വെറും 41 വർഷത്തെ പഴക്കം... രണ്ട് സീറ്റിൽ നിന്ന് 303 സീറ്റിലേക്ക്; ബിജെപി വന്ന വഴികൾ
ഒരു പാർട്ടിയ്ക്ക് മാത്രമായി കേവല ഭൂരിപക്ഷം ലഭിക്കുന്ന ഒരു സാഹചര്യം ഇന്ത്യയിൽ ഉണ്ടാവില്ല എന്നായിരുന്നു ഒരു ദശാബ്ദം മുമ്പ് വരെ കരുതിയിരുന്നത്. എന്നാൽ 2014 ലെ തിരഞ്ഞെടുപ്പിൽ തന്നെ ആ ധാരണകൾ എല്ലാം തെറ്റി. കേവല ഭൂരിപക്ഷത്തിന് വേണ്ടതിനേക്കാൾ പത്ത് സീറ്റ് അധികം ഒറ്റയ്ക്ക് നേടിയാണ് അന്ന് ബിജെപി അധികാരത്തിലെത്തിയത്.
2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും ചരിത്ര വിജയം നേടി. 303 സീറ്റുകളിലാണ് ഒറ്റയ്ക്ക് വിജയിച്ചത്. 1984 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യയിൽ ഒരു രാഷ്ട്രീയ പാർട്ടി ലോക്‌സഭ തിരഞ്ഞെടുപ്പിൽ മുന്നൂറിൽ അധികം സീറ്റുകൾ നേടുന്നത്. ബിജെപി എന്ന ഭാരതീയ ജനതാ പാർട്ടിയുടെ ചരിത്രത്തിന് 41 വർഷത്തിന്റെ പഴക്കമേയുള്ളു. പക്ഷേ, ബിജെപി രൂപപ്പെടുന്ന സാഹചര്യത്തിന് അതിലും എത്രയോ ഏറെ പഴക്കമുണ്ട്.

ഇന്ന് അംഗ സംഖ്യ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. വിക്കി പീഡിയയിലെ വിവരം പ്രകാരം 210 ദശലക്ഷം ആളുകൾ ബിജെപിയിൽ അംഗങ്ങളാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ 95.148 ദശലക്ഷം അംഗങ്ങളാണുള്ളത്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തോടെ ആണ് ബിജെപിയിലെ അംഗങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന വന്നത്. എന്നാൽ ഈ പറയുന്ന കണക്കിൽ, പാർട്ടിയുടെ മിസ്ഡ് കോൾ മെമ്പർഷിപ് കാമ്പയിൻ വഴി അംഗങ്ങളായവരും കൂടി ഉൾപ്പെടുന്നുണ്ട്.

ബിജെപിയുടെ ചരിത്രത്തിലേക്ക് പോയാൽ, അത് ആർഎസ്എസിലേക്ക് തന്നെയാണ് എത്തുക. ആർഎസ്എസ് പിന്തുണയോടെ, അല്ലെങ്കിൽ ആർഎസ്എസിന്റെ രാഷ്ട്രീയ സംഘടന എന്ന് ബിജെപിയെ വിശേഷിപ്പിക്കാം. സ്വതന്ത്ര ഇന്ത്യയിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അപ്രമാദിത്തത്തിൽ പ്രതിഷേധം കൊണ്ട്, ഹിന്ദുത്വ അജണ്ടകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടായിരുന്നു ആർഎസ്എസ് പിന്തുണയോടെയുള്ള രാഷ്ട്രീയ പാർട്ടിയുടെ തുടക്കം. എന്നാൽ അത്, ബിജെപി ആയിരുന്നു.

ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ആയിരുന്നു അന്ന് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. ഭാരതീയ ജന സംഘ് എന്നായിരുന്നു പാർട്ടിയുടെ പേര്. 1951 ഒക്ടോബർ 21 ന് ആയിരുന്നു പാർട്ടി രൂപീകൃതമായത്. 1952 ലെ പൊതുതിരഞ്ഞെടുപ്പിൽ 94 സീറ്റിൽ മത്സരിച്ച പാർട്ടിയ്ക്ക് ജയിക്കാനായത് 3 സീറ്റുകളിൽ മാത്രമായിരുന്നു. 20 ഇടത്ത് രണ്ടാം സ്ഥാനത്ത് എത്താനായി എന്നതായിരുന്നു ഒരു നേട്ടം. 1957 ലെ തിരഞ്ഞെടുപ്പിൽ 133 സീറ്റുകളിലാണ് ഭാരതീയ ജന സംഘ് മത്സരിച്ചത്. ജയിക്കാനായത് ആകെ 4 സീറ്റുകളിൽ മാത്രം. 1962 ലെ തിരഞ്ഞെടുപ്പിൽ 196 സീറ്റിൽ മത്സരിച്ചപ്പോൾ ജയിക്കാനായത് 14 ഇടത്ത് മാത്രം.1967 ലെ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോഴേക്കും ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 35 ലേക്ക് ഉയർത്താൻ ജനസംഘത്തിന് സാധിച്ചു. 249 ഇടത്ത് മത്സരിച്ചിട്ടായിരുന്നു ഇത് എന്ന് മാത്രം. പക്ഷേ, ഈ നേട്ടം 1971 ലെ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ ജനസംഘത്തിന് കഴിഞ്ഞില്ല. ആകെ 22 സീറ്റുകളിലാണ് അന്ന് പാർട്ടി വിജയിച്ചത്.

1977 വരെ മാത്രമായിരുന്നു ഭാരതീയ ജനസംഘ് എന്ന ആർഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയുടെ ആയുസ്സ്. 1975 ൽ ഇന്ദിരാഗാന്ധി ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, വേട്ടയാടപ്പെട്ടവരിൽ ജനസംഘത്തിന്റെ നേതാക്കളും അതിൽ ഉൾപ്പെട്ടിരുന്നു. 1977 ൽ അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ രാജ്യമെങ്ങും ഇന്ദിരയ്ക്കും കോൺഗ്രസിനും എതിരെയുള്ള വികാരം ആഞ്ഞടിക്കുകയായിരുന്നു. അങ്ങനെ ഭാരതീയ ജനസംഘവും കോൺഗ്രസ് (ഒ)യും ഭാരതീയ ലോക് ദളും മറ്റ് പല പാർട്ടികളും ഒന്നുചേർന്ന് ജനതാ പാർട്ടിയായിട്ടാണ് ആ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ദിരയുടെ കോൺഗ്രസിനെ നിലംപരിശാക്കി. ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ജനസംഘം തന്നെ ആയിരുന്നു. മൊറാർജി ദേശായി സർക്കാരിൽ വിദേശകാര്യമന്ത്രിയായി എബി വാജ്‌പേയിയും ഉണ്ടായിരുന്നു.

ജനതാ സർക്കാരിന് അധികം ആയുസ്സുണ്ടായില്ല. ജനസംഘത്തിന് ജനതാ പാർട്ടിയിൽ തുടരുക എന്നത് പ്രത്യയശാസ്ത്രപരമായ അസാധ്യമാകുന്ന സാഹചര്യവും വന്നു. ആദ്യത്തിൽ തീവ്രഹിന്ദുത്വ നിലപാടുകൾ മറച്ചുവച്ച് ജനതാ പാർട്ടിയുടെ ഗാന്ധിയൻ പ്രത്യയശാസ്ത്രവുമായി ഒത്തുപോകാൻ ജനസംഘം ശ്രമിച്ചിരുന്നു. ദേശീയ തലത്തിൽ ഇത് ഒരു പരിധിവരെ സാധ്യമായെങ്കിലും പ്രാദേശിക തലത്തിൽ തീരെ സാധ്യമായില്ല. 1978 ലേയും 79 ലേയും വർഗ്ഗീയ കലാപങ്ങളിൽ ജനസംഘത്തിന്റെ പ്രവർത്തകരുടെ പങ്ക് വിവാദമായപ്പോൾ, ആർഎസ്എസ് ബന്ധം ഉപേക്ഷിക്കണം എന്ന ആവശ്യം ജനതാ പാർട്ടി ഉന്നയിച്ചു. എന്നാൽ ജനസംഘത്തെ കുറിച്ച് അസാധ്യമായ ഒന്നായിരുന്നു അത്. 1980 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി വെറും 31 സീറ്റുകളിൽ ഒതുങ്ങി. ആർഎസ്എസിലും ജനതാ പാർട്ടിയിലും ഇരട്ട അംഗത്വം എന്ന സംഗതി പാർട്ടി നിരോധിച്ചു.

ഇരട്ട അംഗത്വം നിരോധിച്ച ജനതാ പാർട്ടിയുടെ തീരുമാനം ആയിരുന്നു ബിജെപിയുടെ ഉദയത്തിന് വഴിവച്ചത്. 1980 ൽ ആയിരുന്നു ഇത്. സാങ്കേതികമായി ജനസംഘത്തിൽ നിന്ന് വിഭിന്നമായിരുന്നെങ്കിലും മറ്റ് കാര്യങ്ങളിലെല്ലാം അതിന്റെ തന്നെ ഒരു ആവർത്തനമായിരുന്നു ബിജെപി. അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു ആദ്യത്തെ അധ്യക്ഷൻ. മൃദുഹിന്ദുത്വ ലൈൻ ആയിരുന്നു തുടക്കത്തിൽ ബിജെപി സ്വീകരിച്ചു പോന്നത്. ജനതാ പാർട്ടിയുടെ ലെഗസിയും അവർ അവകാശപ്പെട്ടുപോന്നിരുന്നു. എന്നാൽ 1984 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലഭിച്ചത് വെറും 2 സീറ്റുകൾ മാത്രമായിരുന്നു 229 സീറ്റുകളിൽ മത്സരിച്ചപ്പോഴായിരുന്നു ഇത്. അന്ന് കേരളത്തിൽ നിന്ന് കേരള കോൺഗ്രസിന് ലോക്‌സഭയിൽ രണ്ട് അംഗങ്ങൾ ഉണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. സഹതാപ തരംഗത്തിൽ അന്ന് റെക്കോർഡ് വിജയം ആയിരുന്നു കോൺഗ്രസ് നേടിയത്. ഈ തിരഞ്ഞെടുപ്പോടെ മൃദുഹിന്ദുത്വ ലൈനിൽ നിന്ന് ബിജെപി മാറി. എൽകെ അദ്വാനി ദേശീയ അധ്യക്ഷനായി. രാമജന്മഭൂമി വിഷയം പ്രധാന അജണ്ടയായി ബിജെപി മുന്നോട്ടുവയ്ക്കാൻ തുടങ്ങി. ഇതിന്റെ പ്രതിഫലം 1989 ലെ തിരഞ്ഞെടുപ്പിൽ ദൃശ്യമാവുകയും ചെയ്തു. 225 സീറ്റിൽ മത്സരിച്ച ബിജെപി 85 സീറ്റുകളിൽ വിജയിച്ചു.

എൽകെ അദ്വാനിയുടെ നേതൃത്വത്തിൽ അയോധ്യയിലേക്കുള്ള രഥയാത്രയ്ക്ക് തുടക്കമായി. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു ദശാസന്ധിയായി അതിനെ വിലയിരുത്താവുന്നതാണ്. വിപി സിങിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഫ്രണ്ട് സർക്കാരിനെ ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന കാലമാണത്. എന്നാൽ രഥയാത്രയ്‌ക്കെതിരെ കർശന നിലപാടെടുത്തത് ബിഹാറിലെ ലാലു പ്രസാദ് യാദവ് സർക്കാരും ഉത്തർ പ്രദേശിലെ മുലായം സിങ് യാദവ് സർക്കാരും ആയിരുന്നു. കർസേവകരെ അർദ്ധസൈനിക വിഭാഗം തടഞ്ഞത് വലിയ സംഘർഷത്തിന് വഴിവച്ചു. ഇത് ഒടുവിൽ ഉത്തർ പ്രദേശിൽ വലിയ വർഗ്ഗീയ കലാപത്തിനാണ് വഴിവച്ചത്. ഒടുവിൽ വിപി സിങ് സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. തുടർന്ന് 1991 ൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടന്നു.

1991 ലെ തിരഞ്ഞെടുപ്പിൽ 120 സീറ്റുകൾ നേടി ബിജെപി കരുത്ത് തെളിയിച്ചു. തൊട്ടടുത്ത വർഷം കർസേവകർ രഥയാത്രയുടെ അന്ത്യത്തിൽ എത്തി. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെട്ടു. ഇന്ത്യൻ മതേതരത്വത്തിന് ഏറ്റ, ഏറ്റവും വലിയ കളങ്കം എന്നാണ് പല ചരിത്രകാരൻമാരും രാഷ്ട്രീയ നിരീക്ഷകരും ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ബിജെപിയുടെ വളർച്ചയിൽ ഏറ്റവും നിർണായകമായി മാറിയതും ഇത് തന്നെ ആയിരുന്നു.

ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവം ബിജെപിയ്ക്കുണ്ടാക്കിയ നേട്ടം 1996 ലെ തിരഞ്ഞെടുപ്പിൽ ദൃശ്യമായി. 120 സീറ്റിൽ നിന്ന് ബിജെപിയുടെ ലോക്‌സഭയിലെ അംഗസംഖ്യ 161 ആയി. ചരിത്രത്തിൽ ആദ്യമായി ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ബിജെപി. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചെങ്കിലും 13 ദിവസം മാത്രമായിരുന്നു ആയുസ്സ്. ലോക്‌സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആകാത്തതിനെ തുടർന്ന് സർക്കാർ രാജിവച്ചു. 1998 ലെ തിരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ ശക്തിപ്പെടുകയും 182 സീറ്റുകൾ നേടുകയും ചെയ്തു. ആ ഘട്ടത്തിലാണ് ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി രൂപീകരിക്കുന്നതും വാജ്‌പേയി വീണ്ടും അധികാരത്തിൽ എത്തുന്നതും. പക്ഷേ, എഐഎഡിഎംകെ പിന്തുണ പിൻവലിച്ചതോടെ സർക്കാർ വീണ്ടും താഴെ വീണു.

1999 ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ ശക്തമായ ഒരു മുന്നണിയായി മാറി. മൊത്തം 303 സീറ്റുകൾ നേടി വാജ്‌പേയി വീണ്ടും അധികാരത്തിലെത്തി. ബിജെപി അന്ന് നേടിയത് 183 സീറ്റുകൾ ആയിരുന്നു. ആദ്യമായി അഞ്ച് വർഷം തികച്ച ബിജെപി സർക്കാർ ആയിരുന്നു. എൽകെ അദ്വാനി അന്ന് ഉപപ്രധാനമന്ത്രി പദവിയിൽ ഉണ്ടായിരുന്നു. 2004 ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരാനാകുമെന്നതായിരുന്നു ബിജെപിയുടെ പ്രതീക്ഷ. പക്ഷേ, അത് സാധ്യമായില്ല.

2004 ൽ ബിജെപിയുടെ ലോക്‌സഭയിലെ അംഗസംഖ്യ 138 ലേക്ക് ചുരുങ്ങി. ബംഗാരു ലക്ഷ്മണയ്ക്ക് എതിരെ ഉയർന്ന അഴിമതി ആരോപണവും 2002 ൽ നടന്ന ഗുജറാത്ത് കലാപവും ദേശീയ തലത്തിൽ ബിജെപിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരുന്നു. 2004 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ യുപിഎ സർക്കാർ അധികാരമേറ്റു. 2009 ൽ ബിജെപി വീണ്ടും അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. ബിജെപിയുടെ ലോക്‌സഭാ സീറ്റുകൾ 116 ലേക്ക് താണു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ബിജെപി ഏറ്റവും അധികം പ്രതിസന്ധി നേരിട്ട ഒരു കാലഘട്ടം കൂടിയായിരുന്നു ഇത്.

എന്നാൽ 2014 ലെ തിരഞ്ഞെടുപ്പിൽ രാജ്യം കണ്ടത് ബിജെപിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു. രണ്ടാം യുപിഎ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ആയിരുന്നു ഒരുപരിധിവരെ ബിജെപിയുടെ വൻ തിരിച്ചുവരവിന് സഹായകമായത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി സൃഷ്ടിച്ച പ്രതിച്ഛായ ആയിരുന്നു. മോദി തരംഗമായിരുന്നു 2014 ലെ തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷം കേവല ഭൂരിപക്ഷം നേടിയ ഒരു പാർട്ടിയായി ബിജെപി അന്ന് ചരിത്രത്തിൽ ഇടം നേടി.

വിവാദങ്ങളുടെ കാലമായിരുന്നു ഒന്നാം മോദി സർക്കാർ. നോട്ട് നിരോധനം അടക്കമുള്ളവ വലിയ പ്രത്യാഘാതങ്ങൾ ആണ് ഇന്ത്യൻ സമൂഹത്തിൽ സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും എന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒരു മുന്നേറ്റമുണ്ടാക്കുമെന്നും പലരും പ്രതീക്ഷിച്ചു. എന്നാൽ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറി. 1984 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പതിനൊന്ന് ഇരട്ടി സീറ്റുകൾ നേടിയിരുന്ന സിപിഎം 2019 ൽ ബിജെപി നേടിയ സീറ്റുകളുടെ 100 ൽ ഒന്നിലേക്ക് വീഴുകയും ചെയ്തു.
Recommended Video

ഇക്കാലത്തിനിടയിൽ രാജ്യത്തെ സംസ്ഥാന ഭരണങ്ങളിലും ബിജെപി പിടിമുറുക്കിയിരുന്നു. ഒരുകാലത്ത് രാജ്യം മുഴുവൻ അടക്കി ഭരിച്ചിരുന്ന കോൺഗ്രസിന്റെ ഭരണം വെറും മൂന്ന് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ, 18 സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനോ ഭരണത്തിന്റെ ഭാഗമാകാനോ ബിജെപിയ്ക്ക് സാധിച്ചു. രാജ്യത്തെ മൊത്തം 4,033 നിയമസഭാ സീറ്റുകളിൽ 1,365 സീറ്റുകളും ഇന്ന് ബിജെപിയ്ക്ക് സ്വന്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതം 33.8 ശതമാനവും 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം 37.5 ശതമാനവും ആണ്. പക്ഷേ, ഇക്കാലത്തിനിടയിൽ കേരളത്തിൽ ഒരു നിർണായക ശക്തിയാവാൻ കഴിഞ്ഞിട്ടില്ല എന്നത് ബിജെപിയുടെ വലിയ പരാജയങ്ങളിൽ ഒന്നാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ഒരു സീറ്റിൽ വിജയിക്കാൻ ആയെങ്കിലും 2021 ലെ തിരഞ്ഞെടുപ്പിൽ അതും നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണ് ബിജെപിയ്ക്ക് നേരിടേണ്ടി വന്നത്.












Click it and Unblock the Notifications