാട് ഭാഗങ്ങളില്‍ പത്തിലേറെ സ്ഥലത്തും ഷാജി മാറിമാറി താമസിച്ചു. ഇവിടെയെല്ലൊം അന്വേഷണ സംഘം പിന്തുടര്‍ന്നെത്തിയിരുന്നു. പിടിയിലാകുമ്പോള്‍ ഉത്സവ സ്ഥലങ്ങളില്‍ കച്ചവടം നടത്തുന്ന ചങ്ങരംകുളം സ്വദേശി രാജനൊപ്പമായിരുന്നു ഷാജി ഉണ്ടായിരുന്നത്. ഈ വിവരം ലഭിച്ചതോടെ ആ പ്രദേശത്തെ അഞ്ച് ഉത്സവപ്പറമ്പുകളും അരിച്ചുപെറുക്കിയാണ് ഷാജിയെ പൊക്കിയത്. പോലീസ് സംഘത്തെപ്പറ്റി ചെറിയൊരു സൂചന ലഭിച്ചാല്‍പ്പോലും രക്ഷപ്പെടുന്ന സ്വഭാവക്കാരനാണ് ഷാജി. മുമ്പ് നിരവധിതവണ പല പോലീസ് സംഘത്തില്‍നിന്നും തന്ത്രപരമായി ഇയാള്‍ രക്ഷപ്പെട്ടിട്ടുള്ളതായി അറിയാവുന്ന അന്വേഷണസംഘം രക്ഷപ്പെടാന്‍ ഷാജിക്ക് ഒരു പഴുതുപോലും നല്‍കാതെയാണ് പിടികൂടിയത്.

Thrissur

English summary
Themali shaji arrested by police in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X