തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

30 കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് കേസ്; മുഖ്യപ്രതി അറസ്റ്റില്‍, മനോജാണ് അറസ്റ്റിലായത്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മുപ്പതു കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തൃശൂര്‍ പൂങ്കുന്നം ഗൗതം അപ്പാര്‍ട്ടുമെന്റ്‌സിലെ പടിയം കുറുവത്ത് വീട്ടില്‍ സെന്‍സായി മനോജ് എന്നറിയപ്പെടുന്ന മനോജ് (54) ആണ് അറസ്റ്റിലായത്. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘമാണ് മനോജിനെ പിടികൂടിയത്.

ഉത്തരേന്ത്യയിലെ സന്യാസ മഠത്തില്‍നിന്നാണ് അന്വേഷണസംഘം പ്രതിയെ പിടികൂടുന്നത്. പോലീസ് പിടികൂടുമ്പോള്‍ ഇയാള്‍ സന്യാസവേഷത്തിലായിരുന്നു. തൃശൂര്‍ ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിധികളിലായി 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു മനോജ്.

Manoj

തൃശൂര്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ച് ഓഫീസുകള്‍ ഉണ്ടായിരുന്ന ട്രേഡ് ലിങ്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് വന്‍ തുകകള്‍ ഡെപ്പോസിറ്റായി സ്വീകരിച്ച് കാലാവധി കഴിഞ്ഞപ്പോള്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ കമ്പനിയുടെ പാര്‍ട്ടണര്‍മാര്‍ മുങ്ങുകയാണുണ്ടായത്. ഈ കമ്പനിയുടെ തന്നെ പേരില്‍ കുറികള്‍ നടത്തി കുറിവിളിച്ചവര്‍ക്കും കുറി നറുക്ക് കിട്ടിയവര്‍ക്കും പണം കൊടുക്കാതെയാണ് ഇവര്‍ മുങ്ങിയത്.

പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടണര്‍മാരായ സജീവന്‍, തോമസ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മനോജ് നാടുവിട്ടിരുന്നു. വടക്കേഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് പിന്നാലെയുള്ളതിനാല്‍ ഇയാള്‍ സ്ഥിരമായി ഒരിടത്തും തങ്ങിയില്ല. രാജസ്ഥാന്‍, മുംബൈ, പൂനെ, ബറോഡ എന്നിവിടങ്ങളില്‍ പോലീസ് അന്വേഷിച്ചെത്തുമ്പോഴേക്കും ഇയാള്‍ അവിടെ നിന്നെല്ലാം രക്ഷപ്പെട്ടിരുന്നു.

പല പേരുകളിലാണ് ഇയാള്‍ ഒളിച്ചു താമസിച്ചിരുന്നത്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം അഹമ്മദാബാദില്‍ വിശദമായ അന്വേഷണം നടത്തി. കരാട്ടെകേന്ദ്രങ്ങളും സ്‌കൂളുകളും ഫ്‌ളാറ്റുകളും ഫാമുകളും ആശ്രമങ്ങളും മഠങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഗാന്ധിനഗറിലെ കോബായിലുള്ള ശ്രീമദ് രാജ് ചന്ദ്ര അധ്യാത്മിക് സാധന എന്ന ജൈന ആശ്രമത്തിലെത്തിയ അന്വേഷണസംഘം മനോജിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സന്യാസി ഇയാളെ തിരിച്ചറിയുകയും ഇയാളെ ആശ്രമത്തില്‍ കുറച്ചുകാലം കണ്ടെന്ന് പറയുകയും ചെയ്തു.

ഇതെത്തുടര്‍ന്ന് അടുത്തുള്ള സന്യാസിമാര്‍ താമസിക്കുന്ന മഠങ്ങളും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ മനോജ് ഒളിച്ചു താമസിക്കുന്ന ഒളിത്താവളം മനസിലാക്കുകയും അവിടെയെത്തി അന്വേഷിച്ചപ്പോള്‍ ഇയാള്‍ അഹമ്മദാബാദിലെ നിക്കോള്‍ എന്ന സ്ഥലത്തേക്ക് പോയെന്ന് മനസിലാക്കിയ അന്വേഷണസംഘം ഇയാളെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയുമായിരുന്നു. സന്യാസി വേഷത്തിലായിരുന്ന മനോജിനെ അന്വേഷണസംഘാംഗങ്ങള്‍ വേഷം മാറി ആശ്രമവാസികളെ പോലെ ചെന്നാണ് പിടികൂടിയത്.

നിക്ഷേപകരില്‍നിന്നും സമാഹരിച്ച പണം കൊണ്ട് പാര്‍ട്ടണര്‍മാരായ മൂന്നുപേരും കൂടി ശ്രീലങ്ക, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചെന്ന് ആര്‍ഭാട ജീവിതം നയിച്ചതായും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ധാരാളം ഭൂമി വാങ്ങിച്ചുകൂട്ടിയതായും മനോജിനെ ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷണസംഘത്തിന് മനസിലാക്കാന്‍ സാധിച്ചു.

ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ട്രേഡ് ലിങ്ക് കമ്പനി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പരാതികളും 140ലധികം കേസുകളുമുണ്ട്. ഇവരുടെ കേരളത്തിലെ ആസ്തികളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Thrissur
English summary
Thrissur Local News: man arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X