Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് സൗദി വിഎഫ്എസ് കേന്ദ്രം തുടങ്ങി; കരുതണം ഈ രേഖകള്‍, ചെലവ് കൂടും

കോഴിക്കോട്: സൗദി അറേബ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള വിസ ഫെസിലിറ്റേഷന്‍ സേവന കേന്ദ്രം (വിഎഫ്എസ്) കോഴിക്കോട് ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്ത് ആവശ്യമായ രേഖകളുമായി എത്തേണ്ട ഈ കേന്ദ്രം മലബാറിലെ ജില്ലക്കാര്‍ക്ക് ഏറെ ആശ്വാസരരമാണ്. കേരളത്തില്‍ നേരത്തെ കൊച്ചിയില്‍ മാത്രമാണ് വിഎഫ്എസ് കേന്ദ്രമുണ്ടായിരുന്നത്.

കോഴിക്കോട് പുതിയറയിലെ മിനി ബൈപ്പാസ് റോഡിലുള്ള സെന്‍ട്രല്‍ ആര്‍ക്കേഡിലാണ് വിഎഫ്എസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തഷീര്‍ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്താല്‍ ലഭ്യമാകുന്ന സമയത്താണ് ഇവിടെ എത്തേണ്ടത്. ബയോ മെട്രിക് വിവരങ്ങളും മറ്റു രേഖകളും ഇവിടെ സ്വീകരിച്ച് മുംബൈയിലെ കോണ്‍സുലേറ്റിലേക്ക് അയക്കും. തിരിച്ച് ലഭ്യമാകുന്ന സമയം ഉപഭോക്താവിനെ അറിയിക്കുന്ന മുറയ്ക്ക് വീണ്ടും വിഎഫ്എസ് കേന്ദ്രത്തിലെത്തി ശേഖരിക്കണം.

saudi-arabia

നേരത്തെ ട്രാവല്‍ ഏജന്‍സികള്‍ ചെയ്തിരുന്ന ജോലിയാണ് ഇപ്പോള്‍ വിഎഫ്എസ് കേന്ദ്രങ്ങള്‍ ചെയ്യുന്നത്. സൗദി അറേബ്യയാണ് ഈ കേന്ദ്രങ്ങള്‍ക്ക് ചുമതല കൈമാറിയത്. പഴയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് അല്‍പ്പം കൂടുതലാണ്. അതുകൊണ്ടുതന്നെ അപ്പോയ്‌മെന്റില്‍ നിര്‍ദേശിക്കപ്പെട്ട തുകയേക്കാള്‍ 5000 രൂപ കൈയ്യില്‍ കരുതുന്നത് നല്ലതാണ്.

സമര്‍പ്പിക്കുന്ന രേഖകളില്‍ വ്യത്യാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. ഭാര്യയോ മറ്റു ബന്ധുക്കളോ ആണെങ്കില്‍ ബന്ധം തെളിയിക്കുന്ന രേഖ നല്‍കണം. അതായത്, ആദ്യം രേഖകള്‍ കൃത്യമാക്കിയ ശേഷം മാത്രമേ വിഎഫ്എസ് കേന്ദ്രത്തിലെത്താകൂ എന്നര്‍ഥം. അപേക്ഷ നിരസിക്കപ്പെട്ടാല്‍ വീണ്ടും അപോയ്‌മെന്റ് എടുക്കണം. ഒരാഴ്ച കഴിഞ്ഞേ അപോയ്‌മെന്റ് ലഭിക്കൂ.

കൈവശം കരുതേണ്ട രേഖകള്‍

നേരത്തെ ട്രാവല്‍ ഏജന്‍സികളാണ് യാത്രക്കാരനില്‍ നിന്ന് പാസ്‌പോര്‍ട്ട് ശേഖരിച്ച് മുംബൈയിലെത്തി വിസ സ്റ്റാമ്പ് ചെയ്തുകൊണ്ടുവന്നിരുന്നത്. 10 ദിവസത്തിനകം സ്റ്റാമ്പിങ് നടപടികള്‍ പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍ വിഎഫ്എസ് കേന്ദ്രങ്ങള്‍ കുറവായതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു എന്നതാണ് വെല്ലുവിളി. അപേക്ഷ നല്‍കുമ്പോള്‍ മലയാളികള്‍ വിസാ സ്റ്റാമ്പിങ് കേന്ദ്രമായി തിരഞ്ഞെടുക്കേണ്ടത് മുംബൈ ആണ്.

വിസ ലഭ്യമായാല്‍ പാസ്‌പോര്‍ട്ട്, വിസ രേഖകള്‍, വെള്ള പശ്ചാത്തലമുള്ള 2 ഫോട്ടോ, സ്റ്റാമ്പിങിനുള്ള അപേക്ഷ, വിസ നല്‍കിയ വ്യക്തിയുടെ പാസ്‌പോര്‍ട്ട്-ഇഖാമ പകര്‍പ്പുകള്‍, ബന്ധം തെളിയിക്കുന്ന രേഖ എന്നിവ കരുതണം. പുതുക്കിയ പാസ്‌പോര്‍ട്ടുള്ളവര്‍ പഴയ പാസ്‌പോര്‍ട്ടും ഹാജരാക്കണം. പഴയ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ എഫ്‌ഐആര്‍ പകര്‍പ്പ് കൊണ്ടുവരണം.

രേഖകള്‍ സമര്‍പ്പിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് വിഎഫ്എസ് കേന്ദ്രത്തിലെത്തി സ്വീകരിക്കാം. ഇതുമായി ബന്ധപ്പെട്ട സന്ദേശം മൊബൈലില്‍ വരും. അപേക്ഷ നല്‍കിയ വ്യക്തി തന്നെ നേരിട്ടെത്തി പാസ്‌പോര്‍ട്ട് സ്വീകരിക്കണം. മറ്റാരെങ്കിലുമാണ് വരുന്നതെങ്കില്‍ ബന്ധം തെളിയിക്കുന്നതും ചുമതലപ്പെടുത്തിയതുമായ രേഖ വേണം. പുതിയ രീതി ഏറെ പ്രയാസമുണ്ടാക്കുന്നു എന്നാണ് പ്രവാസികള്‍ പറയുന്നത്.

നേരത്തെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന രീതിയായിരുന്നു. ഇപ്പോള്‍ ക്യുആര്‍ കോഡുള്ള എ4 കടലാസില്‍ പ്രിന്റ് എടുക്കുകയാണ് ചെയ്യുക. തൊഴില്‍ വിസകള്‍ സ്റ്റാമ്പിങ് ചെയ്യേണ്ടത് മുംബൈ കോണ്‍സുലേറ്റില്‍ നിന്നാണ്. മറ്റു വിസകളാണ് വിഎഫ്എസ് കേന്ദ്രം വഴി സ്റ്റാമ്പിങ് ചെയ്യുക. കൊച്ചിക്ക് പുറമെ കോഴിക്കോടും ഈ കേന്ദ്രം തുറന്നത് വലിയ ആശ്വാസമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+