കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ കരിമ്പട്ടിക തള്ളി സൗദി; റിപ്പോര്‍ട്ട് അസംബന്ധമെന്ന്

  • By Desk
Google Oneindia Malayalam News

സന്‍ആ: യമനില്‍ ഹൂതി സൈന്യവുമായി നടത്തുന്ന ഏറ്റുമുട്ടലിനിടെ കുട്ടികളോട് കാണിച്ച ക്രൂരതകളുടെ പേരില്‍ സൗദി സൈനിക സഖ്യത്തെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി സൗദി അറേബ്യ തള്ളി. കരിമ്പട്ടികയില്‍ പെടുത്തുന്നതിനായി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധവും അസംബന്ധവുമാണെന്ന് സൗദിയുടെ യു.എന്‍ അംബാസഡര്‍ അബ്ദുല്ല അല്‍ മുഅല്ലിമി പ്രസ്താവനയില്‍ ആരോപിച്ചു. സിവിലിയന്‍മാര്‍ക്ക് ആക്രമിക്കപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും യമനില്‍ തങ്ങള്‍ കൈക്കൊള്ളുന്നുണ്ടെന്നും റിപ്പോര്‍ട്ടിനോടുള്ള തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

നിരവധി കുട്ടികളുടെ മരണത്തിനും പരുക്കിനും കാരണക്കാരായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം യമനിലെ സൗദി സഖ്യത്തെ യു.എന്‍ കരിമ്പട്ടികയില്‍ പെടുത്തിയത്. 2016ല്‍ സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങള്‍ക്കുമേല്‍ നടത്തിയ 38 വ്യോമാക്രമണങ്ങളില്‍ 683 കുട്ടികള്‍ കൊല്ലപ്പെടുകയോ അംഗവൈകല്യത്തിന് ഇരകളാവുകയോ ചെയ്തതായി യു.എന്‍ കണ്ടെത്തിയിരുന്നു. നാണക്കേടിന്റെ പട്ടികയെന്നു വിശേഷിപ്പിക്കപ്പെടുന്ന കരിമ്പട്ടിക യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞദിവസം രക്ഷാ സമിതിക്ക് കൈമാറിയിരുന്നു.

saudhi1

എന്നാല്‍ യമനില്‍ കുട്ടികളുള്‍പ്പെടെ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ എല്ലാ ആക്രമണങ്ങള്‍ക്കും കാരണം തങ്ങളുടെ എതിരാളികളായ ഹൂത്തി സൈന്യമാണെന്നാണ് സൗദിയുടെ നിലപാട്. 414 കുട്ടികളുടെ മരണത്തിനും അംഗവൈകല്യത്തിനും കാരണക്കാരായ ഹൂത്തികളെയും സൗദിയോടൊപ്പം യു.എന്‍ കരിമ്പട്ടികയില്‍ പെടുത്തിയിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലും സൗദി ഇടം പിടിച്ചിരുന്നുവെങ്കിലും അവസാന നിമിഷമുണ്ടായ ചില ഇടപെടലുകള്‍ കാരണം അതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. യു.എന്നിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് സൗദി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം സൗദി നിഷേധിച്ചിരുന്നു.

യമനിലെ സാധാരണ പൗരന്‍മാര്‍ ഇന്നനുഭവിക്കുന്ന ദുരന്തപൂര്‍ണമായ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദി സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമാണെന്ന് യു.എന്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. യമനിലെ ആറു ലക്ഷം പേര്‍ക്ക് കോളറ ബാധിക്കുകയും 2000ത്തിലേറെ പേര്‍ ഇതുമൂലം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.

സൗദി സഖ്യം യമനില്‍ നടത്തിയ വ്യോമാക്രമണങ്ങളാണ് നൂറുകണക്കിന് കുട്ടികളടക്കമുള്ള നിരപരാധികളുടെ മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുകയുണ്ടായി. ഹൂത്തികള്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ക്കു നേരെ സൗദി സഖ്യം തുടരുന്ന ഉപരോധം കാരണം 73 ലക്ഷത്തിലേറെ യമനികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ്.

2016 ജൂലൈക്കും 2017 ആഗസ്തിനുമിടയില്‍ സൗദി വ്യോമാക്രമണങ്ങളില്‍ 933 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 1423 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു മാത്രമല്ല, സംസ്‌കാരച്ചടങ്ങിനു നേരെ പോലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

അതേസമയം, ഇരുഭാഗങ്ങളില്‍ നിന്നുമുള്ള ആക്രമണങ്ങളില്‍ യമനിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ ഓരോ ദിവസം കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവ് ചില്‍ഡ്രന്‍ എന്ന സംഘടനയുടെ വക്താവ് കരോളിന്‍ ആനിംഗ് വെളിപ്പെടുത്തി. സ്‌കൂളുകള്‍ക്കടക്കം ബോംബിടുന്ന സാഹചര്യമാണ് അവിടെയുള്ളത്. കുട്ടികളിലേറെ പേരും കോളറ ബാധിച്ചും പട്ടിണി മൂലവും മരണത്തിന്റെ വക്കിലാണെന്നും അവര്‍ പറഞ്ഞു.

English summary
saudi rejects un blacklisting over yemen child deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X