ആശങ്കകളുമായി അദാലത്തിലെത്തി; മാടക്കത്തറ സ്വദേശിനി സൈനബ മടങ്ങിയത് റേഷന്‍ കാര്‍ഡുമായി
തൃശൂര്‍: സഹോദരന് വേണ്ടി പ്രശ്‌നപരിഹാരം തേടിയാണ് മാടക്കത്തറ സ്വദേശിനി സൈനബ അദാലത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ടൗണ്‍ഹാളിലെത്തിയത്. ആശങ്കകളോടെയാണ് സൈനബ വന്നതെങ്കിലും മടങ്ങിയത് നിറപുഞ്ചിരിയോടെയാണ്. ബിപിഎല്‍ കാര്‍ഡ് ഇല്ലാതെ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്ന മാടക്കത്തറ ഹനീഫയ്ക്കാണ് സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് തുണയായത്.

അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ റേഷന്‍ കാര്‍ഡ് തടസ്സമായപ്പോള്‍ സഹോദരി സൈനബ ഹനീഫക്കായി നടപടിക്രമങ്ങളുടെ കുരുക്കഴിക്കാന്‍ ഇറങ്ങി. അത്ര എളുപ്പമായിരുന്നില്ല സൈനബക്ക് മുന്‍പിലുള്ള തടസങ്ങള്‍. 35 വര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്ന ഹനീഫ തന്റെ കൈവശം ഉണ്ടായിരുന്ന രേഖകളെല്ലാം നശിപ്പിച്ചിരുന്നു. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും കൃത്യ സമയത്ത് സൈനബ മാറ്റിവെച്ചതിനാല്‍ അവ സുരക്ഷിതമായി.
ഷീറ്റുകള്‍ കൊണ്ട് മറച്ച ഷെഡ്ഡില്‍ കഴിയുന്ന ഹനീഫക്ക് എ പി എല്‍ കാര്‍ഡാണ് ഉദ്യോഗസ്ഥര്‍ അനുവദിച്ചത്. വിവാഹം കഴിഞ്ഞ സഹോദരിയുടെ പേര് നീക്കം ചെയ്തതിന് ശേഷം ലഭിച്ച കാര്‍ഡിലായിരുന്നു ഈ പിഴവ്. ദുസ്സഹമായിരുന്നു പിന്നീടുള്ള ജീവിതം. കോവിഡും അനുബന്ധ പ്രശ്‌നങ്ങളുമായി പാടുപെടുമ്പോള്‍ ആശ്വാസമായി ലഭിച്ചിരുന്ന സൗജന്യ റേഷന്‍ നിന്നുപോയതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി.
അദാലത്തിനെ കുറിച്ച് കേട്ടറിഞ്ഞ സൈനബ സഹോദരന് വേണ്ടി പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുകയായിരുന്നു. അദാലത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ എല്ലാ ദുരിതങ്ങളും വിവരിക്കുമ്പോഴും എളുപ്പത്തില്‍ ഒരു പരിഹാരം സൈനബ പ്രതീക്ഷിച്ചിരുന്നില്ല.
പരാതി കേട്ട മന്ത്രി ഉടനടി പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അദാലത്തില്‍ തയ്യാറാക്കിയിരുന്ന സപ്ലൈ ഓഫീസിന്റെ കൗണ്ടറില്‍ നന്നും ഉദ്യോഗസ്ഥര്‍ പുതിയ ബി പി എല്‍ റേഷന്‍ കാര്‍ഡ് സൈനബയ്ക്ക് നല്‍കി. ഏറെ നാള്‍ തന്നെയും ഹനീഫയെയും വലച്ച പിങ്ക് റേഷന്‍ കാര്‍ഡ് കയ്യില്‍ കിട്ടിയ സന്തോഷത്തിലാണ് ഹനീഫയും സഹോദരി സൈനബയും.












Click it and Unblock the Notifications