സദാചാര ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ടു; പ്രതികളെ പിടികൂടാനായില്ല
ആറ് പേരാണ് സഹറിനെ ആക്രമിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരേയും പിടികൂടാനായിട്ടില്ല

തൃശ്ശൂര്‍: തൃശൂരില്‍ സദാചാര ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ടു. ചേര്‍പ്പ് സ്വദേശിയും ബസ് ഡ്രൈവറുമായ സഹറാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് സഹറിന് തിരുവാണിക്കാവില്‍ വെച്ച് സദാചാര ഗുണ്ടകളില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു.
രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ വീട്ടില്‍ നിന്ന് ഇറക്കിയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാല് വരെ ആറംഗ സംഘമാണ് സഹറിനെ ക്രൂരമായി മര്‍ദിച്ചത് എന്നാണ് പൊലീസ് പറയുന്നത്. മര്‍ദനമേറ്റ ശേഷം പുലര്‍ച്ചെ സഹര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.
എന്നാല്‍ അവശ നിലയിലായിരുന്ന സഹര്‍ വേദന കൊണ്ട് പുളഞ്ഞു. ഇതോടെ വീട്ടുകാര്‍ സഹറിനെ ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃസൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ സഹറിന്റെ വൃക്കകള്‍ ഉള്‍പ്പെടെ തകരാറിലായിരുന്നു.

പിന്നീട് ദിവസങ്ങളായി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന സഹര്‍ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. തൃശൂര്‍ - തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹര്‍. ചികിത്സയിലിരിക്കെ ആദ്യം പൊലീസിനോട് തനിക്ക് സദാചാരവാദികളുടെ മര്‍ദ്ദനമാണേറ്റത് എന്ന് പറഞ്ഞിരുന്നില്ല.
ബസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരുസംഘം മര്‍ദിച്ചെന്നായിരുന്നു സഹര്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ സദാചാര ഗുണ്ടാ ആക്രമണമാണ് നടന്നത് എന്ന് പൊലീസ് കണ്ടെത്തി. സുഹൃത്തായ യുവതിയുടെ വീടിന് അടുത്തുള്ള ക്ഷേത്രത്തിന് സമീപത്ത് വെച്ച് സഹറിനെ മര്‍ദിക്കുന്ന സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
സഹറിനെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയിരിക്കുകയാണ്. പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാനാകാത്തത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വന്‍വീഴ്ചയാണ് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications