പഴയ ഫോൺ വെറുതെ കളയല്ലേ; ഒളിഞ്ഞിരിക്കുന്നത് സ്വർണത്തേക്കാൾ വിലയുള്ള നിധി!
നമ്മുടെ വീടുകളിലെ അലമാരകളിലും സ്റ്റോർ റൂമുകളിലും ഉപയോഗശൂന്യമായി കിടക്കുന്ന പഴയ സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വെറും ഇലക്ട്രോണിക് മാലിന്യങ്ങളാണെന്ന് കരുതിയാൽ നമുക്ക് തെറ്റി. ശാസ്ത്രീയമായി നോക്കുമ്പോൾ, ഇവ ആധുനിക സാങ്കേതികവിദ്യയുടെയും പ്രതിരോധ മേഖലയുടെയും നിലനിൽപ്പിന് ആധാരമായ അത്യപൂർവ്വ ലോഹങ്ങളുടെ (Rare-Earth Elements) വലിയൊരു ശേഖരമാണ്. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന റെയർ-എർത്ത് മാഗ്നറ്റുകൾ (Rare-Earth Magnets) ഇന്ന് സ്വർണ്ണത്തേക്കാളും വിലപിടിപ്പുള്ള വിഭവങ്ങളായി മാറിക്കഴിഞ്ഞു.
എന്താണ് റെയർ-എർത്ത് മാഗ്നറ്റുകൾ?
നിയോഡിമിയം (Neodymium), സാമാരിയം (Samarium), ഡിസ്പ്രോസിയം തുടങ്ങിയ അപൂർവ്വ മൂലകങ്ങൾ ഉപയോഗിച്ചാണ് ഈ കാന്തങ്ങൾ നിർമ്മിക്കുന്നത്. സാധാരണ ഇരുമ്പ് കാന്തങ്ങളെ അപേക്ഷിച്ച് വലിപ്പം വളരെ കുറവാണെങ്കിലും ഇവയ്ക്ക് അതിശക്തമായ കാന്തികബലമുണ്ട്. അതുകൊണ്ടാണ് സ്മാർട്ട്‌ഫോണുകൾ ഇത്ര ചെറുതാക്കാനും എന്നാൽ അവയ്ക്ക് ഉയർന്ന പ്രകടനം കാഴ്ചവെക്കാനും സാധിക്കുന്നത്. യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഇലക്ട്രിക് വാഹനങ്ങളുടെ (EV) മോട്ടോറുകൾ, കാറ്റാടി യന്ത്രങ്ങൾ (Wind Turbines) എന്നിവയുടെ നിർമ്മാണത്തിൽ ഈ കാന്തങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.

ഇ-മാലിന്യത്തിലെ നിധി
ഭൂമിയിൽ നിന്ന് നേരിട്ട് ഖനനം ചെയ്യുന്നതിനേക്കാൾ ലാഭകരമാണ് പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള ലോഹ വേർതിരിച്ചെടുക്കൽ. ഉദാഹരണത്തിന്, ഒരു ടൺ കോബാൾട്ട് ഖനിയിൽ നിന്ന് വെറും ഒന്ന് മുതൽ രണ്ട് കിലോ വരെ കോബാൾട്ട് മാത്രം ലഭിക്കുമ്പോൾ, റീസൈക്കിൾ ചെയ്ത ഒരു ടൺ ബാറ്ററി മെറ്റീരിയലിൽ നിന്ന് 50 മുതൽ 80 കിലോ വരെ കോബാൾട്ട് ലഭ്യമാണ്. അതായത് ഏകദേശം 40 മടങ്ങ് കൂടുതൽ വിഭവങ്ങൾ ഇ-മാലിന്യങ്ങളിൽ നിന്ന് ലഭിക്കും. ഇന്ത്യൻ ലാബുകളിൽ വികസിപ്പിച്ചെടുത്ത 'ആറ്റോമിക് റീസെറ്റ്' (Atomic Reset) പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 900 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഈ കാന്തങ്ങളെ 99.9 ശതമാനം ശുദ്ധിയിൽ വീണ്ടെടുക്കാൻ സാധിക്കും.
ഇന്ത്യയുടെ പ്രാധാന്യവും ചൈനയുടെ മേധാവിത്വവും
നിലവിൽ ലോകത്തിലെ റെയർ-എർത്ത് മിനറലുകളുടെ 90 ശതമാനവും ശുദ്ധീകരിക്കുന്നത് ചൈനയാണ്. ഇത് ആഗോള തലത്തിൽ ചൈനയ്ക്ക് വലിയൊരു മേധാവിത്വം നൽകുന്നു. ഇന്ത്യയ്ക്ക് കേരളത്തിലെയും ഒഡീഷയിലെയും തീരങ്ങളിൽ മോണസൈറ്റ് മണൽ നിക്ഷേപം ഉണ്ടെങ്കിലും, അവ നേരിട്ട് ശുദ്ധീകരിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് കാരണം അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുകയും പകരം വിലകൂടിയ കാന്തങ്ങൾ ഇറക്കുമതി ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ, രാജ്യത്തെ ഇ-മാലിന്യങ്ങളിൽ നിന്ന് അപൂർവ്വ ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
പഴയ സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വലിച്ചെറിയാതെ കൃത്യമായി റീസൈക്ലിംഗ് കേന്ദ്രങ്ങളിൽ എത്തിക്കുന്നതിലൂടെ വലിയൊരു പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാൻ സാധിക്കും. ഓരോ പഴയ ഫോണും ഭാവിക്കാവശ്യമായ ധാതു നിക്ഷേപമാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.












Click it and Unblock the Notifications