മീനങ്ങാടിയിൽ റിസോര്‍ട്ട് ഉടമയ്ക്ക് നേരെ വധശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍; ഇതുവരെ പിടിയിലായത് 9 പേർ
കല്‍പ്പറ്റ: മീനങ്ങാടിയിൽ റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ലേക്ക് വ്യൂ റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറി റിസോര്‍ട്ട് ഉടമ കോഴിക്കോട് നെല്ലിക്കോട് തുമ്പുങ്കല്‍ ജോണ്‍ തോമസിനെ വധിക്കാന്‍ ശ്രമിക്കുകയും റിസോര്‍ട്ടില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത കേസിലാണ് പൊലീസ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത്.
വാഴവറ്റ പുതിയതോട്ടത്തില്‍ അബിന്‍ പി.വര്‍ഗീസ് (28), വാഴവറ്റ കടവയല്‍ ബിജു എന്ന മൂര്‍ത്തി ബിജു(42), മൈലമ്പാടി പുതുപറമ്പില്‍ സാബു(46) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കേസില്‍ ഒളിവിലായിരുന്ന അബിന്‍ വര്‍ഗീസിനെ കര്‍ണാകയില്‍ നിന്നും പിടിയിലായതോടെയാണ് മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്.

പ്രതികളെ അബിന്‍, ബിജു, സാബു
സൈബര്‍ സെല്ലിന്റെ സഹായത്തോടെ കര്‍ണാടകയിലെ ബീച്ചനഹള്ളിയില്‍ നിന്നുമാണ് മീനങ്ങാടി എസ് ഐ എ യു ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അബിനെ അറസ്റ്റ് ചെയ്തത്. അബിനില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് മാനന്തവാടിയില്‍ വെച്ച് ബിജുവിനെയും, സാബുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ ബിജു ആറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റിസോര്‍ട്ടില്‍ നടത്തിയ പ്രവൃത്തിയുടെ വാഹനവാടകയുമായി ബന്ധപ്പെട്ട വിഷയത്തെ തുടര്‍ന്ന് സംഘം ചേര്‍ന്നെത്തിയ ചിലര്‍ റിസോര്‍ട്ടുടമയെ വധിക്കാന്‍ ശ്രമിച്ചതായും, റിസോര്‍ട്ടില്‍ നാശനഷ്ടങ്ങള്‍ വരുത്തി വെച്ചതുമായാണ് പരാതി. മര്‍ദ്ദനമേറ്റ റിസോര്‍ട്ട് ഉടമയുടെ കാഴ്ച ശക്തിക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് മീനങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications