കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ അഭ്യസിക്കേണ്ടത് ദയയുടെ ഭാഷ: ഇടി മുഹമ്മദ് ബഷീര്‍

Google Oneindia Malayalam News

അജ്മാന്‍:: ഏറെ സവിശേഷമായ വര്‍ത്തമാന കാല സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അഭ്യസിക്കേണ്ടത് മറ്റെന്തിനെക്കാളും ദയയുടെ ഭാഷയാണെന്നും കണ്ണില്ലാതെ വായിക്കാനും ചെവിയില്ലാതെ കേള്‍ക്കാനും സാധിക്കുന്ന ആ ഭാഷ യൂണിവേഴ്‌സിറ്റികളില്‍ നിന്നല്ല, പ്രത്യുത മനുഷ്യത്വത്തിലധിഷ്ഠിതമായ സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും പരിസരങ്ങളില്‍ നിന്നാണ് പഠിച്ചെടുക്കേണ്ടതെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും മുന്‍ കേരള വിദ്യാഭ്യാസ മന്ത്രിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു. അജ്മാന്‍പാലക്കാട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'വിജയഗാഥ 2016'ന്റെ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിജ്ഞാനാധിഷ്ഠിതമായ കാലഘട്ടത്തിലാണ് നാം ഇന്നുള്ളത്. കുട്ടികള്‍ അവരുടെ നല്ല ഭാവി മുന്നില്‍ കണ്ട് തിരിച്ചറിവോടെ മുന്നോട്ട് പോയാല്‍ അവരെ തേടി തൊഴിലുടമകള്‍ വരും. സമ്പുഷ്ടമായ ധാതു വിഭവങ്ങളെക്കാളും കാര്‍ഷികവ്യാവസായിക ഉല്‍പന്നങ്ങളെക്കാളും മഹത്തായതാണ് വിജ്ഞാനം. കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ നിക്ഷേപിച്ചു കൊണ്ട് അവരെ മുന്‍നടത്താന്‍ രക്ഷിതാക്കളും അധ്യാപകരും ഉല്‍സുകരാവണമെന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങിയ വന്‍ സദസ്സിനെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു.

etmuhammedbasheermp

ഭാഗ്യവശാല്‍, നമ്മുടെ കേരളം സാക്ഷരതയിലും സാമൂഹിക ബോധത്തിലും കുതിച്ചുയര്‍ന്നത് ശ്രദ്ധേയ വസ്തുതയാണ്. വടക്കെ ഇന്ത്യയിലെ കുട്ടികള്‍ മരച്ചട്ട സ്‌ളേറ്റാക്കുമ്പോള്‍ കേരളത്തിലെ കുട്ടികളുടെ സ്‌ളേറ്റ് ഇന്ന് ഡിജിറ്റലായി മാറിക്കഴിഞ്ഞു. ഇത് രാഷ്ട്രീയ ശാക്തീകരണത്തിലൂടെ നമുക്ക് നേടിയെടുക്കാന്‍ സാധിച്ചതാണ്. സി.എച്ച് മുഹമ്മദ് കോയാ സാഹിബിനെ പോലുള്ള ധിഷണാശാലികള്‍ നടത്തിയ വിപ്‌ളവാത്മകമായ പരിഷ്‌കരണ നീക്കങ്ങളാണ് അത്തരമൊരു മികച്ച നിലയിലേക്ക് നമ്മെ ഉയര്‍ത്തിയത്. കേരളം കണ്ട മികച്ച വിദ്യാഭ്യാസ മന്ത്രിയായിരുന്നു സി.എച്ചെന്ന് ഡോ. ബാബുപോള്‍ പറഞ്ഞത് ഇവിടെ പ്രസ്താവ്യമാണ്. സി. രാധാകൃഷ്ണനും അക്കാര്യം അടിവരയിടുകയുണ്ടായി.

സ്വന്തം സമുദായത്തിന്റെ ഉന്നതിക്കൊപ്പം തന്നെ, ഇതര സമുദായങ്ങളെയും മുന്നിലെത്തിക്കാന്‍ സി.എച്ച് അക്ഷീണം യത്‌നിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അടക്കമുള്ള മികവുറ്റ സര്‍വകലാശാലകളും കോളജുകളും സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നന്മയുടെ മാര്‍ഗത്തില്‍ ഒന്നിച്ചു കൂടിയ സദസ്സിനെയാണ് താന്‍ സംബോധന ചെയ്യുന്നതെന്നും ഇതേറെ അഭിമാനകരമാണെന്നും ഇ.ടി പറഞ്ഞു. അജ്മാന്‍പാലക്കാട് ജില്ലാ കെ.എം.സി.സി ഇത്തരമൊരു പ്രൗഢ സംഗമം ഒരുക്കിയത് അഭിനന്ദീയമാണെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ കെ.എം.സി.സി ഘടകങ്ങള്‍ നടത്തി വരുന്ന കാരുണ്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് പ്രകീര്‍ത്തിച്ച ഇ.ടി, സി.എച്ച് സെന്ററുകളിലൂടെയും ബൈത്തുറഹ്മ പദ്ധതികളിലൂടെയും മറ്റ് പ്രസ്ഥാനങ്ങള്‍ക്കൊന്നും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് ഇന്ന് കെ.എം.സി.സി നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.

അജ്മാന്‍ റമദ ഹോട്ടലിലെ മെജസ്റ്റിക് ഹാളിലാണ് വ്യത്യസ്ത പ്രോഗ്രാമുകളോടെ 'വിജയഗാഥ 2016' ഒരുക്കിയത്. വൈകുന്നേരം 4.30ന് വിദ്യാഭ്യാസ സെഷനോടെ തുടക്കം കുറിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ വിദ്യാഭ്യാസ സെഷന്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ മാസ്റ്റര്‍ സ്വാഗതമാശംസിച്ചു. ഹനീഫ് മണ്ണാര്‍ക്കാട് അധ്യക്ഷനായ ചടങ്ങില്‍ ചടങ്ങില്‍ പ്രശസ്ത ട്രെയിനര്‍ എസ്.വി മുഹമ്മദലി മാസ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് ക്‌ളാസ് നയിച്ചു. മന്‍സൂര്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു. വൈകുന്നേരം 7ന് നടന്ന പൊതുസമ്മേളനം അജ്മാന്‍ വിദ്യാഭ്യാസ വകുപ്പ് തലവന്‍ അലി ഖലീഫ അലി ഹാഷിം ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷംസുദ്ദീന്‍ ഒറ്റപ്പാലം അധ്യക്ഷത വഹിച്ച യോഗത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നിര്‍വാഹക സമിതിയംഗം എം.എസ് നാസര്‍ ആമുഖ പ്രഭാഷണം നടത്തി.

യുഎഇ കെ.എം.സി.സി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, അജ്മാന്‍ കെഎംസിസി പ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റ, ജന.സെക്രട്ടറി മജീദ് പന്തല്ലൂര്‍, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ബീരാവുണ്ണി തൃത്താല, ഖാദര്‍ കൊഴിക്കര തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി അജ്മാനിലെ വ്യാപാര രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നവരെയും യു.എ.ഇയിലെ സേവനമാധ്യമവിദ്യാഭ്യാസസാംസ്‌കാരിക മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച പ്രമുഖരെയും കഴിഞ്ഞ അധ്യയന വര്‍ഷം 10, +2 പരീക്ഷകളില്‍ ഉന്നത വിജയം വരിച്ച വിദ്യാര്‍ത്ഥികളെയും വേദിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ആദരിച്ചു. ജില്ലാ സെക്രട്ടറി അസീസ് തൊഴൂക്കര സ്വാഗതവും ആഷിഖ് കോട്ടോപ്പാടം നന്ദിയും പറഞ്ഞു. തുടര്‍ന്ന്, സാരംഗ് ഓര്‍കസ്ട്രയുടെ ഗാനമേളയുമുണ്ടായിരുന്നു.

English summary
ET Muhammed Basheer MP's speech at Ajman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X