ഐ എസ്സിന്റെ നട്ടെല്ല് തകര്‍ന്നു; തല്‍ അഫാറിലും തിരിച്ചടി, വിജയം പ്രഖ്യാപിച്ച് ഇറാഖ് പ്രധാനമന്ത്രി
ഐ എസ്സിന്റെ നട്ടെല്ല് തകര്‍ന്നു; തല്‍ അഫാറിലും തിരിച്ചടി, വിജയം പ്രഖ്യാപിച്ച് ഇറാഖ് പ്രധാനമന്ത്രി
ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ സുപ്രധാന നഗരങ്ങളിലൊന്നായ തല്‍ അഫാറിലും ഐ.എസ് ഭീകരര്‍ക്ക് നിലതെറ്റി. തല്‍ അഫാര്‍ ഉള്‍ക്കൊള്ളുന്ന നിനേവെ പ്രവിശ്യ മുഴുവന്‍ ഇറാഖീ സൈന്യത്തിന്റെ അധീനതയിലായതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐ.എസ് നിയന്ത്രണത്തിലുള്ള തല്‍ അഫാറിനെതിരേ ആഗസ്ത് 20നായിരുന്നു അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ ഇറാഖ് സൈന്യം ആക്രമണം ആരംഭിച്ചത്.
നിങ്ങളെവിടെയാണെങ്കിലും ഞങ്ങള്‍ നിങ്ങളെത്തേടി എത്തും. കീഴടങ്ങുകയോ മരണം പുല്‍കുകയോ ചെയ്യുകയല്ലാതെ മറ്റൊരു വഴി നിങ്ങളുടെ മുമ്പിലില്ല- ഇറാഖി വിജയം പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗിക ടി.വിയില്‍ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം ഐ.എസ് ഭീകരരെ ഓര്‍മിപ്പിച്ചു.

നിനേവെ പ്രവിശ്യയുടെ നിയന്ത്രണം നഷ്ടമായത് ഐ.എസ്സിനെ സംബന്ധിച്ചിടത്തോളം വന്‍പ്രഹരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം ഐ.എസ് സാമ്പത്തിക വ്യവസ്ഥയുടെ തലസ്ഥാനമാണ് ഈ പ്രവിശ്യ. ഇവിടെ നിന്നാണ് മറ്റിടങ്ങളിലേക്ക് എണ്ണ വിതരണം ചെയ്തും നികുതി പിരിച്ചും ഐ.എസ് പണമുണ്ടാക്കുന്നത്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഇവിടം വഴിയാണ് ആയുധങ്ങളടക്കമുള്ള അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പ്രധാന റോഡ് കടന്നുപോവുന്നത്.
എന്നാല്‍ തല്‍ അഫാറിന്റെ വടക്കേഅറ്റത്തുള്ള അല്‍ അയാദിയ്യ പട്ടണത്തിലേക്ക് പിന്‍വാങ്ങിയ ഐ.എസ് സൈന്യം ഇവിടെ നിന്ന് ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖിലെ രണ്ടാമത്തെ വന്‍നഗരമായ മൗസിലില്‍ ജൂലൈയിലേറ്റ പരാജയത്തിനു ശേഷമുള്ള ഐ.എസ്സിന്റെ അവസാന താവളങ്ങളിലൊന്നായിരുന്നു തല്‍ അഫാര്‍. 2014ല്‍ ഐ.എസ് നിയന്ത്രണം പിടിക്കുമ്പോള്‍ രണ്ട് ലക്ഷമായിരുന്നു ഇവിടത്തെ ജനസംഖ്യ. എന്നാല്‍ 10,000ത്തോളം ആളുകള്‍ മാത്രമേ ഇപ്പോള്‍ നഗരത്തിലുള്ളൂവെന്നാണ് ഇറാഖി സൈന്യത്തിന്റെ കണക്കുകൂട്ടല്‍. കിര്‍ക്കുക് പ്രവിശ്യയിലെ ഹവിജയും സിറിയ-സൗദി അതിര്‍ത്തിയിലെ അന്‍ബാര്‍ മരുഭൂമിയുമാണ് ഇറാഖിലെ ശേഷിക്കുള്ള ഐ.എസ് താവളങ്ങള്‍.












Click it and Unblock the Notifications