ഹിജാമ കപ്പ് തെറാപ്പി പേരില്‍ ചികിത്സ; രേഖകളില്ല, വ്യാജ ഡോക്ടര്‍ തൃശൂരില്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂര്‍ കരുവന്നൂരില്‍ വ്യാജ ഡോക്ടര്‍ പൊലീസ് പിടിയിലായി. തേലപ്പിള്ളി സ്വദേശി ഫാസില്‍ അഷ്‌റഫ് ആണ് പിടിയിലാത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. കരുവന്നൂരിലെ ഇസ്ര വെല്‍നസ് സെന്റര്‍ എന്ന സ്ഥാപനത്തിലാണ് ചികിത്സ കേന്ദ്രം പ്രവര്‍ത്തിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലും രോഗികള്‍ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നു.

ഹിജാമ കപ്പ് തെറാപ്പി എന്ന പേരിലായിരുന്നു വ്യാജ ചികിത്സ. ഇതേ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റേയോ പഞ്ചായത്തിന്റേയോ അംഗീകാരമോ അനുമതിയോ ഇല്ലാതെയായിരുന്നു വ്യാജ ചികിത്സ. സ്ഥാപനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തി.
'കേരളത്തില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് ഏതെങ്കിലുമൊരു മെഡിക്കല്‍ കൗണ്‍സിലറിന്റെ രജിസ്ട്രേഷന്‍ ആവശ്യമാണ്. എന്നാല്‍ ഇയാള്‍ക്ക് ഇത് സംബന്ധിച്ച് രേഖകളൊന്നും തന്നെയില്ല. അംഗീകാരമില്ലാതെ ചികിത്സ നടക്കുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എന്‍ സതീഷ് പറഞ്ഞു.
നാല് വര്‍ഷമായി സ്ഥാപനം കരുവന്നൂരിപല്‍ പ്രവര്‍ത്തിക്കുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പൊലീസില്‍ വിവരം അറിയിച്ചത്.
മരുന്നുകള്‍ നിര്‍മിച്ചത് വീട്ടിലാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ചികിത്സക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മരുന്നുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനോടകം നിരവധി പേര്‍ ഫാസില്‍ അഷ്റഫിന്റെ വ്യാജ ചികിത്സയ്ക്ക് വിധേയരായെന്നാണ് വിവരം.












Click it and Unblock the Notifications