അഭിലാഷിന്റെ കൈപിടിച്ച് മിന്‍സ; സ്‌കൂളിലേക്കുള്ള യാത്രയിലും പുഞ്ചിരി, നോവായി ദൃശ്യങ്ങള്‍
ദോഹ: അന്നും പതിവ് പോലെ ചിരിച്ചുല്ലസിച്ചാണ് മിന്‍സ സ്‌കൂളിലേക്ക് പോയത്. എന്നാല്‍ ഒരിക്കലും തിരിച്ചുവരാത്തൊരു പോക്കാണ് അതെന്ന് ആരും അറിഞ്ഞിരുന്നില്ല. എല്ലാം ജീവനക്കാരുടെ അനാസ്ഥയായി കാണുമ്പോള്‍ അഭിലാഷിനും സൗമ്യക്കും നഷ്ടപ്പെട്ടത് പൊന്നോമനയുടെ ചിരിയാണ്. പിറന്നാള്‍ ദിനത്തില്‍ സ്‌കൂളിലേക്ക് പോകുന്ന മിന്‍സയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണിത്. ചിരിച്ചുകൊണ്ട് അച്ഛന്റെ കൈപിടിച്ച് നീങ്ങുന്ന മിന്‍സയാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഖത്തര്‍ വളരെ ഗൗരവമായി തന്നെ ഈ മരണത്തെ കാണുന്നുണ്ട്. ജീവനക്കാര്‍ക്കെതിരെ നടപടിയും തുടങ്ങിയിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

image courtesy: manoramaonline
സ്‌കൂളില്‍ യൂണിഫോമും ധരിച്ച് ബാഗും തൂക്കി പിതാവ് അഭിലാഷിന്റെ കൈകളില്‍ തൂങ്ങി പിടിച്ചാണ് മിന്‍സ സ്‌കൂള്‍ ബസിനടുത്തേക്ക് നടന്നത്. ചിരിച്ച് മറിഞ്ഞുള്ള ആ നടത്തത്തിനിടെ വീണ്ടും തിരിഞ്ഞ് നോക്കി മിന്‍സ പുഞ്ചിരിക്കുന്നുണ്ട്. ആ ചിരിക്ക് പിന്നില്‍ സ്‌കൂളിലെയും ബസ്സിലെയും കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ സന്തോഷം പങ്കുവെക്കാനുള്ള ധൃതിയുണ്ടായിരുന്നു. പക്ഷേ മിന്‍സ മോളുടെ ആ യാത്ര ഇനി ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത അത്ര ദൂരത്തിലേക്കാണെന്ന് ഒരിക്കല്‍ പോലും അഭിലാഷോ സൗമ്യക്കോ അറിയുമായിരുന്നില്ല.

image courtesy: mathrubhumi.com
പൊന്നോമനയുടെ പുഞ്ചിരിയാണ് ഇവര്‍ പകര്‍ത്തിയത്. വീട്ടുകാര്‍ മകളെ കൈവീശി കാണിച്ചാണ് യാത്രയാക്കിയത്. എന്നാല്‍ മകളുടെ അവസാന ദൃശ്യങ്ങളാണ് തങ്ങള്‍ പകര്‍ത്തുന്നത് എന്നറിയാതെ വീട്ടുകാര്‍ കൈവീശി കാണിച്ച് മിന്‍സയെ യാത്രയാക്കി. എന്നാല്‍ ബസ്സില്‍ കയറിയ മിന്‍സയെ പിന്നീട് തിരിച്ചിറക്കിയത് ജീവനറ്റ ശരീരമായിട്ടായിരുന്നു. ഖത്തറിലെ പ്രവാസി സമൂഹമാകെ രണ്ട് ദിവസമായി കണ്ണീരിലാണ്. മിന്‍സ പോയ സ്‌കൂള്‍ ബസ് ആളൊഴിഞ്ഞ ഇടത്താണ് പാര്‍ക്ക് ചെയ്തത്. അതുകൊണ്ട് പുറത്തുള്ളവര്‍ ഒന്നും അറിഞ്ഞ് കാണില്ല. കനത്ത ചൂടില്‍ കുട്ടി ശ്വാസം മുട്ടി മരിച്ചെന്നാണ് നിഗമനം.

image courtesy: mathrubhumi.com
മിന്‍സയെ കുറിച്ച് അഭിലാഷിന് ഒരുപാട് കാര്യങ്ങളുണ്ട്. വീട്ടിനടുത്ത് തന്നെ മകളുടെ മൃതദേഹം അടക്കം ചെയ്യണമെന്നാണ് അഭിലാഷിന്റെ ആഗ്രഹം. അതിനുള്ള ഒരുക്കങ്ങളും തയ്യാറായിട്ടുണ്ട്. ചിത്രശലഭം പോലെ മകള്‍ പറന്ന് നടന്ന മുറ്റത്ത് തന്നെ അവളെ അടക്കും. വീടിനോട് ചേര്‍ന്ന് തന്നെ കുഴിയെടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ജൂലായ് മാസത്തിനായി അവസാനമായി മിന്‍സയും അച്ഛനും അമ്മയുമല്ലൊം നാട്ടിലെത്തിയത്. വീണ്ടും വരാമെന്ന് പറഞ്ഞതായിരുന്നു മിന്‍സ മടങ്ങിയത്. എന്നാല്‍ വന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലും.

image courtesy: mathrubhumi.com
അതേസമയം മിന്‍സ മരിക്കാന്‍ കാരണം സ്‌കൂള്‍ ജീവനക്കാരുടെ അനാസ്ഥയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ നഴ്‌സറി സ്‌കൂള്‍ അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അല്‍വക്ര സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്‌കൂളിലെ കെജി വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മിന്‍സ. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയ്ക്ക് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി വന്ന് കുടുംബത്തോട് മാപ്പുചോദിച്ചു. എന്നാല്‍ എല്ലാം നഷ്ടമായത് അഭിലാഷിനും സൗമ്യക്കും. എത്ര ക്ഷമ ചോദിച്ചാലും നഷ്ടമായത് ഒരിക്കലും അവര്‍ക്ക് കിട്ടില്ലല്ലോ.

image courtesy: mathrubhumi.com
അരമണിക്കൂറോളം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമി മിന്‍സയുടെ വീട്ടില്‍ ചെലവിട്ടു. എല്ലാ സഹായങ്ങളും കുടുംബത്തിന് ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജനങ്ങളും സര്‍ക്കാരും ഒപ്പമുണ്ടെന്ന് മന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കി. മിന്‍സയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസമേകി കൊണ്ട് ഒപ്പമുള്ള പ്രവാസി സമൂഹങ്ങള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച്ച ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. സ്‌കൂള്‍ ബസ്സില്‍ നിന്ന് കുട്ടികളെ പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് സ്‌കൂള്‍ അധികൃതരാണ്. അതിലാണ് വീഴ്ച്ച വന്നത്.












Click it and Unblock the Notifications