വമ്പന്‍ പ്രഖ്യാപനത്തിന് സൗദി അറേബ്യ; പ്രവാസികള്‍ക്ക് ഭൂമി വാങ്ങാം, മക്കയിലും മദീനയിലും വരെ...
റിയാദ്: പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നു. വിദേശികള്‍ക്ക് സൗദിയില്‍ വസ്തുക്കള്‍ വാങ്ങാന്‍ അനുമതി നല്‍കുന്ന തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമമായ ഒക്കാസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദിയിലെ റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റി മേധാവി അബ്ദുല്ല അല്‍ ഹമ്മാദിനെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ എല്ലാ വാങ്ങലിനും വിദേശികള്‍ക്ക് അനുമതി നല്‍കുന്ന തീരുമാനമാണ് സൗദിയില്‍ വരാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ അന്തിമ ഘട്ടത്തിലാണ് എന്ന് അബ്ദുല്ല പറഞ്ഞു. ഗള്‍ഫ് റോതാന ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചതെന്ന് ഒക്കാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ല്‍ ഇതിന്റെ പ്രാരംഭമായ ചില നടപടികള്‍ സ്വീകരിച്ചിരുന്നു.

വിദേശികള്‍ക്കും സൗദിയിലെ നിയമപരമായ താമസക്കാര്‍ക്കും സൗദിയില്‍ ഭൂമി വാങ്ങാന്‍ അനുമതി നല്‍കുകയാണ് 2021ല്‍ ചെയ്തത്. ഒരിടത്ത് മാത്രം വാങ്ങാനായിരുന്നു അനുമതി. ഇതിന് വേണ്ടി അബ്ഷീര്‍ ആപ്പില്‍ അപേക്ഷ സമര്‍പ്പിക്കണമായിരുന്നു. ഒന്നിലധികം സ്ഥലങ്ങള്‍ വാങ്ങുന്നതിന് നിരോധനമുണ്ടായിരുന്നു. നിബന്ധനകളോടെയാണ് അന്ന് അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ എല്ലാ തരത്തിലുള്ള ഭൂമി വാങ്ങലുകള്‍ക്കും വിദേശികള്‍ക്ക് അനുമതി നല്‍കാനാണ് സൗദിയുടെ ആലോചന. വാണിജ്യ ആവശ്യങ്ങള്‍ക്കും താമസ ആവശ്യങ്ങള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കുമെല്ലാമുള്ള ഭൂമി വാങ്ങാന്‍ അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മക്കയിലം മദീനയിലും വരെ ഇതിന് അനുമതിയുണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ.
എന്ന് മുതലാണ് പുതിയ നിയമം നിലവില്‍ വരിക എന്ന് വ്യക്തമല്ല. ഉടന്‍ നടപ്പിലാകുമെന്നാണ് അബ്ദുല്ല അല്‍ ഹമ്മാദ് പറയുന്നത്. വിദേശികളെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കാനാണ് സൗദി പുതിയ പരിഷ്‌കരണം കൊണ്ടുവരുന്നതത്രെ. ആഗോള നിക്ഷേപകരെയും സൗദി ഇതുവഴി പ്രതീക്ഷിക്കുന്നു. നിയമ കുരുക്കുകള്‍ ലളിതമാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ യുഎഇ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഖത്തറും നടപടികള്‍ എളുപ്പമാക്കിയിരുന്നു. ടൂറിസം രംഗം സജീവമാക്കി സൗദി അറേബ്യയും പുതിയ ചില തുടക്കമിടുകയാണ്. ഇതിന്റെ ഭാഗം കൂടിയാണ് വിദേശികള്‍ക്ക് ഭൂമി വാങ്ങാന്‍ അവസരം ഒരുക്കുന്നത്. എന്നാല്‍ പദ്ധതി എത്രത്തോളം വിജയകരമാകുമെന്ന് നിരീക്ഷിച്ച ശേഷമാകും കൂടുതല്‍ ഇളവുകള്‍ അധികൃതര്‍ നല്‍കുക എന്നാണ് വിവരം.
എണ്ണ വരുമാനത്തെ ആശ്രയിച്ചാണ് സൗദി മുന്നോട്ട് പോകുന്നത്. എന്നാല്‍ എക്കാലത്തും ഒരു വരുമാനം മാത്രമായി നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന് സൗദി ഭരണകൂടം മനസിലാക്കുന്നു. തുടര്‍ന്നാണ് കൂടുതല്‍ ആദായ മാര്‍ഗം കണ്ടെത്താന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമാണ് ടൂറിസം പരിപോഷിപ്പിക്കാന്‍ തീരുമാനിച്ചത്. സൗദിയിലേക്കുള്ള വിസാ നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്. അതേസമയം തന്നെ ചെലവേറിയിട്ടുമുണ്ട്.












Click it and Unblock the Notifications