കോണ്‍ക്രീറ്റ് മിക്‌സറിനകത്ത് 22 പേര്‍; അനധികൃത കുടിയേറ്റക്കാരെ ഷാര്‍ജ പോലിസ് പിടികൂടി

  • Posted By: Desk
Subscribe to Oneindia Malayalam

ഷാര്‍ജ: കോണ്‍ക്രീറ്റ് മിക്‌സറിനകത്ത് ഒളിച്ചിരുന്ന് അതിര്‍ത്തി വഴി യുഎഇയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 22 അംഗ അനധികൃത കുടിയേറ്റ സംഘത്തെ ഷാര്‍ജ പോലിസ് വിദഗ്ധമായി അറസ്റ്റ് ചെയ്തു. ഖാത്തം മിലാഹ അതിര്‍ത്തി ചെക്ക്‌പോയിന്റിലായിരുന്നു സംഭവം. കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്കിനകത്ത് ഒളിച്ചിരിക്കുകയായിരുന്നു ഒരു ആഫ്രിക്കന്‍ സ്ത്രീയും 21 ഏഷ്യക്കാരും അടങ്ങുന്ന സംഘം. ഫെഡറല്‍ കസ്റ്റംസ് അതോറിറ്റിയും ഷാര്‍ജ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് സംഘത്തെ തന്ത്രപരമായി പിടികൂടിയത്.

ഖത്തര്‍ കായിക ദിനം: ആരോഗ്യം കാക്കാന്‍ ആബാലവൃദ്ധം ജനങ്ങള്‍ തെരുവിലിറങ്ങി

അനധികൃതമായി രാജ്യത്തേക്ക് കുടിയേറ്റക്കാര്‍ എത്താനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അതിര്‍ത്തി ചെക്ക്‌പോയിന്റുകളില്‍ നേരത്തേ ലഭിച്ചിരുന്നു. ഇതനുസരിച്ച് ആധുനിക പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ എത്താനിടയുണ്ട് എന്നല്ലാതെ അവര്‍ എങ്ങിനെ വരും എന്നതിനെ കുറിച്ച് അധികൃതര്‍ അറിവുണ്ടായിരുന്നില്ല. അതിനിടയിലാണ് കൂറ്റന്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്ക് അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ ചെക്‌പോയിന്റില്‍ സ്ഥാപിച്ചിരുന്ന എക്‌സേ സ്‌കാനറില്‍ 22 പേര്‍ മിക്‌സര്‍ ടാങ്കില്‍ ഒളിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി ചെയര്‍മാന്‍ കമ്മീഷണര്‍ അലി ബിന്‍ ശുഐബ് അല്‍ കഅബി അറിയിച്ചു.

uaee

എന്നാല്‍ കൂടുതല്‍ പോലിസ് എത്തുന്നതുവരെ ട്രക്കില്‍ ആളുകള്‍ ഒളിച്ചിരിക്കുന്ന വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞതായി ഭാവിച്ചില്ല. ട്രക്കിന്റെ പേപ്പറുകളൊക്കെ പരിശോധിച്ച ശേഷം ഡ്രൈവറോട് ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും കൂടുതല്‍ പോലിസെത്തുകയും ചെയ്തു. 22 പേര്‍ കൊടുംക്രിമിനലുകളോ ആയുധധാരികളോ ആവാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്രയും മുന്‍കരുതലുകള്‍ എടുത്തതെന്ന് ചെക്ക് പോയിന്റ് ഡയരക്ടര്‍ മുഹമ്മദ് അല്‍ റഈസി പറഞ്ഞു. പോലിസ് പ്രദേശമൊന്നാകെ വളഞ്ഞതിനു ശേഷം ഒരാള്‍ വീതം ട്രിക്കില്‍ നിന്നിറങ്ങാന്‍ പോലിസ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് പറഞ്ഞു.

English summary
22 people found hiding inside concrete mixer in UAE

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്