വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പടിഞ്ഞാറത്തറയും യു ഡി എഫ് പിടിച്ചു: മൂന്ന് മാസത്തിനിടെ എല്‍ ഡി എഫിന് നഷ്ടമായത് രണ്ട് പഞ്ചായത്തുകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ മറ്റൊരു പഞ്ചായത്തിന്റെ ഭരണം കൂടി എല്‍ ഡി എഫിന് നഷ്ടമായി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് നഷ്ടമായതിന് പിന്നാലെയാണ് പടിഞ്ഞാറത്തറയുടെ ഭരണം കൂടി സിപിഎമ്മിന് നഷ്ടമായിരിക്കുന്നത്. യുഡിഎഫിന് പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിജയിച്ച എം പി നൗഷാദ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

നൗഷാദ് ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപി അംഗം തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇപ്പോള്‍ പ്രസിഡന്റായിരുന്ന നൗഷാദും സി പി എമ്മും തമ്മിലുള്ള പടലപ്പിണക്കങ്ങളാണ് ഭരണനഷ്ടത്തിലേക്ക് വരെ കാര്യങ്ങളെത്തിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച ധാരണപ്രകാരം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന നൗഷാദിന് പ്രസിഡന്റ് പദവി നല്‍കേണ്ടതായിരുന്നെങ്കില്‍ എല്‍ ഡി എഫ് അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ നൗഷാദ് മുന്നണി വിട്ട് പുറത്തുവന്നത്.

panchayatelection-

സി പി എമ്മിലെ പി ജി സജേഷായിരുന്നു രണ്ടരവര്‍ഷക്കാലം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്. നൗഷാദ് പുറത്തെത്തിയതോടെ അവിശ്വാസപ്രമേയത്തിലൂടെ സജേഷിനെ യു ഡി എഫിന്റെ നേതൃത്വത്തില്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് നൗഷാദിനെ തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി യു.ഡി.എഫ് രംഗത്ത്വരികയും ഭരണം പിടിക്കുകയുമായിരുന്നു. എല്‍ ഡി എഫ് പിന്തുണയോടെ വിജയിച്ച ലീഗ് വിമത നസീമാ പൊന്നാണ്ടിയും മുന്നണിയില്‍ തിരിച്ചെത്തിയതോടെ യു ഡി എഫിന്റെ അംഗബലം ഒമ്പത് ആകുകയായിരുന്നു.

ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോസഫാണ് നൗഷാദിന്റെ പേര് നിര്‍ദേശിച്ചത്. ഹാരിസ് കണ്ടിയന്‍ പിന്താങ്ങി. എല്‍ ഡി എഫില്‍ നിന്നും മത്സരിച്ചത് മുന്‍ പ്രസിഡന്റായിരുന്ന സജേഷ് തന്നെയായിരുന്നു. അദ്ദേഹത്തിന് ആറ് വോട്ടുകളാണ് ലഭിച്ചത്. വരണാധികാരി ജില്ലാ മണ്ണ് പരിശോധനകേന്ദ്രത്തിലെ അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ഗുണശേഖരനില്‍ നിന്നും സത്യവാചകം ചൊല്ലി നൗഷാദ് ചുമതലയേറ്റു. തുടര്‍ന്ന് യുഡി എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി. ശകുന്തളാ ഷണ്‍മുഖന്‍,മുഹമ്മദ് ബഷീര്‍, അബ്ദുറഹ്മാന്‍,ജോണ്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

2018 ജൂലൈ 28നാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് നഷ്ടമായത്. രണ്ടരവര്‍ഷക്കാലം എല്‍ ഡി എഫ് ഭരിച്ചിരുന്ന മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റായിരുന്ന എ എം നജീം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമാവുന്നത്. 19 വാര്‍ഡുകളുള്ള മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫി നും യു ഡി എഫിനും ഒമ്പത് അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച നജീമിനെ പ്രസിഡന്റാക്കിയതോടെയായിരുന്നു എല്‍ ഡി എഫ് അധികാരത്തിലെത്തിയത്. സി പി എമ്മുമായി തെറ്റിപ്പിരിഞ്ഞ് നജീം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണം യു ഡി എഫ് പിടിച്ചെടുക്കുന്നത്.

കോണ്‍ഗ്രസിലെ സി കെ ബാലകൃഷ്ണനാണ് പുതിയ പ്രസിഡന്റ്. സുല്‍ത്താന്‍ബത്തേരി നഗരസഭയുടെ ഭരണവും ത്രിശങ്കുവിലേക്ക് നീങ്ങുകയാണ്. എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം അംഗമാണ് നിലവില്‍ ബത്തേരി നഗരസഭയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്നത്. ആദ്യ രണ്ടരവര്‍ഷം സി പി എമ്മിലെ സഹദേവനായിരുന്നു അധ്യക്ഷസ്ഥാനം. ബത്തേരി നഗരസഭയിലെ 33ാം ഡിവിഷന്‍ മന്തംകൊല്ലി വാര്‍ഡില്‍ സി പി എം അംഗം മരിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 11ന് തിരഞ്ഞെടുപ്പ് നടക്കും. കൂടാതെ മന്തണ്ടിക്കുന്ന് വാര്‍ഡില്‍ സി പി എം അംഗം ജോലി കിട്ടയതിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു. ഇവിടെയും വൈകാതെ തിരഞ്ഞെടുപ്പ് നടക്കും. ഈ രണ്ട് വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലമായിരിക്കും നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക. നിലവില്‍ ഒരു സീറ്റിന്റെ പിന്‍ബലത്തിലാണ് എല്‍ ഡി എഫ് ബത്തേരിയില്‍ ഭരണം നടത്തുന്നത്.

Wayanad
English summary
wayanad local news panchayat election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X