തൃശ്ശൂർ പുഴയ്ക്കലില്‍ ബസിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു
തൃശൂര്‍: പുഴയ്ക്കലില്‍ സ്വകാര്യ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. പുഴയ്ക്കല്‍ ആമ്പക്കാട് കാഞ്ഞിരപറമ്പില്‍ ഉണ്ണിക്കൃഷ്ണന്റെ മകള്‍ കൃഷ്‌ണേന്ദു(18)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.20ഓടെ പുഴയ്ക്കല്‍ പാടത്ത് പെട്രോള്‍ പമ്പിനടുത്ത ഹോട്ടലിനു സമീപമായിരുന്നു അപകടം. കുന്നംകുളം-തൃശൂര്‍ റൂട്ടിലോടുന്ന ശ്രയണ ബസാണ് സ്‌കൂട്ടറിലിടിച്ചത്.
പ്ലസ്ടു പഠനത്തിനുശേഷം എല്‍.എല്‍.ബി. കോഴ്‌സിനായുള്ള എന്‍ട്രന്‍സ് പരിശീലനത്തിലായിരുന്നു കൃഷ്‌ണേന്ദു. തൃശൂരില്‍ നിന്നു പരിശീലന ക്ലാസിനുശേഷം പുഴയ്ക്കല്‍ പാടത്തെ കല്യാണ്‍ മൊബൈക്‌സില്‍നിന്നു സര്‍വീസിനു കൊടുത്ത സ്‌കൂട്ടറുമായി തിരികെ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം.

അമിത വേഗതയില്‍ വന്ന ബസ് ഇടതുവശത്തുനിന്നു വലതുഭാഗത്തേക്ക് പെട്ടെന്നു വെട്ടിച്ച് സ്‌കൂട്ടറില്‍ തട്ടി. താഴെവീണ കൃഷ്‌ണേന്ദുവിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
ബസ് പിന്നീട് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ടൗണ്‍ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മ: ഗ്ലിന്‍സി. സഹോദരി: പ്ലസ്ടു വിദ്യാര്‍ഥിയായ രാഗേന്ദു. സംസ്‌കാരം ഇന്നുച്ചയ്ക്ക് മൂന്നിന് വടൂക്കര എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍.












Click it and Unblock the Notifications