യുഎഇ ലോട്ടറിയില്‍ കളിമാറി: ഇത് വനിതകളുടെ കാലം, മലയാളി ഉള്‍പ്പടെ നിരവധി കോടീശ്വരിമാർ
ബംപർ സമ്മാനം നേടിയ സ്ത്രീകള്‍ വരെ കേരളത്തിലുണ്ടെങ്കിലും പൊതുവെ പുരുഷന്മാരാണ് ലോട്ടറി കൂടുതലായി എടുക്കുന്നത്. കേരളം വിട്ട് ഗള്‍ഫിലേക്ക് എത്തുമ്പോഴും ഇതില്‍ വലിയ മാറ്റമൊന്നുമില്ല. എന്നാല്‍ ഗള്‍ഫിലെ പല ജനപ്രിയ ലോട്ടറി നറുക്കെടുപ്പുകളിലും സ്ത്രീകള്‍ കൂടുതലായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പങ്കെടുക്കുക മാത്രമല്ല, കോടികള്‍ വരുന്ന സമ്മാനങ്ങളും സ്ത്രീകള്‍ സ്വന്തമാക്കുന്നു. ഇതില്‍ മലയാളി സ്ത്രീകള്‍ വരെയുണ്ടെന്നതാണ് ശ്രദ്ധേയം. ഓണ്‍ലൈനായി പങ്കെടുക്കാന്‍ കഴിയുന്നു എന്നതാണ് സ്ത്രീകളുടെ പങ്കാളിത്തം വർധിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. "നറുക്കെടുപ്പുകളിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് പങ്കെടുക്കാനുള്ള പ്രവണത കൂടുതലാണെന്ന ധാരണ ഉണ്ടെങ്കിലു മഹ്‌സൂസിലെ സ്ത്രീ പങ്കാളിത്തത്തിലും വിജയത്തിലും വലിയ ഉയർച്ച കാണുന്നുണ്ട്," ജനപ്രിയ നറുക്കെടുപ്പായ മഹ്‌സൂസിന്റെ മാനേജിംഗ് ഓപ്പറേറ്റർ ഫരീദ് സാംജി വ്യക്തമാക്കുന്നു.

2022 ഡിസംബറിലാണ് മഹ്സൂസില്‍ ആദ്യമായി ഒരു വനിതാ കോടീശ്വരിയുണ്ടാവുന്നത്. അതിന് ശേഷം നിരവധിപ്പേർ ഈ പട്ടികയിലേക്ക് വന്നു. ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും തുടങ്ങിയ മറ്റ് സമ്മാനങ്ങളും നേടിയ സ്ത്രീകളുണ്ട്. ഏപ്രിൽ, മെയ്, ജൂണ്‍ മാസങ്ങളിലെല്ലാം സ്ത്രീകള്‍ 10 മില്യണ്‍ ദിർഹം ഒന്നാം സമ്മാനമുള്‍പ്പടെ നേടിയെന്നും ഫരീദ് സാംജി വ്യക്തമാക്കുന്നു.
മഹ്സൂസിന് പിന്നാലെ എമിറേറ്റ്‌സ് ഡ്രോയിലും സമാനമായ പ്രവണതയാണ് കാണിക്കുന്നത്. നറുക്കെടുപ്പിലെ സ്ത്രീ പങ്കാളിത്തം 13 ൽ നിന്ന് 20 ശതമാനമായി വർദ്ധിച്ചുവെന്ന് പ്ലാറ്റ്‌ഫോമിന്റെ മാനേജിംഗ് പങ്കാളിയായ മുഹമ്മദ് ബെഹ്‌റൂസിയൻ അല്‍വാദിയും വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമുള്‍പ്പടെ സ്ത്രീ വിജയികളുണ്ടാവുകയും ചെയ്തിട്ടുണ്ട്. സ്ത്രീ പങ്കാളിത്തം ഈ വർഷാവസാനത്തോടെ 26 ശതമാനമായി വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എന്തുകൊണ്ടാണ് നിങ്ങള്‍ നറുക്കെടുപ്പില്‍ പങ്കെടുത്തതെന്ന് ചോദിച്ചപ്പോള്‍ ഭൂരിപക്ഷം സ്ത്രീകളും പറഞ്ഞത് ചാരിറ്റിയാണ് ഞങ്ങളുടെ ലക്ഷ്യമെന്നാണ്. വരുമാനത്തിന്റെ ഒരു ഭാഗം വിവിധ സന്നദ്ധ പ്രവർത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്നാണ് ഏപ്രിൽ ഒന്നിന് മഹ്സൂസ് നറുക്കെടുപ്പിലൂടെ 1 മില്യൺ ദിർഹം നേടിയ ഹമീദ ബീഗം വ്യക്തമാക്കിയത്.
"ജയിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഞാൻ പങ്കെടുക്കുന്നത്. ഞാൻ ഒരിക്കലും ഫലങ്ങൾ പരിശോധിക്കുന്നില്ല, മഹ്‌സൂസിൽ നിന്ന് എനിക്ക് കോൾ വന്നപ്പോൾ ഇതൊരു തമാശ കോളാണെന്ന് എനിക്ക് തോന്നി, " എന്നാണ് മറ്റൊരു വിജയിയായ ഹമീദ. ഹൈദരാബാദുകാരിയ ഹമീദ കഴിഞ്ഞ മൂന്ന് വർഷമായി അബുദാബിയിൽസർക്കാർ വകുപ്പിൽ മെഡിക്കൽ കോഡറായി ജോലി ചെയ്യുകയാണ്.
"പണം ജീവകാരുണ്യ സംരംഭങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ" മാസത്തിൽ ഒന്നോ രണ്ടോ തവണ മഹ്‌സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുവെന്നാണ് മലയാളി കൂടിയായ റിൻസ ഫിറോസ് വ്യക്തമാക്കുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന റിൻസ ഏപ്രിലിലാണ് ഒരു മില്യൺ ദിർഹം സമ്മാനം നേടുന്നത്. "യുഎഇയിലെ നറുക്കെടുപ്പുകളെക്കുറിച്ച് വളരെക്കാലമായി എനിക്ക് അറിയാം. എന്നാൽ രണ്ടു വർഷം മുമ്പാണ് ഞാൻ പങ്കെടുക്കാൻ തുടങ്ങിയത്. ആദ്യമായിട്ടാണ് സമ്മാനം ലഭിക്കുന്നത്. അത് ഇത്ര വലിയ തുകയായത് വലിയ സന്തോഷമുണ്ട് " റിന്‍സ വ്യക്തമാക്കുന്നു.












Click it and Unblock the Notifications