മഞ്ഞ് പുതച്ച ഡൽഹി മാത്രമല്ല; ആഗ്രയും ജയ്പൂരും കോർത്തിണക്കി ‘ഗോൾഡൻ ട്രയാംഗിൾ’, പാക്കേജ്
ഡൽഹി: ഉത്തരേന്ത്യൻ യാത്രയെന്ന് പറയുമ്പോൾ ആദ്യം മനസിൽ വരുന്ന കാഴ്ച താജ്മഹലിന്റേതായിരിക്കും. ആരേയും അത്ഭുതപ്പെടുത്തുന്ന, സപ്ത ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ കാണാൻ എന്നാലൊരു യാത്ര പോയാലോ? താജ്മഹൽ പോയാൽ പിന്നെ രാജ്യതലസ്ഥാനം കാണാതെ മടങ്ങുന്നതെങ്ങനെ അല്ലേ? ഇതിനൊപ്പം ജയ്പൂരും കാണാൻ അവസരമൊരുക്കുന്ന പാക്കേജാണ് ഐ ആർ സി ടി സി അവതരിപ്പിച്ചിരിക്കുന്നത്. മാർച്ച് 30 ന് കോഴിക്കോട് നിന്നാണ് യാത്ര ആരംഭിക്കുന്നത്.
രാത്രി 9.55 നാണ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടുക. 31 പുലർച്ചെ 1മണിയോടെ ദില്ലി എയർപോർട്ടിൽ വിമാനം ഇറങ്ങാം. പ്രഭാത ഭക്ഷണത്തിന് ശേഷം ചെങ്കോട്ട, രാജ്ഘട്ട്, ഇന്ത്യ ഗേറ്റ്, ഗാന്ധി മെമ്മോറിയൽ, ഇന്ദിരാഗാന്ധി മെമ്മോറിയൽ എന്നീ സ്ഥലങ്ങൾ കാണാം. വൈകീട്ടോടെ ഹോട്ടലിലേക്ക്. രണ്ടാം ദിനം രാവിലെ ലോട്ടസ് ടെമ്പിൾ, കുത്തബ് മിനാർ എന്നീ സ്ഥലങ്ങളാണ് കാണുക.

രണ്ടിന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം യാത്ര ജയ്പൂരിലേക്കാണ്. ജയ്പൂരിലെത്തിയാൽ ആദ്യ കാഴ്ച ആമ്പർ കോട്ടയാണ്. അടുത്ത ദിവസമാണ് ജയ്പൂരിലെ മനോഹര കാഴ്ചകളിൽ ഒന്നായ ഹവാ മഹൽ കാണാനായി പോകുക. അന്നേ ദിവസം ജന്തർ മന്ദർ, ആൽബേർട്ട് ഹാൾ മ്യൂസിയം എന്നിവയും പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്.
ജയ്പൂരിൽ നിന്ന് യാത്ര നേരേ ആഗ്രയിലേക്ക്. നാലാം തീയതി ആദ്യം പോകുക താജ് മഹലാണ്. സമയം അനുവദിച്ചാൽ ഫത്തേപൂർ സിക്രിയും കാണാൻ സാധിക്കും. പാക്കേജിലെ അവസാന ദിവസമായ ഏപ്രിൽ അഞ്ചിന് രാവിലെ ആഗ്ര കോട്ട കണ്ട് നേരെ എയർപോർട്ടിലേക്ക്. വൈകീട്ട് 5.20 നാണ് തിരിച്ച് ഡൽഹിയിലേക്ക് വിമാനം.
സിംഗിൾ ഒക്യുപെൻസിയിൽ ഒരാൾക്ക് 48050 രൂപയാണ് പാക്കേജ്. ഡബിൾ ഒക്യുപെൻസിക്ക് 36,100 രൂപയും ട്രിപ്പിൾ ഒക്യുപെൻസിക്ക് 34,300 രൂപയുമാണ് ചാർജ്. മൂന്ന് രാത്രി ഡെൽഹിയിൽ, രണ്ട് രാത്രി ജയ്പൂരിൽ ഒരു രാത്രി ആഗ്ര എന്നിങ്ങനെയാണ് യാത്രയിലെ രാത്രി താമസം ക്രമീകരിച്ചിരിക്കുന്നത്. ഇൻഡിഗോ എയർലൈന്‍സിൽ എക്കണോമി ക്ലാസ് യാത്ര,
എസി വാഹനത്തിൽ സ്ഥലങ്ങൾ കാണുവാനുള്ള യാത്ര, സെക്യൂരിറ്റി, ഐ ആർ സി ടി സി ടൂര്‍ മാനേജർമാരുടെ സൗകര്യം തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും.












Click it and Unblock the Notifications